Friday, December 2, 2011

സ്കൈപ്പ് സൈന്‍ ഇന്‍ സ്ക്രീനില്‍നിന്ന് യൂസര്‍ നെയിം നീക്കം ചെയ്യുന്നത് എങ്ങനെ?


ഇന്‍റര്‍നെറ്റിലൂടെ ശബ്ദ, ദൃശ്യ സംഭാഷണവും ചാറ്റിംഗും സൗജന്യമായി സാധ്യമാക്കുന്ന ജനപ്രിയ സോഫ്റ്റ്വേര്‍ ആപ്ലിക്കേഷനുകളിലൊന്നാണ് സ്കൈപ്. സ്കൈപ്പില്‍ ഒരു തവണ ലോഗ് ഇന്‍ ചെയ്താല്‍ യൂസര്‍ നെയിം(സ്കൈപ്പ് നെയിം) സ്ഥിരമായി സ്കൈപ്പ് സൈന്‍ ഇന്‍ സ്ക്രീനില്‍ നിലനില്‍ക്കുന്നത് പലപ്പോഴും അസൗകര്യമുണ്ടാക്കാറുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ചുവടെ.


1. സ്കൈപ്പ് തുറന്നിട്ടുണ്ടെങ്കില്‍ ക്ലോസ് ചെയ്യുക. 
2. സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയത് റണ്‍് സെലക്ട് ചെയ്യുക.
3. അപ്പോള്‍ തെളിയുന്ന ബോക്സില്‍  “%appdata%\Skype”  എന്ന് ടൈപ്പ് ചെയ്യുക. 
4. അപ്പോള്‍ തുറക്കുന്ന ഫോര്‍ഡറില്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ട യൂസര്‍ നെയിമിന്‍റെ പേരിലുള്ള ഫോള്‍ഡര്‍ ഡീലീറ്റ് ചെയ്യുക 
5. സ്കൈപ്പ് യൂസര്‍ നെയിമിന്‍റെ പേരിലുള്ള ഫോള്‍ഡര്‍ കാണുന്നില്ലെങ്കില്‍ ഒളിഞ്ഞുകിടക്കുന്ന ഫോള്‍ഡറുകള്‍ തെളിയുന്നതനായി CTRL + H അമര്‍ത്തുക. 
ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്തുകഴിഞ്ഞാല്‍ സ്കൈപ്പില്‍നിന്ന് പ്രസ്തുത യൂസര്‍ നെയിം അപ്രത്യക്ഷമാകും. 


Monday, August 15, 2011

അഡോബി പേജ് മേക്കര്‍ 7.0 ഉപയോഗിക്കുന്നത് എങ്ങനെ?

 
ആദ്യത്തെ ഡെക്സ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ് വെയറുകളിലൊന്നാണ് പേജ് മേക്കര്‍. 1985ല്‍ അള്‍ഡസ് കോര്‍പ്പറേഷനാണ് പേജ്മേക്കര്‍ അവതരിപ്പിച്ചത്. അക്കാലത്ത് പുതിയതായിരുന്ന ആപ്പിള്‍ മക്കിന്‍റോഷ് കംപ്യൂട്ടറുകള്‍ക്കായി തയാറാക്കയ അന്നത്തെ പേജ് മേക്കര്‍ അല്‍ഡസ് പേജ്മേക്കര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 1987ല്‍ വിന്‍ഡോസ് 1.0യില്‍ പ്രവര്‍ത്തിക്കുന്ന പഴ്സണല്‍ കംപ്യൂട്ടറുകള്‍ക്കുവേണ്ടി പേജ് മേക്കര്‍ നവീകരിച്ചു. 

അച്ചടിക്കുന്നതിനും വെബ്ബില്‍ പ്രസിദ്ധീകരിക്കുന്നതിനുമായി പബ്ലിക്കേഷനുകള്‍ തയാറാക്കുന്നതിന് അഡോബി പേജ്മേക്കര്‍ ഉപയോഗിക്കുന്നു. പേജ്മേക്കറില്‍ തയാറാക്കുന്ന ഫയലുകള്‍ പോര്‍ട്ടബിള്‍ ഡോക്കുമെന്‍റ് ഫോര്‍മാറ്റിലേക്ക് (പി.ഡി.എഫ്) മാറ്റുവാനും സാധിക്കും. പേജ്മേക്കര്‍ വേര്‍ഷന്‍-7 2001ലാണ് പുറത്തിറക്കിയത്. പേജ്മേക്കര്‍ 7.0 ഉപയോഗിക്കുന്ന രീതി ചുവടെ.


1. അഡോബി പേജ് മേക്കര്‍ ആപ്ലിക്കേഷന്‍ തുറന്ന് മുകളില്‍ ഇടതുവശത്ത് ആദ്യം കാണുന്ന File എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് New തെരഞ്ഞെടുക്കുക. അപ്പോള്‍ തയാറാക്കേണ്ട പേജിന്‍റെ വിശദാംശങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ബോക്സ് തെളിയും.

2. ഈ ബോക്സില്‍ പേജ് സൈസ്, ഓറിയന്‍റേഷന്‍, മാര്‍ജിനുകള്‍, ആവശ്യമുള്ള പേജുകള്‍ തുടങ്ങിയ കാര്യങ്ങള്‍ തെരഞ്ഞെടുക്കാം. ഒരു സാധാരണ പേജാണ് തയാറാക്കേണ്ടതെങ്കില്‍ Page Size നുനേരെ കാണുന്ന ബോക്സില്‍നിന്ന് Letter എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

3. പേജിന്‍റെ വിശദാംശങ്ങള്‍ നിര്‍ണയിച്ചതിനുശേഷം OK ക്ലിക്ക് ചെയ്താല്‍  പുതിയ പേജിലേക്ക് പോകാം.

4. പേജ് തെളിഞ്ഞാല്‍ അതിന്‍റെ മുകളില്‍ Layout ഓപ്ഷനിനല്‍ Column Guides ല്‍ ക്ലിക്ക് ചെയ്താല്‍ പേജില്‍ ആവശ്യമുള്ള കോളങ്ങള്‍ ഏത്രയെന്ന് നിര്‍ണയിക്കാം.

5.  പുതിയ പേജില്‍ മാറ്റര്‍ നേരിട്ട് അടിക്കാന്‍ Ctrl ബട്ടനും Tയും ഒന്നിച്ച് അമര്‍ത്തിയാല്‍ തെളിയുന്ന Character Specification ബോക്സില്‍നിന്നും ആവശ്യമുള്ള ഫോണ്ട്, സൈസ്, പൊസിഷന്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം. തുടര്‍ന്ന് മാറ്റര്‍ ടൈപ്പ് ചെയ്തു തുടങ്ങാം. ടൈപ്പ് ചെയ്യുന്ന മാറ്റര്‍ മൊത്തമായോ ഏതെങ്കിലും ഭാഗത്തിന്‍റെ മാത്രമായോ ഫോണ്ടും സൈസും നിറവും മാറ്റാവുന്നതാണ്.
6. മറ്റേതെങ്കിലും ഫയലുകളോ ചിത്രങ്ങളോ ഇംപോര്‍ട്ട് ചെയ്യുന്നതിന് File ഓപ്ഷനില്‍ പോയി Place സെലക്ട് ചെയ്താല്‍ മതിയാകും. വേര്‍ഡ് പ്രോസസിംഗ് പ്രോഗ്രാമുകളില്‍നിന്നാണ് പേജ് മേക്കറിലേക്ക് മാറ്റര്‍ സാധാരണയായി ഇംപോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുത്ത മാറ്റര്‍ ഇംപോര്‍ട്ടിന് തയാറായാല്‍ കര്‍സര്‍ ഒരു ചെറിയ ടെക്സ്റ്റ് ഡോക്കുമെന്‍റ് പോലെ കാണപ്പോടും. മൗസ് ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് ആവശ്യമുള്ള സ്ഥലത്ത് ചതുരാകൃതിയില്‍ വലിച്ചുവിട്ടാല്‍ മാറ്റര്‍ അവിടെ ഇടംപിടിക്കും. ചിത്രങ്ങളും ഏറെക്കുറെ സമാനരീതിയിലാണ് ഇംപോര്‍ട്ട് ചെയ്യുന്നത്.
7. ടൈപ്പ് ചെയ്തു തുടങ്ങുന്പോള്‍തന്നെ  Ctrl ബട്ടനും S ബട്ടനും ഒന്നിച്ചമര്‍ത്തി ഫയല്‍ സേവ് ചെയ്യുക. ടൈപ്പിംഗ് തുടരുന്നതിനിടെയും പൂര്‍ത്തയായശേഷവും ഇത് ആവര്‍ത്തിക്കുക. 

8. പേജ് മേക്കറില്‍ ടൈപ്പ് ചെയ്ത മാറ്ററിന്‍റെ ഒരു ഭാഗമോ മറ്റേതെങ്കിലും ഡോക്കുമെന്‍റിലുള്ള മാറ്ററോ കോപ്പി ചെയ്യാന്‍  ആവശ്യമുള്ള ഭാഗം മൗസ് ഉപയോഗിച്ച് തെരഞ്ഞെടുത്തശേഷം Ctrl ബട്ടനും C ബട്ടനും ഒന്നിച്ചമര്‍ത്തുക. കോപ്പി ചെയ്ത മാറ്റര്‍ പേസ്റ്റ് ചെയ്യേണ്ടിടത്ത് കര്‍സര്‍ എത്തിച്ചശേഷം Ctrl ബട്ടനും Vബട്ടനും ഒന്നിച്ചമര്‍ത്തുക. 

9. ടൈപ്പ് ചെയ്ത/ഡിസൈന്‍ ചെയ്ത പേജിന്‍റെ പ്രിന്‍റൗട്ട് എടുക്കാന്‍ File ക്ലിക്ക് ചെയ്ത് Print തെരഞ്ഞെടുക്കുകയോ Ctrl ബട്ടനും P ബട്ടനും ഒന്നിച്ച് അമര്‍ത്തുകയോ ചെയ്യുക.


Saturday, August 13, 2011

കഴുത്തില്‍ ടൈ കെട്ടുന്നത് എങ്ങനെ?

വസ്ത്രധാരണത്തില്‍ ഔപചാരികതയുടെ ഭാഗമായാണ്  കഴുത്തില്‍ ടൈ ധരിക്കുന്നത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള പുരുഷന്‍മാരാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഷര്‍ട്ടിന്‍റെ കോളര്‍ മടക്കിനുള്ളില്‍ ടൈ കെട്ടിയശേഷം കോളര്‍ മടക്കുന്പോള്‍ കെട്ട്(ടൈനോട്ട്) കോളര്‍ പോയിന്റുകള്‍ക്ക് നടുവിലായിരിക്കും.

ഔപചാരികതയില്ലാത്ത വസ്ത്രങ്ങങ്ങള്‍ക്കൊപ്പം ടൈ  കഴുത്തില്‍ അയച്ചുകെട്ടുന്നതും കോളര്‍ ബട്ടന്‍ ഇടാതെ ഉപയോഗിക്കുന്നതും ഇപ്പോള്‍ വ്യാപകമാണ്. വിപണിയില്‍ ലഭിക്കുന്ന ടൈകള്‍ എല്ലാം ഒരേ വലിപ്പത്തിലുള്ളതല്ല. 

 
കഴുത്തില്‍ ടൈ കെട്ടുന്നത് ഏറെ പ്രയാസമാണെന്ന് ധരിച്ചിരിക്കുന്നവര്‍ ഏറെയാണ്. പക്ഷെ, വളരെ അനായാസം ഇത് പഠിക്കാവുന്നതേയുള്ളു. ടൈ ധരിക്കുന്നതിനുള്ള പൊതുവായ രീതികളിലൊന്നാണ് ചുവടെ കൊടുത്തിരിക്കുന്നത്. കോളര്‍ ഉള്ള ഷര്‍ട്ടും മുഖം നോക്കുന്ന കണ്ണാടിയും കോളറുള്ള ഷര്‍ട്ടുമാണ് ഇതിനായി വേണ്ടത്.

1.  ഷര്‍ട്ടിന്റെ കോളര്‍ ബട്ടന്‍ ഇട്ടശേഷം കോളര്‍ ഉയര്‍ത്തുക.   ടൈയുടെ രണ്ടറ്റവും കഴുത്തിനു പിന്നിലൂടെ തോളുകളിലൂടെ മുന്നിലേക്ക് ഇടുക. വീതി കൂടിയ അറ്റം വീതി കുറഞ്ഞ അറ്റത്തേക്കാള്‍ ഇരട്ടിയോളം താഴെത്തിയിരിക്കണം. 

2. വീതികൂടിയ ഭാഗം എടുത്ത് കഴുത്തിന്‍റെ താഴെയായി വീതി കുറഞ്ഞ ഭാഗത്തിമേല്‍ രണ്ടു വട്ടം ചുറ്റുക. ഇങ്ങനെ ചെയ്യുമ്പോള്‍ വീതി കൂടിയ ഭാഗം ആദ്യം വീതി കുറഞ്ഞ ഭാഗത്തന്‍റെ മുകളിലൂടെയാണ് എടുക്കേണ്ടത്. 

3. വീതി കൂടിയ ഭാഗം വീതി കുറഞ്ഞ ഭാഗത്തിനുമേല്‍ ചുറ്റിക്കഴിയുമ്പോള്‍ ചുറ്റിയ ഭാഗത്തിനും കഴുത്തിനുമിടയില്‍ ടൈ ഇംഗ്ലീഷ് അക്ഷരമാലയിലെ വി എന്ന അക്ഷരത്തിന്റെ രൂപത്തിലായിട്ടുണ്ടാകും. വീതി കൂടിയ ഭാഗത്തിന്‍റെ അറ്റം ഈ വിയുടെ അടിയിലൂടെ മുന്നിലേക്ക് എടുക്കുക. 

4. വീതി കൂടിയ ഭാഗത്തിന്‍റെ അറ്റം നേരത്തെ ഇട്ട ചുറ്റുകളില്‍ രണ്ടാമത്തെ ചുറ്റിനിടിയിലൂടെ താഴേക്കെടുക്കുക. കെട്ട് മുറുകുന്നതുവരെ വീതി കൂടിയ ഭാഗവും വീതി കുറഞ്ഞ ഭാഗവും കെട്ടിനിടിയിലൂടെ താഴെക്ക് വലിക്കുക. 
5. വീതി കുറഞ്ഞ അറ്റത്ത് പിടിച്ചുകൊണ്ട് ടൈ കഴുത്തില്‍ മുറുക്കുക.

6. ഇപ്പോള്‍ വീതി കുറഞ്ഞ അറ്റം വീതി കൂടിയ അറ്റത്തേക്കാള്‍ താഴേക്ക് കിടക്കുകയാണെങ്കില്‍ ടൈ അഴിച്ച് നീളം ക്രമീകരിച്ച് വീണ്ടും കെട്ടുക. ഇത്തവണ വീതി കൂടിയ അറ്റം കഴിഞ്ഞ തവണത്തേക്കാള്‍ താഴ്ന്നു നില്‍ക്കുന്നു എന്ന് ഉറപ്പാക്കുക. 
7. ആദ്യം കെട്ടിയപ്പോള്‍ വീതി കൂടിയ അറ്റം ഏറെ താഴ്ന്നു നില്‍ക്കുകയായിരുന്നെങ്കില്‍ വീണ്ടും കെട്ടിത്തുടങ്ങുമ്പോള്‍ അത് മുന്‍പത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണെന്ന് ഉറപ്പാക്കുക.
 

8. കെട്ടിയ ടൈ ശരിയായ സ്ഥിതിയാലാണെന്ന് ഉറപ്പായാല്‍ കോളറിന്‍റെ ഉയര്‍ത്തിവച്ചിരിക്കുന്ന മുകള്‍ഭാഗം മടക്കുക.


Friday, August 12, 2011

ഐഡിയ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനില്‍ ബില്‍ തുക പരിശോധിക്കുന്നത് എങ്ങനെ?

വിവിധ മൊബൈല്‍ ഫോണ്‍ സര്‍വീസുകളില്‍ ബാലന്‍സ് പരിശോധിക്കുന്നതിനും ബില്‍ തുക അറിയുന്നതിനും വ്യത്യസ്തമായ കോഡുകളാണ് ഡയല്‍ ചെയ്യേണ്ടത്.ഐഡിയ സെല്ലുലാര്‍ സര്‍വീസിന്‍റെ പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവര്‍ക്ക് ബില്‍തുക മൊബൈല്‍ ഫോണിലൂടെ അറിയുന്നതിനുള്ള സംവിധാനമാണ് ചുവടെ പറയുന്നത്.


1. ഫോണില്‍ *147# ഡയല്‍ ചെയ്യുക.


2. അപ്പോള്‍ ബില്‍ ഫ്ളാഷ്, റീചാര്‍ജ് വിവരം തുടങ്ങി വിവിധ വിവരങ്ങള്‍ അക്ക ക്രമത്തില്‍ തെളിയും.


3.ബില്‍ അറിയുന്നതിന് 1 ഡയല്‍ ചെയ്യുക.അപ്പോള്‍ ബില്ല് ചെയ്യപ്പെട്ടില്ലാത്ത തുക. ഏറ്റവും ഒടുവില്‍ അടച്ച ബില്‍തുക, ബില്‍ അടയ്ക്കേണ് അവസാന തീയതി എന്നിവ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.



Thursday, August 11, 2011

പി.എസ്.സി മുഖേന ജോലി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ?

കേരള സര്‍ക്കാര്‍ സ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓരോ തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ഗസറ്റിലും പി.എസ്.സി ബുള്ളിനിലും ദിനപ്പത്രങ്ങളിലും മറ്റും വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതാണ്. വിജ്ഞാപനം വന്നശേഷം പി.എസ്.സിക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള അപേക്ഷ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.org മുഖേന മാത്രമേ  സമര്‍പ്പിക്കാനാകൂ. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ ചുവടെ. ഇവിടെ കൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1.ഏതെങ്കിലും തസ്തികയിലേക്കുള്ള/ തസ്തികകളിലേക്കുള്ള ഒഴിവ് നിയമനത്തിന്റെ ചുമതലയുള്ള ഓഫീസില്‍നിന്നും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്‌പോഴാണ് കമ്മീഷന്‍ ഈ തസ്തികയിലേക്ക്/തസ്തികകിളേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

2. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ധങ്ങളും കേരള ഗസറ്റിലെ ഒന്ന് ബി ഭാഗത്തിന്റെ രണ്ടാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന പൊതുവ്യവസ്ഥകളും പാലിക്കുന്നവര്‍ക്കുമാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യത ഉണ്ടായിരിക്കൂ.

 3. ഓരോ തസ്തികയിലേക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രായപരിധി ബന്ധപ്പെട്ട വിജ്ഞാപനത്തല്‍ വ്യക്തമാക്കിയിട്ടുണ്ടാകും. സാധാരണയായി പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വയസ്സിളവ് നല്‍കിവരുന്നു.

4.ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ച വര്‍ഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് അപേക്ഷകരുടെ പ്രായം കണക്കാക്കുന്നത്.

5.ഓരോ തസ്തികയിലേക്കും പരിഗണിക്കുന്നതിന് ഉണ്ടായിരിക്കേണ്ട യോഗ്യത അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുന്‍പ് അപേക്ഷകന് ഉണ്ടായിരിക്കണം.

6. ഒരേ വിജ്ഞാപനത്തില്‍ ഒരേ കാറ്റഗറി നന്പരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും ജില്ലാ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതുമായ തസ്തികയില്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അയോഗ്യരാക്കപ്പെടും. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ നന്പര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അത് നീക്കം ചെയ്യുന്നതും ഇവര്‍ ജോലിയില്‍ നിയമിക്കപ്പെട്ടാല്‍ നീക്കം ചെയ്യുന്നതുമാണ്.

7. അപേക്ഷാഫോറത്തില്‍ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

 8. അപേക്ഷ പൂരിപ്പിക്കുന്നതിനിടെ വെബ്‌സൈറ്റില്‍ ഫോര്‍വേര്‍ഡ് ബാക് വേര്‍ഡ് ബട്ടനുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
  

9. അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്യുന്ന അപേക്ഷകന്റെ ഫോട്ടോ ജെപിജി ഫോര്‍മാറ്റിലുള്ളതായിരിക്കണം. ഫോട്ടോയുടെ സൈസ് 30 കെബിയില്‍ കൂടാന്‍ പാടില്ല. ഫോട്ടോയ്ക്ക് 150പിക്‌സല്‍ വീതിയും 200 പിക്‌സല്‍ ഉയരവും ഉണ്ടായിരിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയുടെ താഴെ ഭാഗത്തായി ടൈപ്പ് ചെയ്ത് ചേര്‍ത്തിരിക്കണം.

 10. പൂരിപ്പിച്ച അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ കാണുന്‌പോള്‍ അതിലുള്ള ബാര്‍ കോഡ് ഭാവി ആവശ്യങ്ങള്‍ക്കായി കുറിച്ചുവയ്ക്കുക.


11. അപേക്ഷയോടൊപ്പം മറ്റു രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.

 12. ഓരോ അപേക്ഷകനും എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്കിന്റെ ക്രമത്തിലാണ് റാങ്ക് ലഭിക്കുക.  ഒന്നിലധികം അപേക്ഷകര്‍ ഒരേ മാര്‍ക്ക് നേടിയാല്‍ പ്രായക്കൂടുതലുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. പ്രായവും തുല്യമാണെങ്കില്‍  അവരുടെ പേരുകള്‍ അക്ഷരമാലാക്രമത്തിലായിരിക്കും റാങ്ക് ലിസ്റ്റില്‍ നല്‍കുക.
------------------------------------------------------------------------
വിവരങ്ങള്‍ക്ക് കടപ്പാട് : www.keralapsc.org

സാംസംഗ് എസ് 5230 മൊബൈല്‍ ഫോണില്‍ റിംഗ് ടോണ്‍ മാറ്റുന്നത് എങ്ങനെ?

വിവിധ ബ്രാന്‍ഡുകളിലുള്ള മൊബൈല്‍ ഫോണുകളില്‍ റിംഗ് ടോണ്‍ മാറ്റുന്നത് വിവിധ രീതികളിലാണ്. ഓരേ കന്പനിയുടെതന്നെ വ്യത്യസ്ഥ മോഡലുകളിലും ഇത് ഉള്‍പ്പെടെയുള്ള ഓപ്ഷനുകളില്‍ വ്യത്യാസം ഉണ്ടാകാം. സാംസംഗിന്‍റെ എസ് 5230 ടച്ച് സ്ക്രീന്‍ മോഡലില്‍ റിംഗ് ടോണ്‍ മാറ്റുന്നത് എങ്ങനെ എന്നാണ് ഇവിടെ പറയുന്നത്. 

1. നോര്‍മല്‍ സ്ക്രീനില്‍ മെനു തെരഞ്ഞെടുക്കുക.

2. സെറ്റിംഗ്സ് തെരഞ്ഞെടുക്കുക.

3. ഫോണ്‍ പ്രൊഫൈല്‍ തെരഞ്ഞെടുക്കുക.

4. നിലവിലെ(കറന്‍റ്) പ്രൊഫൈലിന്‍റെ വലതുഭാഗത്തുള്ള രണ്ട് ആരോമാര്‍ക്കുകളില്‍ തൊടുക.

5. കോള്‍ റിംഗ് ടോണ്‍ തെരഞ്ഞെടുക്കുക.

6. ഇഷ്ടമുള്ള റിംഗ്ടോണ്‍ തെരഞ്ഞെടുത്ത് സേവ് ചെയ്യുക.


Thursday, August 4, 2011

ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തില്‍ പരാതി സമര്‍പ്പിക്കുന്നത് എങ്ങനെ?

1986-ലെ ഉപഭോക്തൃ സംരക്ഷണ നിമയപ്രകാരം സാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ഉപഭോക്തൃ ഫോറത്തിലോ സംസ്ഥാന കമ്മീഷനിലോ നാഷണല്‍ കമ്മീഷനിലോ പരാതി നല്‍കാം. ഉപഭോക്താവ്, രിജ്സ്റ്റര്‍ ചെയ്ത സന്നദ്ധ ഉപഭോക്തൃ സംഘടനകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, സമാന താല്‍പര്യമുള്ള ഒന്നോ അതിലധികമോ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതിയുമായി ഫോറത്തെയോ കമ്മീഷനുകളെയോ സമീപിക്കാം.
പ്രതിഫലം നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയോ വാങ്ങുന്നതിന് കരാര്‍ ഉണ്ടാക്കുകയോ സേവനം സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് ഉപഭോക്താക്കളായി പരിഗണിക്കപ്പെടുന്നത്. പ്രസ്തുത ഉപഭോക്താവിന്‍റെ സമ്മതത്തോടെ ഇത്തരം സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഗുണഭോക്താവാകുന്നവരും ഈ ഗണത്തില്‍ വരും. എന്നാല്‍ വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടിയോ വില്‍പ്പനയ്ക്കായോ സാധനസാമഗ്രികള്‍ വാങ്ങുകയോ സേവനം കൈപ്പറ്റുകയോ ചെയ്യുന്നയാള്‍ ഉപഭോക്താവല്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തങ്ങളുടെ ഉപജീവനത്തിനായി വാങ്ങുന്ന സാധനങ്ങളും സ്വീകരിക്കുന്ന സേവനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും.
ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. പണണ്‍ നല്‍കിയ വാങ്ങിയ സാധനസാമഗ്രികള്‍ക്കോ സേവനങ്ങള്‍ക്കോ ന്യൂനതകളുണ്ടെങ്കില്‍/കച്ചവടത്തിലെ ക്രമക്കേടുമൂലം കഷ്ടനഷ്ടങ്ങളുണ്ടായാല്‍/ ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തയിരിക്കുന്ന, നിശ്ചയിക്കപ്പെട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍/ പരസ്യപ്പെടുത്തയിരിക്കുന്ന മേന്മ വാങ്ങി ഉപയോഗിക്കുന്പോള്‍ ഉത്പന്നത്തിന് ഇല്ലെങ്കില്‍ പരാതി നല്‍കാം.

2. സാധനത്തിന്‍റെ വില/ സേവനത്തിന്‍റെ മൂല്യം, നഷ്ടപരിഹാരം എന്നിവയുള്‍പ്പെടെ ആകെ ആവശ്യപ്പെടുന്ന തുക 20 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ ജില്ലാ ഉപഭോക്തൃഫോറത്തിലും 20 ലക്ഷം രൂപമുതല്‍ ഒരു കോടി രൂപ വരെയാണെങ്കില്‍ സംസ്ഥാന കമ്മീഷനിലും ഒരു കോടി രൂപയില്‍ അധികമാണെങ്കില്‍ ദേശീയ കമ്മീഷനിലുമാണ് പരാതി നല്‍കേണ്ടത്.

3.പരാതിക്ക് അടിസ്ഥാനമായ ഇടപാട് പൂര്‍ണമായോ ഭാഗീകമായോ നടന്ന ജില്ലയിലെയോ, എതിര്‍കക്ഷികള്‍/ഏതെങ്കിലും ഒരു എതിര്‍ കക്ഷഇ താമസിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ജില്ലയിലെയോ ഫോറത്തിലാണ് പരാതി നല്‍കേണ്ടത്.

4. പരാതിക്കാരന്‍റെ പേര്, വയസ്, പൂര്‍ണ മേല്‍വിലാസം, എതിര്‍ കക്ഷിയുടെ/ കക്ഷികളുടെ പേര്, പൂര്‍ണ മേല്‍വിലാസം, പരാതിക്ക് അടിസ്ഥാനമായ വിവരങ്ങളുടെ കൃത്യവും സംക്ഷിപ്തവുമായ വിവരങ്ങള്‍, ആവശ്യപ്പെടുന്ന പരിഹാര മാര്‍ഗങ്ങള്‍, പരാതിക്കാരന്‍റെ ഒപ്പ് പരാതിയില്‍ പറയുന്ന ഇടപാടിന്‍റെ രേഖ, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുള്‍പ്പെടെയാണ് പരാതി നല്‍കേണ്ടത്. ഇടപാടു നടന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പരാതി സമര്‍പ്പിച്ചാല്‍ മതിയാകും.

5. പരാതി നല്‍കുന്നതിന് നിശ്ചിത ഫീസുണ്ട്. സാധനത്തിന്‍റെ വില, സേവനത്തിന്‍റെ മൂല്യം, ആവശ്യപ്പെടുന്ന നഷ്ടപരിഹാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരു ലക്ഷം രൂപവരെ നൂറു രൂപ,ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ ഇരുന്നൂറു രുപ, അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷംവരെ നാനൂറു രൂപ, പത്തുലക്ഷം മുതല്‍ ഇരുപതു ലക്ഷംവരെ അഞ്ഞൂറു രൂപ,  ഇരുപതു ലക്ഷം മുതല്‍ അന്‍പതു ലക്ഷംവരെ രണ്ടായിരം രൂപ, അന്‍പതു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ നാലായിരം രൂപ, ഒരു കോടി രൂപയ്ക്കു മുകളില്‍ അയ്യായിരം രൂപ എന്നിങ്ങനെയാണ് പരാതിയുടെ ഫീസ് നിരക്ക് . ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അന്ത്യോദയ, അന്നയോജന കാര്‍ഡ് ഉഠമകളെ  ഒരു ലക്ഷം രൂപവരെയുള്ള കേസുകളില്‍ഫീസ് അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

6. ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്ന് President, Consumer Disputes Redressal Forum എന്ന പേരില്‍ എടുത്തതും ജില്ലയില്‍ മാറവുന്നതുമായ ക്രോസ് ചെയ്ത ഡിമാന്‍റ് ഡ്രാഫ്റ്റായോ പോസ്റ്റര്‍ ഓര്‍ഡറായോ ആണ് അപേക്ഷാ ഫീസ് നല്‍കേണ്ടത്.

7. പരാതിയുടെ മൂന്നു പകര്‍പ്പുകളാണ് സമര്‍പ്പിക്കേണ്ടത്. എതിര്‍ കക്ഷികള്‍ ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ അതനുസരിച്ച് കൂടുതല്‍ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്

 8. സാധനത്തിന്‍റെ ന്യൂനത/ സേവനത്തിലെ വീഴ്ച്ച പരിഹരിക്കാന്‍ ആവശ്യപ്പെടുക, ന്യൂനതയുള്ള സാധനം മാറ്റി പകരം നല്‍കാന്‍ ആവശ്യപ്പെടുക, വില തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുക/ നഷ്ടപരിഹാരം അനുവദിക്കുക, കേസിന്‍റെ ചെലവ് അനുവദിക്കുക എന്നിവയാണ് ഉപഭോക്തൃഫോറം വഴി പരാതിക്കാരന് ലഭിക്കാവുന്ന പരിഹാരങ്ങള്‍.

9. ജില്ലാ ഉപഭോക്തൃഫോറങ്ങളുടെ വിധിക്കെതിരെ സംസ്ഥാന കമ്മീഷനിലും സംസ്ഥാന കമ്മീഷന്‍റെ വിധിക്കെതിരെ ദേശീയ കമ്മീഷനിലും ദേശീയ കമ്മീഷന്‍റെ വിധിക്കെതിരെ സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കാം. വിധിവന്ന് മുപ്പതു ദിവസത്തനുള്ളില്‍ അപ്പില്‍ സമര്‍പ്പിക്കണം

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls