Showing posts with label മതം / Religion. Show all posts
Showing posts with label മതം / Religion. Show all posts

Thursday, April 1, 2010

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(2)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. സീറോമലബാര്‍ സഭയില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി അതിരൂപതയിലെ വീടുകളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി, ഉഴുന്ന്‌ ,തേങ്ങാപ്പാല്‍,വെളുത്തുള്ളി, വലിയ ജീരകം , ഉപ്പ്‌.

1.പെസഹാവ്യാഴാഴ്ച്ച  രാവിലെ ഉഴുന്നും പച്ചരിയും ഒന്നിച്ച് വെള്ളത്തിലിടുക

2.ഉച്ചയോടെ ഇത് എടുത്ത് മിക്സിയിലോ ആട്ടുകല്ലിലോ അരച്ചെടുക്കുക.

3വൈകുന്നേരം അഞ്ചു മണിയോടെ ജീരകവും വെളുത്തുള്ളിയും തേങ്ങയും ചേര്‍ത്തരയ്ക്കുക.

4.ഈ മിശ്രിതം നേരത്തെ തയാറാക്കിവച്ചിരിക്കുന്ന പച്ചരിയും ഉഴുന്നും ചേര്‍ന്ന മിശ്രിതത്തില്‍ ചേര്‍ക്കുക.

5.ഒരു മണിക്കൂറിനുശേഷം ഈ മാവ് എടുത്ത് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ ഒഴിച്ച് അടച്ചു വേവിക്കുക.


6. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പാലും പഴവും
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര, തേങ്ങാപ്പാല്‍, അരിപ്പൊടി, ജീരകം, പഴം.


1.തേങ്ങ ആട്ടിയെടുത്ത് ഒന്നാം പാല്‍ മാറ്റിവയ്ക്കുക.

2. രണ്ടാം പാല്‍ അടുപ്പില്‍വച്ച് തിളപ്പിക്കുക. തിളയ്ക്കുന്പോള്‍ അരിപ്പൊടി കലക്കിയൊഴിക്കുക.

3. ഈ മിശ്രിതം കൊഴുക്കുന്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ഇതിലേക്ക് ചേര്‍ക്കുക.

4. തുടര്‍ന്ന് ചെറുപഴം വട്ടത്തില്‍ അരിഞ്ഞിടുക.

5. ജീരകം പൊടിച്ചു ചേര്‍ത്ത് തിളച്ചശേഷം അടുപ്പില്‍നിന്നിറക്കി ഉപയോഗിക്കാം.

Monday, March 29, 2010

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(1)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. എറണാകുളം ജില്ലയിലെ ലത്തീന്‍ കത്തോലിക്കാ ഭവനങ്ങളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍(നാലംഗ കുടുംബത്തിനു വേണ്ടത്‌)
അരിപ്പൊടി-അരക്കിലോ (നന്നായി അരിച്ചെടുത്തത്‌)
ഉഴുന്ന്‌ - 75 ഗ്രാം,
തേങ്ങാപ്പാല്‍-ഒരു മുറിയുടെ പകുതി രണ്ടര ഗ്ലാസ്‌
വെളുത്തുള്ളി-3 അല്ലി
വലിയ ജീരകം - ഒരു നുള്ള്‌
ഉപ്പ്‌ -പാകത്തിന്‌

1. ഉഴുന്ന്‌ തലേന്നുരാത്രി വെള്ളത്തിലിട്ട്‌ കുതിര്‍ത്തത്‌ വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത്‌ അരകല്ലിലോ മിക്‌സിയിലോ അരച്ചെടുക്കുക.


2. ഈ മിശ്രിതം അരിപ്പൊടിയുമായി ചേര്‍ത്ത്‌ ആദ്യം തേങ്ങയുടെ രണ്ടാംപാല്‍, തുടര്‍ന്ന്‌ ഒന്നാം പാല്‍ എന്ന ക്രമത്തില്‍ ചേര്‍ക്കുക.
3.മിശ്രിതത്തില്‍ പാകത്തിന്‌ ഉപ്പു ചേര്‍ത്ത്‌ കുഴച്ചെടുത്ത്‌ മാവു പരുവത്തിലാക്കുക.

4.അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ മാവൊഴിച്ച്‌ അടച്ചു വേവിക്കുക.

5. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പെസഹാപ്പാല്‌
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര-കാല്‍ കിലോ
ഏലക്കായ- നാലെണ്ണം(പൊടിച്ചത്‌)
തേങ്ങാപ്പാല്‍-ഒരു മുറിയുടെ പകുതി
മൈദ-50 ഗ്രാം, ചെറിയ ജീരകം -ഒരു നുള്ള്‌


1.കാല്‍ ഗ്ലാസ്‌ വെള്ളം ചേര്‍ത്ത്‌ ശര്‍ക്ക ഉരുക്കി അരിച്ചെടുക്കുക. അതിലേക്ക്‌ തേങ്ങാപ്പാല്‍ ഒഴിക്കുക.


2. ഈ മിശ്രിതത്തില്‍ ഏലക്കായ, ജീരകം ഇവ പൊടിച്ചുചേര്‍ത്ത്‌ ഇളക്കുക.


3. തുടര്‍ന്ന്‌ ഇതില്‍ മൈദയും ചേര്‍ത്ത്‌ ചൂടാക്കുക. ഇത്‌ തിളയ്‌ക്കുന്നതോടെ ശര്‍ക്കര പാനി തയാറായിക്കഴിഞ്ഞു.

Friday, March 12, 2010

സീറോമലബാര്‍ കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബാനയെ വീടുകളില്‍ സ്വീകരിക്കേണ്ടത് എങ്ങനെ?

രോഗികള്‍, വൃദ്ധര്‍ തുടങ്ങി വീടുകളില്‍നിന്ന്‌ പുറത്തിറങ്ങാനാവാത്തവര്‍ മാസത്തില്‍ ഒരിക്കലെങ്കിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് സീറോമലബാര്‍ കത്തോലിക്കാ സഭ നിര്‍ദേശിക്കുന്നു. അതിനുവേണ്ട ക്രമീകരണങ്ങള്‍:

1. കുമ്പസാരിച്ച്‌ കുര്‍ബാന സ്വീകരിക്കേണ്ടതിന്‌ ഒരു ദിവസം മുമ്പേ വൈദികരെ അറിയിക്കുക.

2. വീട്‌ കൃത്യമായി പറഞ്ഞുകൊടുക്കുക.


3. വീട്‌ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുക

4. കുര്‍ബാന സ്വീകരിക്കുന്നയാള്‍ ആത്മീയവും ശാരീരികവുമായി ഒരുങ്ങുക


5. കുര്‍ബാന സ്വീകരിക്കുന്നയാള്‍ കിടക്കുന്ന മുറിയില്‍ ഒരു മേശയില്‍ വെള്ളത്തുണി വിരിച്ച്‌അതില്‍ യേശുവിന്റെ രൂപം, ബൈബിള്‍, കത്തിച്ച തിരി എന്നിവ ക്രമീകരിക്കുക.


6.മേശയില്‍ പൂക്കള്‍ വിതറുന്നത്‌ നന്ന്.


7.കുര്‍ബാന വീട്ടിലെത്തുമ്പോള്‍എല്ലാവരും വീടിന്‌ പുറത്തുവന്ന്‌ പരിശുദ്ധ കുര്‍ബാനയെ കുമ്പിട്ട്‌ വണങ്ങി ഭക്തിയോടെ വീട്ടിലേക്ക്‌ സ്വീകരിക്കുക.


8. കുമ്പസാരം നടത്തേണ്ടതുണ്ടെങ്കില്‍ അതിന്‌ സൗകര്യം ഏര്‍പ്പെടുത്തുക.


9.രോഗിയോ വാര്‍ധ്യക്യം ബാധിച്ചയാളോ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും മുറിയില്‍ ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്.


10കുര്‍ബാന സ്വീകരിക്കുന്നയാള്‍ക്ക്‌ അതിനുശേഷം കുടിക്കുവാന്‍ വെള്ളം കരുതുന്നത്‌ അഭികാമ്യം.
----------------------------
*തയാറാക്കിയത്-ഫാ. ജെയിംസ് പഴയമഠം

Wednesday, March 3, 2010

സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍ മാമ്മോദീസ പരികര്‍മം ചെയ്യുന്നത് എങ്ങനെ?

മാമ്മോദീസ തൊട്ടിയില്‍ വിശുദ്ധ ജലത്താല്‍ വീണ്ടും ജനിച്ചാണ്‌ ഏതൊരു വ്യക്തിയും കത്തോലിക്കാസഭയില്‍ അംഗമാകന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തീയ പാരമ്പര്യമനുസരിച്ച്‌ കുഞ്ഞ്‌ ജനിച്ച്‌ എട്ടാം ദിവസമാണ്‌ മാമ്മോദീസ നല്‍കിയിരുന്നത്‌. അന്നേ ദിവസം കുട്ടിയുടെ പേരിടീല്‍ കര്‍മവും നടത്തിയിരുന്നു. വിശുദ്ധരുടെ പേരുകളാണ്‌ ഇതിനായി പരിഗണിച്ചിരുന്നത്‌. കുടുംബപാരമ്പര്യം നിലനിര്‍ത്തുവാനായി വല്യപ്പന്റെയോ വല്യമ്മയുടെയോ പേരാണ്‌ സാധാരണയായി നല്‍കിയിരുന്നത്‌. 
ഈ മഹനീയകര്‍മത്തില്‍ വിശ്വാസികളുടെ സജീവ പങ്കാളിത്തം അഭികാമ്യമാണെന്നും അതുകൊണ്ടുതന്നെ കഴിവതും ആഘോഷപൂര്‍വമായിത്തന്നെ പരികര്‍മ്മം ചെയ്യാന്‍ ശ്രമിക്കണമെന്നും സീറോമലബാര്‍ സഭ നിര്‍ദേശിക്കുന്നു. മാമ്മോദീസക്കായി ഒരുങ്ങുന്നതും അത് പരികര്‍മം ചെയ്യുന്നതും എങ്ങനെയെന്ന് ചുവടെ ചേര്‍ത്തിരിക്കുന്നു.

1. തീയതിയും സമയവും കാര്‍മികനെയും വികാരിയുമായി ആലോചിച്ച്‌ തീരുമാനിക്കുക.

2. കത്തോലിക്കാ വിശ്വാസജീവതം നയിക്കുന്നവരെ മാത്രമേ തലതൊട്ടപ്പനായും തലതൊട്ടമ്മയായും നിശ്ചയിക്കാവൂ.

3. അപേക്ഷാഫോറം പൂരിപ്പിച്ച്‌ കര്‍മം നടക്കുന്ന പള്ളിവികാരിയെ ഏല്‍പ്പിക്കുക.

4. കുഞ്ഞിന്‌ നല്‍കേണ്ട പേര്‌ നിശ്ചയിക്കുക.

5. കപ്യാരെയും മറ്റ്‌ ബന്ധപ്പെട്ടവരെയും വിവരം അറിയിക്കുക.

6. തലതൊട്ടപ്പനും തലതൊട്ടമ്മയും അവരുടെ ഇടവക വികാരിയുടെ സാക്ഷിപത്രം ഹാജരാക്കണം

7. കുഞ്ഞിനുള്ള ഉടുപ്പ്‌, തല തുടയ്‌ക്കുന്നതിനുള്ള തുണി, മുടി, തിരി തുടങ്ങിയവ കരുതുക.

8. പരികര്‍മ്മം ചെയ്യുമ്പോള്‍ എല്ലാവരും ഭക്തിപൂര്‍വ്വം സംബന്ധിക്കുക.

9. കുഞ്ഞിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ഈ സമയത്ത്‌ മറ്റ്‌ കാര്യങ്ങള്‍ക്ക്‌ പോകാതിരിക്കുക.

10. അവര്‍ കുമ്പസ്സാരിച്ച്‌ കുര്‍ബാന സ്വീകരിക്കുവാന്‍ ശ്രദ്ധിക്കുക.

11. പരിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ തൊട്ടടുത്ത ദിവസം കുട്ടിക്ക്‌ കുര്‍ബാന നല്‍കാന്‍ ശ്രമിക്കുക.

12. കൂദാശാസ്വീകരണത്തിനുശേഷംമാമ്മാദീസാ രേഖയില്‍ വിവരങ്ങള്‍ കൃത്യമായി എഴുതുക.

13. കുട്ടിയുടെ ഇടവക വേറെയാണെങ്കില്‍ മാമ്മോദീസ നടത്തിയ ഇടവകയില്‍നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി സ്വന്തം ഇടവക രേഖയില്‍ ചേര്‍ക്കുക.

14. പരിശുദ്ധ കുര്‍ബാന ഉണ്ടെങ്കില്‍ കുര്‍ബാന ചൊല്ലുന്ന വൈദികന്‌ കുര്‍ബാന ധര്‍മ്മം കൊടുക്കുക

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls