Thursday, March 4, 2010

സ്‌കൂള്‍, കോളേജ്‌തല ഡിബേറ്റ്‌ മത്സരത്തിന്‌ മാര്‍ക്കിടുന്നത്‌ എങ്ങനെ?

ഒരു പ്രത്യേക വിഷയത്തിന്റമേലുള്ള ചര്‍ച്ചയാണ്‌ ഡിബേറ്റ്‌ എന്ന്‌ അറിയപ്പെടുന്നത്‌. സ്‌കൂള്‍, കോളേജ്‌ തലങ്ങളിലുള്ള മത്സരങ്ങളില്‍ പൊതുവേ ഒരു ടീമില്‍ രണ്ടു പേരാണ്‌ ഉണ്ടാകുക. ആദ്യത്തെ ആള്‍ അനുകൂലിച്ചും രണ്ടാമത്തെ ആള്‍ എതിര്‍ത്തും സംസാരിക്കുന്നു. രണ്ടു പേരുടെയും മികവാണ്‌ ടീമിന്റെ ജയസാധ്യത നിര്‍ണയിക്കുന്നത്‌. ഡിബേറ്റ്‌ മത്സരം വിലയിരുത്തുമ്പോള്‍ ഇനിപ്പറയുന്ന കാര്യങ്ങളാണ്‌ പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌.

 

1. വിഷയത്തിലുള്ള അറിവ്‌ : പൊതുവെ ആകെ മാര്‍ക്ക്‌ 100 ആയിരിക്കും. ഇതില്‍ 50 മാര്‍ക്ക്‌ ടീമംഗങ്ങള്‍ക്ക്‌ വിഷയത്തിലുള്ള അറിവിനായി നീക്കിവെച്ചിരിക്കുന്നു. വിഷയത്തെ ആഴത്തില്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ലെങ്കിലും അവതരണരീതിയെ കൃത്യമായി വിലയിരുത്തിയാല്‍ പ്രസംഗകരുടെ അറിവ്‌ വ്യക്തമാകും. അനുകൂലിക്കുന്നയാള്‍ പറയുന്ന പോയിന്റുകള്‍ എണ്ണിയെണ്ണി അതേ നാണയത്തില്‍ ഖണ്ഡിക്കാന്‍ എതിര്‍ക്കുന്നയാള്‍ക്ക്‌ കഴിയണം.

2. അവതരണ മികവ്‌ : വിഷയം എത്രമാത്രം ആകര്‍ഷകവും കൃത്യവുമായി കൈകാര്യം ചെയ്‌തിരിക്കുന്നു എന്നതാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. അവതരണ മികവിന്‌ ആകെ മാര്‍ക്ക്‌ 10 ആണ്‌.

3. സദസ്യരെ ആര്‍ഷിക്കുന്നതിലുള്ള മികവ്‌ : വെറുതെ വിഷയം പറഞ്ഞുപോകുന്നതിലുപരിയായി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരെ വിഷയത്തിലേക്ക്‌ അടുപ്പിക്കുകയും ചെയ്യുന്നതില്‍ ടീമംഗങ്ങള്‍ എത്രമാത്രം വിജയിച്ചിരിക്കുന്നു എന്നതാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. ഈ വിഭാഗത്തിലും ആകെ മാര്‍ക്ക്‌ 10 ആണ്‌.


4. ഭാഷാമികവ്‌ : മത്സരം ഏതു ഭാഷയിലാണെങ്കിലും ആ ഭാഷയോട്‌ മത്സരാര്‍ത്ഥികള്‍ എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നതാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. അക്ഷരസ്‌ഫുടത, ഉച്ചാരണ ശുദ്ധി, കവിതകളും മറ്റ് ഉദ്ധരികളും തെറ്റില്ലാതെ പരാമര്‍ശിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ഇവിടെ പരിഗണിക്കുന്നത്‌. ഈ വിഭാഗത്തിന്‌ 20 മാര്‍ക്ക്‌.


5. സമയപരിധി: ഡിബേറ്റിന്‌ ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ വിഷയം അവതരിപ്പിച്ചു തീര്‍ക്കുന്നതിന്‌ 10 മാര്‍ക്ക്‌. സമയം കഴിഞ്ഞും പ്രസംഗം തുടരുന്നതിനും മുന്നറിയിപ്പ്‌ ബെല്‍ കേട്ടത്തിനുശേഷം പെട്ടെന്ന്‌ പ്രസംഗം അവസാനിപ്പിക്കുന്നതിനുമൊക്കെ മാര്‍ക്ക് കുറയ്‌ക്കാം.


6. ആകെ. മേല്‍പ്പറഞ്ഞ ഓരോ വിഭാഗത്തിലും അംഗങ്ങള്‍ക്കു ലഭിച്ച മാര്‍ക്കുകള്‍ കൂട്ടുന്നതായിരിക്കും ടീമിന്റെ ആകെ മാര്‍ക്ക്‌. ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ച പ്രസംഗകനെ മികച്ച ഡിബേറ്ററായി തെരഞ്ഞെടുക്കാം.

ഗ്രാമപഞ്ചായത്തില്‍ ഹിന്ദു വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങന?

ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

 
1.ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.


2. വെള്ളക്കടലാസില്‍ എഴുതിത്തയാറാക്കിയ അപേക്ഷയില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പ് ഒട്ടിക്കണം.


3. പൂരിപ്പിച്ച നിര്‍ദിഷ്ട ഫോറത്തിലുള്ള വിവാഹ റിപ്പോര്‍ട്ട്, വയസു തെളിയിക്കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നതിന്‍റെ തെളിവായി സമൂദായത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇതോടൊപ്പം ഹാജരാക്കണം.


4. വധൂവരന്‍മാരും രണ്ടു സാക്ഷികളും നേരിട്ട് ഹാജരാകണം


5. പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹങ്ങള്‍ മാത്രമേ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.


6. രജിസ്ട്രേഷന്‍ വൈകിയാല്‍ പിഴ ഈടാക്കുന്നതല്ല.


7. അപേക്ഷ നല്‍കുന്ന ദിവസം തന്നെ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

ഗ്രാമപഞ്ചായത്തില്‍നിന്ന് തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെ?

തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിനും ജനന രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. മറ്റു വിശദാംശങ്ങള്‍ ചുവടെ.



1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പൊട്ടിച്ച അപേക്ഷക്കൊപ്പം സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും ഹാജരാക്കണം.

2. ജനനത്തീയതി, ജനനക്രമം, കുട്ടി ആണോ പെണ്ണോ, ജനനസ്ഥലം, മാതാപിതാക്കളുടെ പേരും വിലാസവും എന്നിവ കാണിച്ചിരിക്കണം.


3. റേഷന്‍ കാര്‍ഡിന്‍റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെയും കോപ്പി ഹാജരാക്കണം.


4. അപേക്ഷക്കൊപ്പം ചട്ടപ്രകാരം അനുശാസിക്കുന്ന ഫീസ് നല്‍കണം.


5. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

മീന്‍കറി (കുടംപുളിയിട്ടത്) തയാറാക്കുന്നത് എങ്ങനെ?

മീന്‍കറി പല രീതിയില്‍ തയാറാക്കാവുന്നതാണ്. മീനിന്‍റെയും ചേരുവകളുടെയും പാചകരീതിയുടെയും വ്യത്യാസമനുസരിച്ച് രൂചിയിലും വ്യത്യാസമുണ്ടാകും. കോട്ടയം മേഖലയില്‍ ഏറെ പ്രചാരമുള്ള കുടുംപുളിയിട്ട മീന്‍കറി തയാറാക്കുന്ന രീതിയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.


ആവശ്യമുള്ള സാധനങ്ങള്‍
മീന്‍-ഒരു കിലോ(കഷ്ണങ്ങളാക്കിയത്)
ഇഞ്ചി ചെറുതായി അരിഞ്ഞത്- രണ്ടു സ്പൂണ്‍
മുളകുപൊടി-ആവശ്യത്തിന്
വെളുത്തുള്ളി-അഞ്ച് അല്ലി (രണ്ടായി മുറിച്ചത്)
കുടുംപുളി-അഞ്ചു കഷ്ണം(കഴുകിയത്)
കറിവേപ്പില-ഒരു തണ്ട്
ഉപ്പ്- ഒരു സ്പൂണ്‍
കടുക്-അര ടീ സ്പൂണ്‍.



പാചകരീതി


1. അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും വെളിച്ചെണ്ണയില്‍ വറുക്കുക.

2. അല്‍പ്പം വെളിച്ചെണ്ണകൂടി ചേര്‍ത്ത് അതില്‍ കടുകിട്ട് പൊട്ടിക്കുക.

3. മുളകുപൊടി ചേര്‍ത്ത് വഴറ്റുക


4.കടും ചുവപ്പ് മാറുന്പോള്‍ ഉപ്പും പുളിയും ചേര്‍ക്കുക.


5. തിളയ്ക്കുന്പോള്‍ അതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ഇടുക. ആവശ്യമെങ്കില്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.


6. കറിവേപ്പില ഇട്ടശേഷം അല്‍പ്പം വെളിച്ചെണ്ണകൂടി ഒഴിക്കുക.


7. മീന്‍ തിളച്ചുവറ്റിയാല്‍ കറി തയാര്‍


8. ആവശ്യമെങ്കില്‍ കൂടുതല്‍ പുളി ചേര്‍ക്കാം.
---------------------------------------------------
തയാറാക്കിയത് -മേരിക്കുട്ടി ജോസഫ്

ഗ്രാമപഞ്ചായത്തില്‍ പൊതുവിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ?


ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന പൊതു വിവാഹങ്ങള്‍ 45 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. വിശദാംശങ്ങള്‍ ചുവടെ.

1. പ്രായം തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി. ബുക്ക്/പാസ്പോര്‍ട്ട്/സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതിന്‍റെയെങ്കിലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.


2.മേല്‍വിലാസം തെളിയ്കുക്കുന്ന രേഖയും വധുവിന്‍റെയും വരന്‍റെയും മൂന്നു വീതം പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും അപേക്ഷക്കൊപ്പം നല്‍കണം.


3. 45 ദിവസത്തിനുശേഷമാണ് രജിസ്ട്രേഷന്‍ നടത്തുന്നതെങ്കില്‍ എം.എല്‍.എയോ പഞ്ചായത്ത് അംഗമോ രണ്ടാം നന്പര്‍ ഫോറത്തില്‍ നല്‍കുന്ന കത്തും സമര്‍പ്പിക്കണം.


4. വിവാഹ ക്ഷണക്കത്ത്, മിന്നുകെട്ടിന്‍റെ ഫോട്ടോ, സമൂദായത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍നിന്നുള്ള സര്‍ട്ടഫിക്കറ്റ് എന്നിവയാണ് ആവശ്യമായ മറ്റ് തെളിവുകള്‍.


5. വധൂവരന്‍മാര്‍ നേരിട്ട് ഹാജരാകണം.


6. രണ്ട് സാക്ഷികള്‍ ഉണ്ടാവണം.


7. രജിസ്ട്രേഷന്‍ ഫീസായി പത്തു രൂപയും സര്‍ട്ടഫിക്കറ്റ് ഫീസായി അഞ്ചു രൂപയും അടയ്ക്കണം.


8. വിവാഹശേഷം 45 ദിവസം കഴിഞ്ഞാണ് രജിസ്ട്രേഷന് അപേക്ഷിക്കുന്നതെങ്കില്‍ 240 രൂപ പിഴയടക്കണം. ഡി.ഡി.പിയുടെ അനുമതി വാങ്ങുകയും വേണം.

ഷര്‍ട്ട് ഇസ്തിരിയിടുന്നത് എങ്ങനെ?

ഇസ്തിരിപ്പെട്ടി, വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്നതായാലും ചിരട്ടക്കനല്‍ ഉപയോഗിക്കുന്നതായാലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പ്രത്യേകിച്ചും വിലയേറിയ ഷര്‍ട്ടുകളും മറ്റും തേക്കുന്പോള്‍. പലരും പല രീതിയിലാണ് ഷര്‍ട്ട് ഇസ്തിരിക്കിടുന്നത്. അതില്‍ ഒരു രീതി ചുവടെ.

1.പശമുക്കിയ പരുത്തി ഷര്‍ട്ടാണെങ്കില്‍ വെള്ളം തളിച്ചശേഷം വേണം തേക്കാന്‍. ആദ്യം കോളറിലാണ് ഇസ്തിരിപ്പെട്ടി പ്രയോഗിക്കേണ്ടത്. കോളര്‍ നിവര്‍ത്ത് തേച്ചശേഷം മടക്കി തേക്കുക.

2. തുടര്‍ന്ന് കോളറിനു താഴെയുള്ള പടി തേക്കുക. ഈ പടി ഇല്ലാത്ത ഷര്‍ട്ടുകളും ഉണ്ട്.


3. തുടര്‍ന്ന് കൈകള്‍ തേക്കുക. കൈകളുടെ അറ്റത്തെ പടികളില്‍ ചുളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് തേച്ചു നിവര്‍ത്തന്‍ ശ്രദ്ധിക്കുക.


4. അടുത്തതായി പോക്കറ്റ് ഉള്ള ഭാഗം. പോക്കറ്റ് ഇല്ലാത്ത ഷര്‍ട്ടാണെങ്കില്‍ ശരീരത്തില്‍ ഇടുന്പോഴത്തെ ഇടതു ഭാഗം എന്ന് ഓര്‍ത്താല്‍ മതിയാകും. ബട്ടന്‍സ് കയറ്റുന്ന പടി വലിച്ചുപിടിച്ച് തേക്കുക.


5. തുടര്‍ന്ന് വലതു ഭാഗം. രണ്ടു ഭാഗത്തും മുന്‍പ് തേച്ചു മടക്കിയതിന്‍റെ പാടുണ്ടെങ്കില്‍ അത് വെള്ളം തളിച്ച് തേച്ച് നിവര്‍ത്തുക. പുതിയതായി മടക്കുന്പോള്‍ അല്‍പ്പം മാറിയാല്‍ രണ്ടു മടക്കുപാടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്.


6. അടുത്തതായി ഷര്‍ട്ടിന്‍റെ പിന്‍ഭാഗം തേക്കുക.


7. പൊതുവേയുള്ള ഇസ്തിരിയിടന്‍ കഴിഞ്ഞ് ഷര്‍ട്ട് മടക്കേണ്ടതുണ്ടെങ്കില്‍ കോളര്‍ മുതല്‍ ഒന്നിടവിട്ടുള്ള ബട്ടന്‍സുകള്‍ അതതിന്‍റെ തുളയില്‍ കയറ്റുക.


8. ഷര്‍ട്ട് കമിഴ്ത്തിയിട്ട് ആദ്യം വലതു വശം പകുതി മടക്കി വലതു കൈ മടക്കി അതിനു മുകളില്‍ വയ്ക്കുക. തുടര്‍ന്ന് ഇടതു വശവും ഇടതു കൈയ്യുംഅതേരീതിയില്‍ മടക്കുക.


9. പെട്ടിയിലോ അലമാരയിലോ വയ്ക്കേണ്ടതാണെങ്കില്‍ ഇങ്ങനെ നെടുനീളത്തില്‍ മടക്കിയഷര്‍ട്ട് വീണ്ടും രണ്ടായി മടക്കുക. കമിഴ്ന്നു കിടക്കുന്ന ഷര്‍ട്ട് താഴെനിന്ന് മുകളിലേക്കാണ് മടക്കേണ്ടത്. മടക്ക് പോക്കറ്റിന് താഴെ നില്‍ക്കാന്‍ ശ്രദ്ധിക്കണം.


10. മടക്കിയ ഷര്‍ട്ട് കോളര്‍ മുകളില്‍ വരത്തക്കവിധം മലര്‍ത്തിവെച്ചശേഷം കോളറിന്‍റെ വശവും മറ്റും ഒന്നുകൂടി തേച്ചാല്‍ ഉപയോഗിക്കുകയോ പെട്ടിയിലോ അലമാരയിലെ സൂക്ഷിക്കുകയോ ചെയ്യാം.

ഉണക്കക്കപ്പ വേവിക്കുന്നത് എങ്ങനെ?

കപ്പ കൃഷി വ്യാപകമായ മേഖലകളിലെല്ലാം മുന്‍പ് എറെ പ്രചാരണത്തിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളിലൊന്നാണ് ഉണക്കക്കപ്പ വേവിച്ചത്. പച്ചക്കപ്പയുമായി താരതമ്യം ചെയ്യുന്പോള്‍ രുചി അല്‍പ്പം കുറവാണെങ്കിലും പ്രഭാത, സായാഹ്ന ഭക്ഷണമായി ഉണക്കപ്പ വേവിച്ചത് ഇന്നും ഉപയോഗിക്കുന്നുണ്ട്. തയാറാക്കുന്ന വിധം ചുവടെ.


1. ആവശ്യമുള്ളത്ര ഉണക്കപ്പ കുതിര്‍ക്കുന്നതിനായി തലേന്നു രാത്രി വെള്ളത്തിലിട്ടുവയ്ക്കുക.


2.ഈ കപ്പ രാവിലെ എടുത്ത്  ഞരന്പും തൊലിയും മറ്റ് മാലിന്യങ്ങളും കളഞ്ഞ് വൃത്തിയാക്കി എടുക്കുക.


3.വെള്ളത്തിലിട്ട് അടുപ്പില്‍വെച്ച് ഉപ്പും ചേര്‍ത്ത് വേവിക്കുക.


4.വെള്ളം തിളച്ച് കുറെക്കഴിയുന്പോള്‍ കപ്പ വെന്തോ എന്ന് പരിശോധിക്കുക


5. വെന്തു എന്ന് ഉറപ്പായാല് വെള്ളം വാര്‍ത്തു കളയുക

 

6. തേങ്ങാ, പച്ചമുളക്, മഞ്ഞള്‍,ചുവന്നുള്ളി എന്നിവ ചേര്‍ത്ത് തയാറാക്കിയ അരപ്പിട്ട് ഇളക്കിയശേഷം പ്ലേറ്റുകളിലേക്ക് പകര്‍ന്ന് കഴിക്കാം.
-----------------------

വിവരങ്ങള്‍ക്ക് കടപ്പാട് -മേരിക്കുട്ടി ജോസഫ്

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls