Thursday, April 1, 2010

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(2)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. സീറോമലബാര്‍ സഭയില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി അതിരൂപതയിലെ വീടുകളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി, ഉഴുന്ന്‌ ,തേങ്ങാപ്പാല്‍,വെളുത്തുള്ളി, വലിയ ജീരകം , ഉപ്പ്‌.

1.പെസഹാവ്യാഴാഴ്ച്ച  രാവിലെ ഉഴുന്നും പച്ചരിയും ഒന്നിച്ച് വെള്ളത്തിലിടുക

2.ഉച്ചയോടെ ഇത് എടുത്ത് മിക്സിയിലോ ആട്ടുകല്ലിലോ അരച്ചെടുക്കുക.

3വൈകുന്നേരം അഞ്ചു മണിയോടെ ജീരകവും വെളുത്തുള്ളിയും തേങ്ങയും ചേര്‍ത്തരയ്ക്കുക.

4.ഈ മിശ്രിതം നേരത്തെ തയാറാക്കിവച്ചിരിക്കുന്ന പച്ചരിയും ഉഴുന്നും ചേര്‍ന്ന മിശ്രിതത്തില്‍ ചേര്‍ക്കുക.

5.ഒരു മണിക്കൂറിനുശേഷം ഈ മാവ് എടുത്ത് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ ഒഴിച്ച് അടച്ചു വേവിക്കുക.


6. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പാലും പഴവും
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര, തേങ്ങാപ്പാല്‍, അരിപ്പൊടി, ജീരകം, പഴം.


1.തേങ്ങ ആട്ടിയെടുത്ത് ഒന്നാം പാല്‍ മാറ്റിവയ്ക്കുക.

2. രണ്ടാം പാല്‍ അടുപ്പില്‍വച്ച് തിളപ്പിക്കുക. തിളയ്ക്കുന്പോള്‍ അരിപ്പൊടി കലക്കിയൊഴിക്കുക.

3. ഈ മിശ്രിതം കൊഴുക്കുന്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ഇതിലേക്ക് ചേര്‍ക്കുക.

4. തുടര്‍ന്ന് ചെറുപഴം വട്ടത്തില്‍ അരിഞ്ഞിടുക.

5. ജീരകം പൊടിച്ചു ചേര്‍ത്ത് തിളച്ചശേഷം അടുപ്പില്‍നിന്നിറക്കി ഉപയോഗിക്കാം.

Monday, March 29, 2010

ഗ്രാമപഞ്ചായത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

അറുപതു വയസു തികഞ്ഞവര്‍ക്കാണ് ഗ്രാമപഞ്ചായത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കുക.  അപേക്ഷാ ഫീസില്ല. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ തിരിച്ചറിയല്‍ രേഖ, സ്ഥലത്തിന്‍റെ വിവരം, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.

2. അപേക്ഷന്‍ കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തില്‍ താമസിച്ചുവരുന്ന ആളായിരിക്കണം.

3. അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 11000 രൂപയില്‍ കവിയരുത്. ഭര്‍ത്താവിന്‍റെ,ഭാര്യയുടെ/വിവാഹിതരല്ലാത്ത മക്കളുടെ വരുമാനം ഇതിനായി കണക്കിലെടുക്കുന്നതാണ്.

4. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

5. കര്‍ഷകത്തൊഴിലാളി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇനിപ്പറയുന്നവയാണ്. 1)ഭൂവുടമകളുടെ കീഴില്‍ കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു കഴിയുന്നയാള്‍ 2)വാര്‍ധക്യമോ ശേഷിക്കുറവോ മൂലം ഇപ്പോള്‍ കാര്‍ഷികവൃത്തി ചെയ്യാന്‍ കഴിയാത്തയാള്‍ 3)1974-ലെ കര്‍ഷകത്തൊഴിലാളി നിയമപ്രകാരമുള്ള ക്ഷേമനിധിയില്‍ അംഗം(2002മുതല്‍ മാത്രം ബാധകം)

6 അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്.

ഗ്രാമപഞ്ചായത്തില്‍ വൈകല്യങ്ങള്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

അംഗവൈകല്യമോ മാനസിക വൈകല്യമോ ഉള്ളവര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ പെന്‍ഷന് അപേക്ഷിക്കാവുന്നതാണ്. അന്ധര്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. അംഗവൈകല്യത്തിന്‍റെ ശതമാനം സ്ഥിരീകരിച്ച് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രം ഇതിനായി ഹാജരാക്കേണ്ടതുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റത്തിന് വിധേയമാണ്.

1.റേഷന്‍കാര്‍ഡ്, കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ എന്നിവ ഹാജരാക്കണം.

2. അപേക്ഷകര്‍ക്ക് പ്രായപരിധി നിബന്ധനയില്ല.

3. അപേക്ഷകന്‍ മാനസിക വൈകല്യമുള്ളയാളോ പ്രായപൂര്‍ത്തിയാകാത്തയാളോ ആണെങ്കില്‍ രക്ഷാകര്‍ത്താവിന് അപേക്ഷ സമര്‍പ്പിക്കാവുന്നതും ഗുണഭോക്താവിനുവേണ്ടി പെന്‍ഷന്‍ സ്വീകരിക്കാവുന്നതുമാണ്.

4.അപേക്ഷകന് വരുമാനം ഉണ്ടായിരിക്കരുത്

5. കുടുംബവാര്‍ഷികവരുമാനം ആറായിരം രൂപയില്‍ കവിയാന്‍ പാടില്ല. പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, ചെറുമകന്‍ എന്നിവരെയാണ് കുടുംബത്തിന്‍റെ ഭാഗമായി പരിഗണിക്കുക. കുടുംബാംഗങ്ങളുടെ വരുമാനത്തിനൊപ്പം കൃഷി, ഭൂമി, കച്ചവടം തുടങ്ങിയവയില്‍നിന്നുള്ള വരുമാനവും കുടുംബവരുമാനമായി കണക്കാക്കും.

6. അപേക്ഷകന്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം.

7. അപേക്ഷയ്ക്കൊപ്പം ഫീസ് അടക്കേണ്ടതില്ല.

8. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് അധികൃതര്‍ വിവരം നല്‍കും.

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(1)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. എറണാകുളം ജില്ലയിലെ ലത്തീന്‍ കത്തോലിക്കാ ഭവനങ്ങളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍(നാലംഗ കുടുംബത്തിനു വേണ്ടത്‌)
അരിപ്പൊടി-അരക്കിലോ (നന്നായി അരിച്ചെടുത്തത്‌)
ഉഴുന്ന്‌ - 75 ഗ്രാം,
തേങ്ങാപ്പാല്‍-ഒരു മുറിയുടെ പകുതി രണ്ടര ഗ്ലാസ്‌
വെളുത്തുള്ളി-3 അല്ലി
വലിയ ജീരകം - ഒരു നുള്ള്‌
ഉപ്പ്‌ -പാകത്തിന്‌

1. ഉഴുന്ന്‌ തലേന്നുരാത്രി വെള്ളത്തിലിട്ട്‌ കുതിര്‍ത്തത്‌ വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത്‌ അരകല്ലിലോ മിക്‌സിയിലോ അരച്ചെടുക്കുക.


2. ഈ മിശ്രിതം അരിപ്പൊടിയുമായി ചേര്‍ത്ത്‌ ആദ്യം തേങ്ങയുടെ രണ്ടാംപാല്‍, തുടര്‍ന്ന്‌ ഒന്നാം പാല്‍ എന്ന ക്രമത്തില്‍ ചേര്‍ക്കുക.
3.മിശ്രിതത്തില്‍ പാകത്തിന്‌ ഉപ്പു ചേര്‍ത്ത്‌ കുഴച്ചെടുത്ത്‌ മാവു പരുവത്തിലാക്കുക.

4.അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ മാവൊഴിച്ച്‌ അടച്ചു വേവിക്കുക.

5. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പെസഹാപ്പാല്‌
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര-കാല്‍ കിലോ
ഏലക്കായ- നാലെണ്ണം(പൊടിച്ചത്‌)
തേങ്ങാപ്പാല്‍-ഒരു മുറിയുടെ പകുതി
മൈദ-50 ഗ്രാം, ചെറിയ ജീരകം -ഒരു നുള്ള്‌


1.കാല്‍ ഗ്ലാസ്‌ വെള്ളം ചേര്‍ത്ത്‌ ശര്‍ക്ക ഉരുക്കി അരിച്ചെടുക്കുക. അതിലേക്ക്‌ തേങ്ങാപ്പാല്‍ ഒഴിക്കുക.


2. ഈ മിശ്രിതത്തില്‍ ഏലക്കായ, ജീരകം ഇവ പൊടിച്ചുചേര്‍ത്ത്‌ ഇളക്കുക.


3. തുടര്‍ന്ന്‌ ഇതില്‍ മൈദയും ചേര്‍ത്ത്‌ ചൂടാക്കുക. ഇത്‌ തിളയ്‌ക്കുന്നതോടെ ശര്‍ക്കര പാനി തയാറായിക്കഴിഞ്ഞു.

Thursday, March 25, 2010

ഗ്രാമപ്പഞ്ചായത്തില്‍ വിധവാപെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

പതിനെട്ടു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകളുടെ അപേക്ഷകളാണ് വിധവാപെന്‍ഷനുവേണ്ടി ഗ്രാമപഞ്ചായത്തില്‍ പരിഗണിക്കുക. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ ചേര്‍ത്തിട്ടുള്ള നിബന്ധനകള്‍  കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1.നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയ്ക്കൊപ്പം ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റോ ഉപേക്ഷിക്കപ്പെട്ടതു സംബന്ധിച്ച രേഖയോ ഏഴു വര്‍ഷമായി ഭര്‍ത്താവിന്‍റെ അസാന്നിധ്യം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

2. റേഷന്‍ കാര്‍ഡും ഭൂസ്വത്തിന്‍റെ വിവരങ്ങളും ഹാജരാക്കണം

3.അപേക്ഷ മാനസിക വൈകല്യമുള്ളയാളാണെങ്കില്‍ രക്ഷാകര്‍ത്താവിന് അവരുടെ പേരില്‍ അപേക്ഷ നല്‍കാവുന്നതും പെന്‍ഷന്‍ സ്വീകരിക്കാവുന്നതുമാണ്.

4. അപേക്ഷകയ്ക്ക് വരുമാനം ഉണ്ടായിരിക്കരുത്. അല്ലെങ്കില്‍ പ്രതിവര്‍ഷ കുടുംബവരുമാനം 3600 രൂപയില്‍ കവിയാന്‍ പാടില്ല. ഇരുപതു വയസു കഴിഞ്ഞ ആണ്‍മക്കളുടെ ഉള്‍പ്പെടെ വരുമാനം കുടുംബവരുമാനമായി കണക്കാക്കും.

5.അപേക്ഷക സംസ്ഥാനത്തുതന്നെ മൂന്നു വര്‍ഷമായി താമസിച്ചുവരുന്നയാളായിരിക്കണം

6.ഭര്‍ത്താവ് മരിച്ചവരെയും വിവാഹമോചനം നേടിയവരെയും ഏഴു വര്‍ഷത്തിലധികമായി ഭര്‍ത്താവിന്‍റെ അസാന്നിധ്യം അനുഭവിക്കുന്നവരെയുമാണ് വിധവകളായി പരിഗണിക്കുക.

7. അപേക്ഷക യാചകവൃത്തി ചെയ്യുന്നയാളോ അഗതി മന്ദിരത്തിലെ അന്തേവാസിയോ മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നയാളോ ആയിരിക്കരുത്

8. അപേക്ഷാ ഫീസ് ഇല്ല

9. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്.

Saturday, March 20, 2010

ഗ്രാമപഞ്ചായത്തില്‍ ദേശീയ വാര്‍ധക്യകാല പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങന?

ദേശീയ വാര്‍ധക്യകാല പെന്‍ഷന് നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള  അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.  ഇവിടെ നല്‍യിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.



1. റേഷന്‍ കാര്‍ഡിന്‍റെ 1,2 പേജുകളുടെ കോപ്പിയും ഭൂസ്വത്തിന്‍റെ വിവരവും അപേക്ഷയ്ക്കൊപ്പമുണ്ടായിരിക്കണം.

2.അപേക്ഷകന്‍റെ പ്രായം 65 വയസിന് മുകളിലായിരിക്കണം

3. അപേക്ഷകന് /അപേക്ഷകയ്ക്ക് സ്വന്തമായി വരുമാനം ഉണ്ടായിരിക്കരുത്. ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് വാര്‍ഷിക വരുമാനം 11000 രൂപയില്‍ കവിയാന്‍ പാടില്ല.

4. അപേക്ഷന്‍ കുറഞ്ഞത് മൂന്നു വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനത്ത് താമസിച്ചുവരുന്നയാളായിരിക്കണം

5. അപേക്ഷകന്‍ അഗതിയായ വൃദ്ധന്‍ അല്ലെങ്കില്‍ വൃദ്ധ ആയിരിക്കണം. യാചകന്‍ ആയിരിക്കരുത്.

6. മറ്റു പെന്‍ഷനുകള്‍ സ്വീകരിക്കുന്നയാള്‍ ആകരുത്.



7.അപേക്ഷ സമര്‍പ്പിക്കാന്‍ ഫീസില്ല.


8. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്

ഗ്രാമപ്പഞ്ചായത്തില്‍ പൊതുപരാതികള്‍ സമര്‍പ്പിക്കുന്നത് എങ്ങനെ?

വെള്ളക്കടലാസില്‍ അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ചാണ് ഗ്രാമപഞ്ചായത്തില്‍ പൊതുവായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കേണ്ടത്.  ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. പരാതിക്കാധാരമായ വഇഷയത്തിന്‍റെ ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്തണം.

2. പരാതി വ്യക്തികളെക്കുറിച്ചാണെങ്കില്‍ അവരുടെ മേല്‍വിലാസം  വ്യക്തമായി കാണിച്ചിരിക്കണം.

3. ഇതിന് മറ്റു നിബന്ധനകളോ ഫീസോ ഇല്ല.

4. പരാതി ലഭിച്ചാലുടന്‍ പരാതിക്കാരന് പഞ്ചായത്തില്‍നിന്ന് രസീത് നല്‍കും. സാധാരണ പരാതികളില്‍ അഞ്ചു ദിവസത്തിനുള്ളിലും അന്വേഷണം വേണ്ടവയില്‍ പതിനഞ്ചു ദിവസത്തിനുള്ളിലും നടപടി സ്വീകരിക്കുന്നതാണ്.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls