Thursday, August 11, 2011

പി.എസ്.സി മുഖേന ജോലി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ?

കേരള സര്‍ക്കാര്‍ സ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓരോ തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ഗസറ്റിലും പി.എസ്.സി ബുള്ളിനിലും ദിനപ്പത്രങ്ങളിലും മറ്റും വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതാണ്. വിജ്ഞാപനം വന്നശേഷം പി.എസ്.സിക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള അപേക്ഷ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.org മുഖേന മാത്രമേ  സമര്‍പ്പിക്കാനാകൂ. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ ചുവടെ. ഇവിടെ കൊടുത്തിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1.ഏതെങ്കിലും തസ്തികയിലേക്കുള്ള/ തസ്തികകളിലേക്കുള്ള ഒഴിവ് നിയമനത്തിന്റെ ചുമതലയുള്ള ഓഫീസില്‍നിന്നും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്‌പോഴാണ് കമ്മീഷന്‍ ഈ തസ്തികയിലേക്ക്/തസ്തികകിളേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

2. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള യോഗ്യതാ മാനദണ്ധങ്ങളും കേരള ഗസറ്റിലെ ഒന്ന് ബി ഭാഗത്തിന്റെ രണ്ടാം ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന പൊതുവ്യവസ്ഥകളും പാലിക്കുന്നവര്‍ക്കുമാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യത ഉണ്ടായിരിക്കൂ.

 3. ഓരോ തസ്തികയിലേക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രായപരിധി ബന്ധപ്പെട്ട വിജ്ഞാപനത്തല്‍ വ്യക്തമാക്കിയിട്ടുണ്ടാകും. സാധാരണയായി പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വയസ്സിളവ് നല്‍കിവരുന്നു.

4.ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ച വര്‍ഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് അപേക്ഷകരുടെ പ്രായം കണക്കാക്കുന്നത്.

5.ഓരോ തസ്തികയിലേക്കും പരിഗണിക്കുന്നതിന് ഉണ്ടായിരിക്കേണ്ട യോഗ്യത അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുന്‍പ് അപേക്ഷകന് ഉണ്ടായിരിക്കണം.

6. ഒരേ വിജ്ഞാപനത്തില്‍ ഒരേ കാറ്റഗറി നന്പരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും ജില്ലാ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതുമായ തസ്തികയില്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അയോഗ്യരാക്കപ്പെടും. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ നന്പര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അത് നീക്കം ചെയ്യുന്നതും ഇവര്‍ ജോലിയില്‍ നിയമിക്കപ്പെട്ടാല്‍ നീക്കം ചെയ്യുന്നതുമാണ്.

7. അപേക്ഷാഫോറത്തില്‍ എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

 8. അപേക്ഷ പൂരിപ്പിക്കുന്നതിനിടെ വെബ്‌സൈറ്റില്‍ ഫോര്‍വേര്‍ഡ് ബാക് വേര്‍ഡ് ബട്ടനുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
  

9. അപേക്ഷയ്‌ക്കൊപ്പം അപ് ലോഡ് ചെയ്യുന്ന അപേക്ഷകന്റെ ഫോട്ടോ ജെപിജി ഫോര്‍മാറ്റിലുള്ളതായിരിക്കണം. ഫോട്ടോയുടെ സൈസ് 30 കെബിയില്‍ കൂടാന്‍ പാടില്ല. ഫോട്ടോയ്ക്ക് 150പിക്‌സല്‍ വീതിയും 200 പിക്‌സല്‍ ഉയരവും ഉണ്ടായിരിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയുടെ താഴെ ഭാഗത്തായി ടൈപ്പ് ചെയ്ത് ചേര്‍ത്തിരിക്കണം.

 10. പൂരിപ്പിച്ച അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ കാണുന്‌പോള്‍ അതിലുള്ള ബാര്‍ കോഡ് ഭാവി ആവശ്യങ്ങള്‍ക്കായി കുറിച്ചുവയ്ക്കുക.


11. അപേക്ഷയോടൊപ്പം മറ്റു രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.

 12. ഓരോ അപേക്ഷകനും എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാര്‍ക്കിന്റെ ക്രമത്തിലാണ് റാങ്ക് ലഭിക്കുക.  ഒന്നിലധികം അപേക്ഷകര്‍ ഒരേ മാര്‍ക്ക് നേടിയാല്‍ പ്രായക്കൂടുതലുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. പ്രായവും തുല്യമാണെങ്കില്‍  അവരുടെ പേരുകള്‍ അക്ഷരമാലാക്രമത്തിലായിരിക്കും റാങ്ക് ലിസ്റ്റില്‍ നല്‍കുക.
------------------------------------------------------------------------
വിവരങ്ങള്‍ക്ക് കടപ്പാട് : www.keralapsc.org

സാംസംഗ് എസ് 5230 മൊബൈല്‍ ഫോണില്‍ റിംഗ് ടോണ്‍ മാറ്റുന്നത് എങ്ങനെ?

വിവിധ ബ്രാന്‍ഡുകളിലുള്ള മൊബൈല്‍ ഫോണുകളില്‍ റിംഗ് ടോണ്‍ മാറ്റുന്നത് വിവിധ രീതികളിലാണ്. ഓരേ കന്പനിയുടെതന്നെ വ്യത്യസ്ഥ മോഡലുകളിലും ഇത് ഉള്‍പ്പെടെയുള്ള ഓപ്ഷനുകളില്‍ വ്യത്യാസം ഉണ്ടാകാം. സാംസംഗിന്‍റെ എസ് 5230 ടച്ച് സ്ക്രീന്‍ മോഡലില്‍ റിംഗ് ടോണ്‍ മാറ്റുന്നത് എങ്ങനെ എന്നാണ് ഇവിടെ പറയുന്നത്. 

1. നോര്‍മല്‍ സ്ക്രീനില്‍ മെനു തെരഞ്ഞെടുക്കുക.

2. സെറ്റിംഗ്സ് തെരഞ്ഞെടുക്കുക.

3. ഫോണ്‍ പ്രൊഫൈല്‍ തെരഞ്ഞെടുക്കുക.

4. നിലവിലെ(കറന്‍റ്) പ്രൊഫൈലിന്‍റെ വലതുഭാഗത്തുള്ള രണ്ട് ആരോമാര്‍ക്കുകളില്‍ തൊടുക.

5. കോള്‍ റിംഗ് ടോണ്‍ തെരഞ്ഞെടുക്കുക.

6. ഇഷ്ടമുള്ള റിംഗ്ടോണ്‍ തെരഞ്ഞെടുത്ത് സേവ് ചെയ്യുക.


Thursday, August 4, 2011

ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തില്‍ പരാതി സമര്‍പ്പിക്കുന്നത് എങ്ങനെ?

1986-ലെ ഉപഭോക്തൃ സംരക്ഷണ നിമയപ്രകാരം സാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ ഉപഭോക്തൃ ഫോറത്തിലോ സംസ്ഥാന കമ്മീഷനിലോ നാഷണല്‍ കമ്മീഷനിലോ പരാതി നല്‍കാം. ഉപഭോക്താവ്, രിജ്സ്റ്റര്‍ ചെയ്ത സന്നദ്ധ ഉപഭോക്തൃ സംഘടനകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, സമാന താല്‍പര്യമുള്ള ഒന്നോ അതിലധികമോ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് പരാതിയുമായി ഫോറത്തെയോ കമ്മീഷനുകളെയോ സമീപിക്കാം.
പ്രതിഫലം നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയോ വാങ്ങുന്നതിന് കരാര്‍ ഉണ്ടാക്കുകയോ സേവനം സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് ഉപഭോക്താക്കളായി പരിഗണിക്കപ്പെടുന്നത്. പ്രസ്തുത ഉപഭോക്താവിന്‍റെ സമ്മതത്തോടെ ഇത്തരം സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഗുണഭോക്താവാകുന്നവരും ഈ ഗണത്തില്‍ വരും. എന്നാല്‍ വാണിജ്യാവശ്യങ്ങള്‍ക്കുവേണ്ടിയോ വില്‍പ്പനയ്ക്കായോ സാധനസാമഗ്രികള്‍ വാങ്ങുകയോ സേവനം കൈപ്പറ്റുകയോ ചെയ്യുന്നയാള്‍ ഉപഭോക്താവല്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തങ്ങളുടെ ഉപജീവനത്തിനായി വാങ്ങുന്ന സാധനങ്ങളും സ്വീകരിക്കുന്ന സേവനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും.
ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. പണണ്‍ നല്‍കിയ വാങ്ങിയ സാധനസാമഗ്രികള്‍ക്കോ സേവനങ്ങള്‍ക്കോ ന്യൂനതകളുണ്ടെങ്കില്‍/കച്ചവടത്തിലെ ക്രമക്കേടുമൂലം കഷ്ടനഷ്ടങ്ങളുണ്ടായാല്‍/ ഉല്‍പ്പന്നത്തില്‍ രേഖപ്പെടുത്തയിരിക്കുന്ന, നിശ്ചയിക്കപ്പെട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍/ പരസ്യപ്പെടുത്തയിരിക്കുന്ന മേന്മ വാങ്ങി ഉപയോഗിക്കുന്പോള്‍ ഉത്പന്നത്തിന് ഇല്ലെങ്കില്‍ പരാതി നല്‍കാം.

2. സാധനത്തിന്‍റെ വില/ സേവനത്തിന്‍റെ മൂല്യം, നഷ്ടപരിഹാരം എന്നിവയുള്‍പ്പെടെ ആകെ ആവശ്യപ്പെടുന്ന തുക 20 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ ജില്ലാ ഉപഭോക്തൃഫോറത്തിലും 20 ലക്ഷം രൂപമുതല്‍ ഒരു കോടി രൂപ വരെയാണെങ്കില്‍ സംസ്ഥാന കമ്മീഷനിലും ഒരു കോടി രൂപയില്‍ അധികമാണെങ്കില്‍ ദേശീയ കമ്മീഷനിലുമാണ് പരാതി നല്‍കേണ്ടത്.

3.പരാതിക്ക് അടിസ്ഥാനമായ ഇടപാട് പൂര്‍ണമായോ ഭാഗീകമായോ നടന്ന ജില്ലയിലെയോ, എതിര്‍കക്ഷികള്‍/ഏതെങ്കിലും ഒരു എതിര്‍ കക്ഷഇ താമസിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ജില്ലയിലെയോ ഫോറത്തിലാണ് പരാതി നല്‍കേണ്ടത്.

4. പരാതിക്കാരന്‍റെ പേര്, വയസ്, പൂര്‍ണ മേല്‍വിലാസം, എതിര്‍ കക്ഷിയുടെ/ കക്ഷികളുടെ പേര്, പൂര്‍ണ മേല്‍വിലാസം, പരാതിക്ക് അടിസ്ഥാനമായ വിവരങ്ങളുടെ കൃത്യവും സംക്ഷിപ്തവുമായ വിവരങ്ങള്‍, ആവശ്യപ്പെടുന്ന പരിഹാര മാര്‍ഗങ്ങള്‍, പരാതിക്കാരന്‍റെ ഒപ്പ് പരാതിയില്‍ പറയുന്ന ഇടപാടിന്‍റെ രേഖ, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുള്‍പ്പെടെയാണ് പരാതി നല്‍കേണ്ടത്. ഇടപാടു നടന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പരാതി സമര്‍പ്പിച്ചാല്‍ മതിയാകും.

5. പരാതി നല്‍കുന്നതിന് നിശ്ചിത ഫീസുണ്ട്. സാധനത്തിന്‍റെ വില, സേവനത്തിന്‍റെ മൂല്യം, ആവശ്യപ്പെടുന്ന നഷ്ടപരിഹാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരു ലക്ഷം രൂപവരെ നൂറു രൂപ,ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെ ഇരുന്നൂറു രുപ, അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷംവരെ നാനൂറു രൂപ, പത്തുലക്ഷം മുതല്‍ ഇരുപതു ലക്ഷംവരെ അഞ്ഞൂറു രൂപ,  ഇരുപതു ലക്ഷം മുതല്‍ അന്‍പതു ലക്ഷംവരെ രണ്ടായിരം രൂപ, അന്‍പതു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ നാലായിരം രൂപ, ഒരു കോടി രൂപയ്ക്കു മുകളില്‍ അയ്യായിരം രൂപ എന്നിങ്ങനെയാണ് പരാതിയുടെ ഫീസ് നിരക്ക് . ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അന്ത്യോദയ, അന്നയോജന കാര്‍ഡ് ഉഠമകളെ  ഒരു ലക്ഷം രൂപവരെയുള്ള കേസുകളില്‍ഫീസ് അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

6. ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്ന് President, Consumer Disputes Redressal Forum എന്ന പേരില്‍ എടുത്തതും ജില്ലയില്‍ മാറവുന്നതുമായ ക്രോസ് ചെയ്ത ഡിമാന്‍റ് ഡ്രാഫ്റ്റായോ പോസ്റ്റര്‍ ഓര്‍ഡറായോ ആണ് അപേക്ഷാ ഫീസ് നല്‍കേണ്ടത്.

7. പരാതിയുടെ മൂന്നു പകര്‍പ്പുകളാണ് സമര്‍പ്പിക്കേണ്ടത്. എതിര്‍ കക്ഷികള്‍ ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ അതനുസരിച്ച് കൂടുതല്‍ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്

 8. സാധനത്തിന്‍റെ ന്യൂനത/ സേവനത്തിലെ വീഴ്ച്ച പരിഹരിക്കാന്‍ ആവശ്യപ്പെടുക, ന്യൂനതയുള്ള സാധനം മാറ്റി പകരം നല്‍കാന്‍ ആവശ്യപ്പെടുക, വില തിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുക/ നഷ്ടപരിഹാരം അനുവദിക്കുക, കേസിന്‍റെ ചെലവ് അനുവദിക്കുക എന്നിവയാണ് ഉപഭോക്തൃഫോറം വഴി പരാതിക്കാരന് ലഭിക്കാവുന്ന പരിഹാരങ്ങള്‍.

9. ജില്ലാ ഉപഭോക്തൃഫോറങ്ങളുടെ വിധിക്കെതിരെ സംസ്ഥാന കമ്മീഷനിലും സംസ്ഥാന കമ്മീഷന്‍റെ വിധിക്കെതിരെ ദേശീയ കമ്മീഷനിലും ദേശീയ കമ്മീഷന്‍റെ വിധിക്കെതിരെ സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കാം. വിധിവന്ന് മുപ്പതു ദിവസത്തനുള്ളില്‍ അപ്പില്‍ സമര്‍പ്പിക്കണം

Tuesday, July 26, 2011

വേര്‍ഡ് 2007ല്‍ ഇംഗ്ലീഷ് അക്ഷരവും വ്യാകരണവും പരിശോധിക്കുന്നത് എങ്ങനെ?

മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ടൈപ്പ് ചെയ്ത മാറ്ററിലെ അക്ഷരത്തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്തുന്നതിന് സംവിധാനമുണ്ട്. വേര്‍ഡ് 2007 പതിപ്പില്‍ ഇത് ചെയ്യുന്നത് വേര്‍ഡിന്‍റെ മുന്‍ പതിപ്പുകളില്‍നിന്ന്അല്‍പ്പം വ്യത്യസ്തമായാണ്. 


1. വേര്‍ഡ് 2007ല്‍ ടൈപ്പ് ചെയ്ത, അക്ഷരത്തെറ്റ് തിരുത്തേണ്ട മാറ്റര്‍ തുറക്കുക.  
  
2. മാറ്ററിന്‍റെ ഏറ്റവും മുകളില്‍ ഇടതുവശത്തുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തെളിയുന്ന വിന്‍ഡോയുടെ ഏറ്റവും അടിയില്‍ കാണുന്ന വേര്‍ഡ് ഓപ്ഷന്‍സ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. 


3. വേര്‍ഡ് ഓപ്ഷനില്‍ പ്രൂഫിംഗ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  Hide spelling errors in this document only, Hide grammar errors in this document only എന്നിവയ്ക്കു നേരെയുള്ള ബോക്സുകള്‍ ക്ലിക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. തുടര്‍ന്ന് ഒകെ ബട്ടന്‍ ക്ലിക്ക് ചെയ്യുക.

 4. വേര്‍ഡ് ഫയലില്‍ തിരിച്ചെത്തിയശേഷം റിവ്യൂ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മുകളില്‍ ആദ്യം കാണുന്ന സ്പെല്ലിംഗ് ആന്‍റ് ഗ്രാമര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ സ്പെല്ലിംഗ് ആന്‍റ് ഗ്രാമര്‍ ഡയലോഗ് ബോക്സ് തെളിയും.  തുടര്‍ന്ന് വേര്‍ഡിന്‍റെ മറ്റു ഫോര്‍മാറ്റുകളിലേതുപോലെ സ്പെല്ലിംഗും വ്യാകരണവും തിരുത്താം.
 
5. ഒരു വാക്കിലെ തെറ്റ് അവഗണിക്കണമെങ്കില്‍ Ignore Once എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. എല്ലാ തെറ്റുകളും അവഗണിക്കാന്‍  Ignore Allക്ലിക്ക് ചെയ്യണം. 

6. തെറ്റായി കാണപ്പെടുന്ന ഒരു സ്പെല്ലിംഗ് തിരുത്താന്‍ സ്പെല്‍ ചെക്കില്‍തന്നെ നിര്‍ദേശിക്കുന്ന വാക്കുകള്‍ പരിശോധിച്ച് ഉചിതമായത് തെരഞ്ഞെടുക്കുക. തുടര്‍ന്ന് Change എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. എല്ലാ വാക്കുകളും തിരുത്തുന്നതിന് Change All ക്ലിക്ക് ചെയ്യണം. 
 
7. അടുത്ത വാചകത്തിലെ തെറ്റായ വാക്കുകള്‍ കണ്ടെത്തുന്നതിന് Next Sentenceല്‍ ക്ലിക്ക് ചെയ്യണം. പുതിയ വാക്കുകള്‍ വേര്‍ഡ് 2007 നിഘണ്ധുവില്‍ ചേര്‍ക്കാന്‍ Add to Dictionary ക്ലിക്ക് ചെയ്യണം.








Monday, June 28, 2010

ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനത്തിന് അപേക്ഷിക്കുന്നത് എങ്ങനെ?

21നും 35നും ഇടയ്ക്ക് പ്രായമുള്ളവരെയാണ് തൊഴില്‍രഹിത വേതനത്തിനായി പരിഗണിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 12,000 രൂപയില്‍ കവിയരുത്. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.


1. നിര്‍ദിഷ്ട ഫോറത്തിലുള്ള രണ്ട് അപേക്ഷകര്‍ സമര്‍പ്പിക്കണം.

2.എസ്.എസ്.എല്‍.സി ബുക്കിലെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പുകള്‍, എംപ്ലോയ് മെന്‍റ് രജിസ്ഷ്ട്രേഷന്‍ കാര്‍ഡ്, നിലവില്‍ വേതനം വാങ്ങുന്നവരാണെങ്കില്‍ അതിന് ഉപയോഗിക്കുന്ന കാര്‍ഡ്, റേഷന്‍കാര്‍ഡിന്‍റെ 1,2 പേജുകളുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

3. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസം നടത്തുന്നവരെയാണ് ഈ പദ്ധതിയില്‍ വിദ്യാര്‍ത്ഥികളായി പരിഗണിക്കുന്നത്. ആറു മാസം വരെയുള്ള കന്പ്യൂട്ടര്‍ പഠനം, ടൈപ്പ് റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്‍ഡ്, ഇവയെ ഈ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത കോഴ്സുകളില്‍ പഠിക്കുന്നവര്‍ വിദ്യാര്‍ത്ഥി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല.


4. അപേക്ഷകര്‍ എസ്.എസ്.എല്‍സി പാസായവരായിരിക്കണം. സ്പേഷ്യല്‍ ചാന്‍സില്‍ ഏയ്ജ് ഓവര്‍ പാസുകാര്‍ക്ക് വേതനത്തിന് അര്‍ഹതയില്ല.


5. പട്ടികജാതി, പട്ടികവര്‍ഗ,വികലാംഗ വിഭാഗങ്ങളിലുള്ള അപേക്ഷകര്‍ ‍എസ്.എസ്.എല്‍.സി തോറ്റതിന്‍റെ രേഖ ഹാജരാക്കിയാല്‍ മതിയാകും.


6. തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്പോള്‍ പതിനെട്ടു വയസ്സിനുശഷം മൂന്നു വര്‍ഷം രജിസ്ടേഷന്‍ ഉണ്ടായിരിക്കേണ്ടതും 35 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. അംഗവൈകല്യമുള്ളവര്‍ക്ക് 18 വയസിനു ശേഷം രണ്ടുവര്‍ഷമെങ്കിലും സീനിയോറിറ്റി ഉണ്ടായിരിക്കേണ്ടതും 35 വയസ് കഴിയാന്‍ പാടില്ലാത്തതുമാകുന്നു.


7.തൊഴില്‍ രഹിതര്‍ എന്നാല്‍ വരുമാന മാനദണ്ഡം 2 പ്രകാരം വിദ്യാര്‍ത്ഥിയായിരിക്കരുത്. സര്‍ക്കാരില്‍നിന്ന് തുടര്‍ച്ചയായി ധനസഹായം സ്വീകരിക്കുന്ന ആളാകരുത്.

8. അപേക്ഷാഫീസ് ഇല്ല.


9. അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകനെ വിവരം അറിയിക്കുന്നതാണ്.


ഓര്‍ക്കൂട്ടിലെ ഒരു കമ്യൂണിറ്റി ഉടമയ്ക്ക് മായ്ക്കാന്‍ കഴിയുന്നത് എങ്ങനെ?

ഓര്‍ക്കൂട്ടിലെ കമ്യൂണിറ്റി സൃഷ്ടിച്ചയാള്‍ക്കോ സഹ ഉടമയ്ക്കോ മാത്രമേ മായ്ച്ചുകളയാന് കഴിയൂ. ഇത് വളരെ എളുപ്പമാണ്.



1. ആദ്യമായി സൈന് ഇന് ചെയ്തശേഷം മായ്ച്ചു കളയേണ്ട കമ്യൂണിറ്റി സെലക്ട് ചെയ്യുക.



2. കമ്യൂണിറ്റിയില് എഡിറ്റ് പ്രൊഫൈല് എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക.


3. തുടര്‍ന്ന് ഇടതു വശത്ത് താഴെയായി കാണുന്ന ഡിലീറ്റ് കമ്യൂണിറ്റി എന്നതില് ക്ലിക്ക് ചെയ്താല് കമ്യൂണിറ്റി മായ്ക്കപ്പെടും.


Thursday, April 1, 2010

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(2)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. സീറോമലബാര്‍ സഭയില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി അതിരൂപതയിലെ വീടുകളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി, ഉഴുന്ന്‌ ,തേങ്ങാപ്പാല്‍,വെളുത്തുള്ളി, വലിയ ജീരകം , ഉപ്പ്‌.

1.പെസഹാവ്യാഴാഴ്ച്ച  രാവിലെ ഉഴുന്നും പച്ചരിയും ഒന്നിച്ച് വെള്ളത്തിലിടുക

2.ഉച്ചയോടെ ഇത് എടുത്ത് മിക്സിയിലോ ആട്ടുകല്ലിലോ അരച്ചെടുക്കുക.

3വൈകുന്നേരം അഞ്ചു മണിയോടെ ജീരകവും വെളുത്തുള്ളിയും തേങ്ങയും ചേര്‍ത്തരയ്ക്കുക.

4.ഈ മിശ്രിതം നേരത്തെ തയാറാക്കിവച്ചിരിക്കുന്ന പച്ചരിയും ഉഴുന്നും ചേര്‍ന്ന മിശ്രിതത്തില്‍ ചേര്‍ക്കുക.

5.ഒരു മണിക്കൂറിനുശേഷം ഈ മാവ് എടുത്ത് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ ഒഴിച്ച് അടച്ചു വേവിക്കുക.


6. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പാലും പഴവും
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര, തേങ്ങാപ്പാല്‍, അരിപ്പൊടി, ജീരകം, പഴം.


1.തേങ്ങ ആട്ടിയെടുത്ത് ഒന്നാം പാല്‍ മാറ്റിവയ്ക്കുക.

2. രണ്ടാം പാല്‍ അടുപ്പില്‍വച്ച് തിളപ്പിക്കുക. തിളയ്ക്കുന്പോള്‍ അരിപ്പൊടി കലക്കിയൊഴിക്കുക.

3. ഈ മിശ്രിതം കൊഴുക്കുന്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ഇതിലേക്ക് ചേര്‍ക്കുക.

4. തുടര്‍ന്ന് ചെറുപഴം വട്ടത്തില്‍ അരിഞ്ഞിടുക.

5. ജീരകം പൊടിച്ചു ചേര്‍ത്ത് തിളച്ചശേഷം അടുപ്പില്‍നിന്നിറക്കി ഉപയോഗിക്കാം.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls