Thursday, March 11, 2010

സീറോമലബാര്‍ കത്തോലിക്കാസഭയില്‍ വിവാഹം പരികര്‍മം ചെയ്യുന്നത് എങ്ങനെ?

വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ദമ്പതികള്‍ക്ക്‌ വ്യക്തമായ അവബോധം ഉണ്ടായിരിക്കണമെന്നും വരനും വധുവും പ്രാര്‍ത്ഥനയുടെയും അന്വേഷണത്തിന്റെയും വിശദമായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ സ്വതന്ത്രമനസ്സോടും പൂര്‍ണ സമ്മതത്തോടുംകൂടി എടുക്കേണ്ട ധീരമായ തീരുമാനമാണ്‌ വിവാഹമെന്നും കത്തോലിക്കാസഭ പഠിപ്പിക്കുന്നു. പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസും പൂര്‍ത്തിയായതിനുശേഷം മാത്രമേ വിവാഹാന്തസ്സില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണ് സഭയുടെ നിഷ്കര്‍ഷ.
സീറോമലബാര്‍ സഭയില്‍ വിവാഹം പരികര്‍മം ചെയ്യുന്നതിന്‍റെ വിശദാംശങ്ങള്‍ ചുവടെ.




1.വിവാഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ ആ വിവരം ഇടവകവികാരിയെ അറിയിക്കുക.

2. വിവാഹപ്രായത്തിനുശേഷം ആറു മാസത്തിലധികം ഇടവകയ്ക്ക് പുറത്തു താമസിച്ചിട്ടുള്ളവര്‍ സ്വതന്ത്രസ്ഥിതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.


3.വികാരിയുമായി ആലോചിച്ച്‌ മനസ്സമ്മതത്തിന്റെയും വിവാഹത്തിന്റെയും തീയതികള്‍ നിശ്ചയിക്കുന്നത്‌ അഭികാമ്യമാണ്‌.


4. വിവാഹ ഒരുക്ക സെമിനാറിന്റെ സര്‍ട്ടിഫിക്കറ്റ്‌ വികാരിയെ ഏല്‍പ്പിക്കുക.


5.വൈദികനെ വേദപാഠം കേള്‍പ്പിക്കുക. ഇതിന്‌ മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിക്കുന്നതാണ്‌ നല്ലത്‌.


6.വേദപാഠം കേള്‍പ്പിച്ചതിനുശേഷം പള്ളിയില്‍നിന്ന്‌ ലഭിക്കുന്ന `വിവാഹത്തിന്‌ ഒരുക്കമായുള്ള അന്വേഷണ ഫോറം' പൂരിപ്പിച്ച്‌ മാതാപിതാക്കള്‍ക്കൊപ്പം പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തശേഷം വലതുകരം വിശുദ്ധഗ്രന്ഥത്തിനുമേല്‍വെച്ച്‌ ദൈവനാമത്തില്‍ പ്രതിജ്ഞചൊല്ലുക.


7. സത്യവാങ്‌മൂലത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കുക. ആവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ സത്യങ്ങള്‍ ബോധിപ്പിക്കുക.


8. വരന്‍/വധു സ്വന്തം കൈപ്പടിയില്‍ മറ്റാരുടെയും സമ്മര്‍ദ്ദം കൂടാതെ പൂര്‍ണമനസ്സോടെ സത്യവാങ്‌മൂലം സമര്‍പ്പിക്കുക.


9. പള്ളിയില്‍ അടക്കേണ്ട പസാരം അടക്കുക. ഓരോരുത്തരും കഴിവനുസരിച്ച്‌ ദേവാലയത്തിലേക്ക്‌ ഓഹരി കൊടുക്കുക.


10. പള്ളി ഓഫീസില്‍ അടക്കേണ്ട ഫീസുകള്‍ മുന്‍കൂട്ടി അടയ്‌ക്കുക വിവാഹം




ഉറപ്പിക്കലിനുശേഷം വിവാഹംവരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണെന്ന് സഭ പഠിപ്പിക്കുന്നു. ആത്മീയവും മാനസികവും ഭൗതികവുമായി ഒരുങ്ങാനുള്ള അവസരം. മനസമ്മതംസ്വതന്ത്രമനസ്സോടും പൂര്‍ണ അറിവോടും സമ്മതത്തോടുംകൂടി നിശ്ചിതസമയത്ത്‌ മിശിഹായുടെ നിയമവും സഭയുടെ നടപടികളുമനുസരിച്ച്‌ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നതാണ്‌ എന്ന്‌ വാഗ്‌ദാനം ചെയ്യുന്ന കര്‍മ്മമാണ് ഉറപ്പിക്കല്‍.മനസമ്മതം സാധാരണയായി വധുവിന്റെ ഇടവക ദൈവാലയത്തില്‍വെച്ചാണ്‌ പരികര്‍മംചെയ്യുന്നത്‌.


വധുവിന്റെ കുടുംബം ചെയ്യേണ്ടത്‌
1.മനസമ്മതത്തിനായി ദേവാലയം, കാര്‍മ്മികന്‍, തീയതി, സമയം എന്നിവ മുന്‍കൂട്ടി തീരുമാനിക്കുക


2.തിരുക്കര്‍മ്മം നടക്കുന്ന ദേവാലയത്തിലെ വികാരിയെയും ശുശ്രൂഷെയും മുന്‍കൂട്ടി അറിയിക്കുക


3. തിരുക്കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട്‌ ഓഫീസ്‌ സംബന്ധമായുള്ള നടപടിക്രമങ്ങള്‍ മുന്‍കൂട്ടി ചെയ്യുക.


4.മനസമ്മതത്തിനുശേഷം മനസ്സമ്മതം നടത്തി എന്നുള്ള കുറി വാങ്ങി വരന്റെ കുടുംബത്തിന്‌ നല്‍കുക.


വരന്‍റ കുടുംബം ചെയ്യേണ്ടത്‌
1.മനസമ്മതം നടത്തുന്നതിന് ഇടവക വികാരിയുടെ അനുവാദക്കുറി മുന്‍കൂട്ടി വാങ്ങുക.


2.മനസമ്മതത്തിനായി ദേവാലയത്തിലെത്തിയാല്‍ കുറി സ്ഥലത്തെ വികാരിയെ ഏല്‍പ്പിക്കുക.


3.പള്ളി ഓഫീസുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടെങ്കില്‍ പൂര്‍ത്തീകരിക്കുക.


4.മനസമ്മതം നടത്തി എന്ന കുറിവാങ്ങി സ്വന്തം ഇടവക വികാരിയെ ഏല്‍പ്പിക്കുക.


മനസമ്മതത്തിനും വിവാഹത്തിനും വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന്‌ ഓരോ സാക്ഷികള്‍ വേണ്ടതുണ്ട്‌. ഇവരെ മുന്‍കൂട്ടി തീരുമാനിക്കുക. ഇവര്‍ തിരുക്കര്‍മ്മങ്ങളില്‍ ആദ്യന്തം പങ്കെടുക്കണം. മനസമ്മതത്തിനും വിവാഹത്തിനുംശേഷം വധൂവരന്‍മാരും സാക്ഷികളും രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ മറക്കാതിരിക്കുക. വിവാഹം സാധാരണയായി വരന്റെ ഇടവകദേവാലയത്തില്‍വെച്ചാണ്‌ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌.


വിവാഹത്തിനായി വരന്റെ കുടുംബം ചെയ്യേണ്ടത്‌
1. കാര്‍മ്മികന്‍, സമയം തുടങ്ങിയവ ഇടവക വികാരിയെയും ദേവാലയ ശുശ്രൂഷിയെയും മുന്‍കൂട്ടി അറി യിക്കുക.

2. ഒന്നിലധികം വൈദികര്‍ ഉണ്ടെങ്കില്‍ ശുശ്രൂഷകര്‍ ആര്‍ക്കൊക്കെ എന്തൊക്കെ എന്നുള്ളത്‌ വികാരി യച്ചനോട്‌ മുന്‍കൂട്ടി പറയുക.


3. മേശയില്‍ താലി, മോതിരം, മന്ത്രകോടി മുതലായവ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുംമുന്‍പുതന്നെ ക്രമീകരിക്കുക.


4.തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ആവശ്യമായ ക്രമീകരണങ്ങള്‍ക്ക്‌ പള്ളി ഓഫീ സുമായി ബന്ധപ്പെട്ട്‌ അനുവാദം വാങ്ങുക.


വധുവിന്റെ കുടുംബം ചെയ്യേണ്ടത്‌
1. ഇടവക വികാരിയുടെ അനുവാദക്കുറി മുന്‍കൂട്ടി വാങ്ങിക്കുക.


2. ദേവാലയത്തില്‍ എത്തിയാലുടന്‍ കുറി സ്ഥലത്തെ വികാരിയെ ഏല്‍പ്പിക്കുക.


3. വിവാഹം ആശീര്‍വദിച്ചു എന്നു വ്യക്തമാക്കുന്ന കുറി സ്വന്തം ഇടവകയിലെ വികാരിയെ ഏല്‍പ്പിക്കുക.


വിവാഹത്തില്‍ സംബന്ധിക്കുമ്പോള്‍
1.കുദാശ പരികര്‍മം ചെയ്യുമ്പോള്‍ ഭക്തിയോടെ അതില്‍ പങ്കെടുക്കുക. അതിനു തടസ്സമാകുന്ന അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക.


2.ദേവാലയത്തില്‍ ചെരുപ്പ്‌ ഉപയോഗിക്കാതിരിക്കുക.


3.ദേവാലയത്തിന്റെ ചൈതന്യത്തിന്‌ നിരക്കാത്ത പ്രവൃത്തികളും സംസാരവും ഒഴിവാക്കുക.


4.വിവാഹവേളയില്‍ ഇടവകയിലെ നിര്‍ധന യുവതികളുടെ വിവാഹസഹായത്തിനുവേണ്ടി നടത്തുന്ന സ്‌ത്രോത്രക്കാഴ്‌ച്ച സമാഹരണത്തില്‍ ഉദാരമായി സഹകരിക്കുക.



വിവാഹത്തിനും മനസമ്മതത്തിനുമിടയില്‍ മൂന്നു വിളിച്ചുചൊല്ലലിനുള്ള അവസരമില്ലെങ്കില്‍ മനസമ്മതത്തിനുമുമ്പ്‌ വിളിച്ചുചൊല്ലല്‍ നടത്താന്‍ സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 173/4 അനുവാദം നല്‍കുന്നുണ്ട്‌. മുന്‍പ് രൂപതാ ദ്ധ്യക്ഷന്‍മാര്‍ക്കാണ്‌ പ്രത്യേക അനുമതി നല്‍കുന്നതിനുള്ള അധികാരമുണ്ടായിരുന്നത് 2009 ഓഗസ്റ്റില്‍ നടന്ന സീറോമലബാര്‍ മെത്രാന്‍ സിനഡ്‌ ഈ അധികാരം എല്ലാ ഫൊറോനാ വികാരിമാര്‍ക്കും നല്‍കി. അനുവാദത്തിനായി ഇടവക വികാരിമാരുടെ ശുപാര്‍ശയോടുകൂടി ഇരു കകക്ഷികളും അപേക്ഷ സമര്‍പ്പിക്കണം. അനുവാദം ലഭിച്ച കക്ഷിയുടെ ഇടവക വികാരി പ്രസ്‌തുത വിവരം `ബി' ഫോറത്തോടുകൂടി ഇതര കക്ഷിയുടെ ഇടവകവികാരിയെ അറിയിക്കണം.
----------------------------------------
*തയാറാക്കിയത് -ഫാ. ജെയിംസ് പഴയമഠം


3 comments:

. said...

വിവാഹത്തിനും മനസമ്മതത്തിനുമിടയില്‍ മൂന്നു വിളിച്ചുചൊല്ലലിനുള്ള അവസരമില്ലെങ്കില്‍ മനസമ്മതത്തിനുമുമ്പ്‌ വിളിച്ചുചൊല്ലല്‍ നടത്താന്‍ സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 173/4 അനുവാദം നല്‍കുന്നുണ്ട്‌. മുന്‍പ് രൂപതാ ദ്ധ്യക്ഷന്‍മാര്‍ക്കാണ്‌ പ്രത്യേക അനുമതി നല്‍കുന്നതിനുള്ള അധികാരമുണ്ടായിരുന്നത് 2009 ഓഗസ്റ്റില്‍ നടന്ന സീറോമലബാര്‍ മെത്രാന്‍ സിനഡ്‌ ഈ അധികാരം എല്ലാ ഫൊറോനാ വികാരിമാര്‍ക്കും നല്‍കി.

നിലാവ്‌ said...

എന്റെ അമ്മായിടെ മകൻ വിവാഹം കഴിക്കാൻ ഗൾഫിൽ നിന്നും വന്നു. വേദപാഠം പഠിച്ചു കേൾപ്പിക്കാൻ സമയം കിട്ടിയില്ല. കല്യാണം നടത്താൻ പറ്റില്ലെന്ന് പള്ളി വികാരി.അവസാനം തീരുമാനത്തിലെത്തി.10000 രൂപ പള്ളിക്ക്‌ കൊടുത്തു, കല്യാണവും നടന്നു. സീറൊ മലബാർ സഭയുടെ പ്രത്യേകനിയമത്തിലെ ഏത്‌ ആർട്ടിക്കിളിലാണ്‌ ഇങ്ങനെയൊരു വകുപ്പുള്ളത്‌?

. said...

പ്രിയ കിടങ്ങൂരാന്‍,
വിവാഹ ഒരുക്ക സെമിനാറില്‍ പങ്കെടുക്കാതെ വിവാഹം നടത്തുന്നതിന് സഭ പണം വാങ്ങുന്നുണ്ട്. അത് വിവാഹത്തിനുശേഷം സെമിനാറില്‍ പങ്കെടുക്കും എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ്. മാത്രമല്ല, ഇങ്ങനെ വാങ്ങുന്ന പണം വരന്‍, അല്ലെങ്കില്‍ വധു സെമിനാറില്‍ പങ്കെടുത്താലുടന്‍ തിരിച്ചു നല്‍കുകയും ചെയ്യും.സെമിനാര്‍ കൂടാതെ വിവാഹം നടത്തുന്നതിനും വേദപാഠം കേള്‍പ്പിക്കാത്തതിനും പണം വാങ്ങുന്നതായി അറിവില്ല.
അമ്മായിയുടെ മകനോട് ചോദിച്ച് വിവരം ഒന്നുകൂടി സ്ഥിരീകരിക്കുമല്ലോ.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls