Thursday, March 18, 2010

എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നത് എങ്ങനെ?

ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് എവിടെയും ഏതു സമയത്തും പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള യന്ത്രസംവിധാനമാണ് എ.ടി.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍. പണം കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ എ.ടി.എം ഉപയോഗിക്കുന്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ.

1. എ.ടി.എം കൗണ്ടറിന്‍റെ പരിസരത്ത് സംശയിക്കത്തക്ക രീതിയിലുള്ള ആളുകളില്ലെന്ന് ഉറപ്പുവരുത്തുക. കൗണ്ടറിനുള്ളില്‍ മറ്റാരുമില്ലെന്ന് സ്ഥിരീകരിക്കുക.

2. രാത്രി സമയത്താണെങ്കില്‍ നല്ല വെളിച്ചമുള്ള സ്ഥലത്തുള്ള എ.ടി.എം. കൗണ്ടര്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. വിശ്വസ്തരായ ആരെങ്കിലും ഒപ്പമുള്ളത് നന്ന്.

3. വാഹനത്തില്‍ ഇരുന്നുകൊണ്ടാണ് പണം എടുക്കുന്നതെങ്കില്‍ നിങ്ങള്‍ പിന്‍ ഉപയോഗിക്കുന്ന പിന്‍ നന്പര്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്തവിധം വാഹനം കൗണ്ടറിനോട് അടുപ്പിച്ചു നിര്‍ത്തുക.

4. കൗണ്ടറിന്‍റെ വാതില്‍ ലോക്ക് ചെയ്തിരിക്കുകയാണെങ്കില്‍ വശത്തെ ബട്ടനില്‍ അമര്‍ത്തിയാല്‍ തുറക്കും. എ.ടി.എമ്മില്‍ കയറിയശേഷം പഴ്സിലുംമറ്റും കാര്‍ഡ് തിരഞ്ഞ് സമയം കളയാതിരിക്കാന്‍ നേരത്തേ കാര്‍ഡ് കയ്യില്‍ കരുതുക.

5.ഇടപാട് തീരുന്നതുവരെ കാര്‍ഡ് കയറ്റിവയ്ക്കേണ്ട മെഷീനുകളും ആദ്യം കാര്‍ഡ് കയറ്റി ഊരിയശേഷം ഇടപാട് നടത്താവുന്ന മെഷീനുകളുമുണ്ട്. ആദ്യരീതിയിലുള്ളതാണെങ്കില്‍ പണമെടുത്തശേഷം കാര്‍ഡ് എടുത്തെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കൗണ്ടര്‍ വിടുക. മെഷീന്‍ രണ്ടാമത്തെ രീതിയിലുള്ളതാണെങ്കില്‍ കയറ്റി എടുത്ത് മെഷീനില്‍നിന്നുണ്ടാകുന്ന മറ്റു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനു മുന്പ് കാര്‍ഡ് എടുത്തെന്ന് ഉറപ്പാക്കുക. ഇടപാട് കഴിഞ്ഞ് 30 സെക്കന്‍ഡിലേറെ കാര്‍ഡ് പിന്‍വലിക്കാതിരുന്നാല്‍ മോഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ മെഷീന്‍ തന്നെ കാര്‍ഡ് വലിച്ചെടുക്കും.

6. ഇന്ത്യയിലെ എ.ടി.എമ്മുകളില്‍ പൊതുവേ കാര്‍ഡ് ഇട്ടാലുടന്‍ ഏതു ഭാഷയാണ് ആവശ്യമെന്ന് മെഷീന്‍ ആരായും. ഉദാഹരണത്തിന് സ്റ്റേബ് ബാങ്ക് ഓഫ്  ട്രാവന്‍കൂറിന്‍റെ എ.ടി.എമ്മില്‍ കാര്‍ഡ് ഇട്ടാല്‍ സെലക്ട് ലാംഗ്വേജ് ഓപ്ഷനില്‍ മലയാളവും ഇംഗ്ലീഷും തെളിയും. സ്ക്രീനില്‍ തെളിയുന്ന ഭാഷകളില്‍ നമുക്ക് വേണ്ടതിന്‍റെ സമീപത്തുള്ള ബട്ടനില്‍ ഞെക്കിയാല്‍ ആ തുടര്‍ന്നുള്ള വിവരങ്ങള്‍ ആ ഭാഷയില്‍ തെളിയും.

7. ടച്ച് സ്ക്രീന്‍ മെഷീനുകളില്‍ സ്ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളില്‍തന്നെയാണ് വിരല്‍ അമര്‍ത്തേണ്ടത്. അല്ലാത്ത മെഷീനുകളില്‍ ഓപ്ഷനുകളുടെ വശത്തുള്ള ബട്ടനുകളില്‍ അമര്‍ത്തുക.

8. തുടര്‍ന്ന് മെഷീന്‍ നമ്മുടെ പിന്‍ നന്പര്‍ ചോദിക്കും. അത് ടൈപ്പ് ചെയ്യുക. പിന്‍നന്പര്‍ കൂടുതല്‍ പ്രാവശ്യം തെറ്റിച്ച് ടൈപ്പ് ചെയ്താല്‍ ടെല്ലര്‍ മെഷീന്‍ കാര്‍ഡ് വലിച്ചെടുത്തേക്കാം. പിന്‍നന്പര്‍ ടൈപ്പ് ചെയ്യുന്നത് മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുക. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആരോടും പിന്‍നന്പര്‍ പങ്കുവയ്ക്കാതിരിക്കുക.

9. തുടര്‍ന്ന് തെളിയുന്ന ഇടപാടുകളില്‍(പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ബാലന്‍സ് അറിയല്‍ തുടങ്ങിയവ) ആവശ്യമുള്ളത് തെരഞ്ഞെടുക്കുക.

10.പണം പിന്‍വലിക്കല്‍ തെരഞ്ഞെടുത്തു എന്നിരിക്കട്ടെ.

11. അടുത്തതായി മെഷീന്‍ നമുക്ക് പിന്‍വലിക്കേണ്ട തുക ചോദിക്കും. അപ്പോള്‍ വേണ്ട തുക ടൈപ്പ് ചെയ്യുക. ചില മെഷീനുകളില്‍ തുക കഴിഞ്ഞ് '.00' കൂടി ഉണ്ടാകും. ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുപോയാല്‍ കിട്ടുന്ന തുക കുറഞ്ഞുപോകാനിടയുണ്ട്. തുക ടൈപ്പ് ചെയ്യുന്നത് തെറ്റിയാല്‍ കാന്‍സല്‍ ബട്ടന്‍ അമര്‍ത്തിയശേഷം വീണ്ടും എന്‍റര്‍ ചെയ്യാം.

12.മിക്ക മെഷീനുകളിലും നൂറിന്‍റെ ഗുണിതങ്ങളില്‍ അവസാനിക്കുന്ന തുകമാത്രമേ പിന്‍വലിക്കാനാകൂ.അതായത് ഒന്നുമുതല്‍ 99 വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്ന തുക പിന്‍വലിക്കാന്‍ കഴിയില്ല.

13. തുക ടൈപ്പ് ചെയ്യുന്നതിനു മുന്പോ ശേഷമോ(പല ബാങ്കുകളുടെയും മെഷീനുകളില്‍ വ്യത്യസ്ത രീതിയിലാവാം) ഇടപാടിന് റെസിപ്റ്റ് വേണ്ടതുണ്ടോ എന്ന് ചോദിക്കും. ഇതിനും ബട്ടന്‍ അമര്‍ത്തി ഉത്തരം നല്‍കാം.

14. ചില ബാങ്കുകളുടെ മെഷീനുകളില്‍ ടൈപ്പ് ചെയ്ത തുക സ്ഥിരീകരിക്കാന്‍ ഓപ്ഷനുണ്ട്. പണം പുറത്തുവന്നാലുടന്‍ എടുക്കുക. ഏറെ വൈകുന്നപക്ഷം ചില ബാങ്കുകളുടെ മെഷീനുകള്‍ പണം തിരിച്ചെടുക്കാറുണ്ട്.

15.ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ റെസിപ്റ്റ് ലഭിക്കും.

16. ഉടന്‍ മറ്റൊരു ഇടപാട് ആവശ്യമുണ്ടോ എന്ന് മെഷീന്‍ ആരായും. ഇതിനും ആവശ്യമനുസരിച്ച് ഉത്തരം നല്‍കുക.

17. പണവും റെസിപ്റ്റും കാര്‍ഡും എടുത്തു എന്ന് ഉറപ്പിച്ചശേഷം മാത്രം കൗണ്ടര്‍ വിടുക. ഇടപാട് അവാസാനിച്ചു എന്ന് ഒന്നുകൂടി സ്ഥിരീകരിക്കാന്‍ കാന്‍സല്‍ ബട്ടന്‍ അമര്‍ത്തുക.

18. കൗണ്ടര്‍ പൂട്ടിയിട്ടുണ്ടെങ്കില്‍ പ്രവേശിച്ചപ്പോള്‍ ചെയ്തതതുപോലെതന്നെ അകത്തുള്ള ബട്ടനില്‍ അമര്‍ത്തിയാല്‍ തുറക്കും.

19. ബാങ്ക് രേഖകളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ റെസിപ്റ്റ് സൂക്ഷിച്ചുവയ്ക്കുക.

1 comments:

. said...

ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് എവിടെയും ഏതു സമയത്തും പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള യന്ത്രസംവിധാനമാണ് എ.ടി.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍. പണം കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ എ.ടി.എം ഉപയോഗിക്കുന്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls