Monday, March 8, 2010

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നത് എങ്ങനെ

സാധാരണ ഗതിയില്‍ മാധ്യമങ്ങള്‍ എന്നു പറയുന്പോള്‍ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും  റേഡിയോ സര്‍വീസുകളും വാര്‍ത്താ ഏജന്‍സികളും അതില്‍ ഉള്‍പ്പെടുന്നു. ടെലിവിഷന്‍ ചാനലുകള്‍ പ്രാദേശിക വാര്‍ത്തകള്‍ അധികം നല്‍കാത്തത്തിനാല്‍ ഇത്തരം വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ പൊതുവേ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഭൂരിഭാഗം പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എല്ലാ ജില്ലകളിലും പ്രതിനിധികളുണ്ട്. ഇതിനു പുറമെ ജീവനക്കാരല്ലാത്ത പ്രാദേശിക ലേഖകരും പത്ര ഏജന്‍റുമാരും വാര്‍ത്തകള്‍ കൈകാര്യം ചെയ്യാറുണ്ട്.

1. വാര്‍ത്ത തികച്ചും പ്രാദേശികമാണെങ്കില്‍ അത് ഏതൊക്കെ പത്രത്തിലാണോ വരേണ്ടത്, അതതു പത്രങ്ങളുടെ പ്രാദേശിക ലേഖകരുമായോ ഏജന്‍റുമാരുമായോ ബന്ധപ്പെട്ട് അവരോട് പറയുകയോ എഴുതി നല്‍കുകയോ ചെയ്യാം.


2. എല്ലാ പത്രങ്ങളുടെയും പ്രാദേശിക പേജില്‍ വാര്‍ത്ത വരേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തില്‍ പ്രാദേശിക ലേഖകരെ വിളിച്ചുചേര്‍ത്ത് ഒരു വാര്‍ത്താസമ്മേളനം നടത്താം.

3. ജില്ലാ തലത്തിലോ സംസ്ഥാനതലത്തിലോ വരേണ്ട വാര്‍ത്തയാണെങ്കില്‍ അതത് ജില്ലാ കേന്ദ്രത്തിലുള്ള പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താം. പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് ജില്ലാ കേന്ദ്രങ്ങളിലെ പ്രസ് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലാ പ്രസ് ക്ലബുകളിലും രാവിലെ പതിനൊന്നു മണിമുതല്‍ നടക്കാറുള്ള വാര്‍ത്താസമ്മേളത്തില്‍ പത്രങ്ങളുടെയും ചാനലുകളുടെയും വാര്‍ത്താ ഏജന്‍സികളുടെയും റേഡിയോകളുടെയുമൊക്കെ പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്. മാധ്യമങ്ങള്‍ക്ക് ഒരുവിധത്തിലും അവഗണിക്കാന്‍ പറ്റാത്ത വാര്‍ത്തയാണെങ്കില്‍ മാത്രമേ പ്രസ് ക്ലബില്‍ മറ്റു സമയങ്ങളില്‍(ഉച്ചകഴിഞ്ഞും മറ്റും) വാര്‍ത്താസമ്മേളനം നടത്താവൂ.


4. പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ്.

5. പത്രസമ്മേളനം നടത്തുന്നത് പ്രാദേശിക കേന്ദ്രത്തിലായാലും ജില്ലാ കേന്ദ്രത്തിലായാലും വാര്‍ത്ത മാധ്യമങ്ങളില്‍ വരേണ്ട രീതിയില്‍തന്നെ ഒരു പത്രക്കുറിപ്പ് തയാറാക്കി എല്ലാവര്‍ക്കും നല്‍കുന്നത് ഉചിതമായിരിക്കും.

6. പത്രങ്ങളിലും മറ്റും പേജ് രൂപകല്‍പ്പന ചെയ്യുന്പോള്‍ പലപ്പോഴും വാര്‍ത്തകളുടെ അവസാന ഭാഗം വെട്ടിക്കളയേണ്ടിവരാറുണ്ട്. ഇങ്ങനെ വെട്ടിക്കളയുന്പോള്‍ പ്രധാന ഭാഗങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ തലതിരിച്ചുവച്ച പിരമിഡിന്‍റെ രൂപത്തിലാണ് വാര്‍ത്ത തയാറാക്കേണ്ടത്. അതായത്, പ്രാധാന്യമുള്ള ഭാഗങ്ങള്‍ ആദ്യവും ഒഴിവാക്കിയാലും കഴപ്പമില്ലാത്ത ഭാഗം അവസാനവും എന്ന രീതിയില്‍.


7. പത്രക്കുറിപ്പിലെ കാര്യങ്ങള്‍തന്നെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കാം.

8. പത്രസമ്മേളനത്തില്‍ പ്രധാന വിഷയത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്ന സ്വഭാവമുള്ള ചോദ്യങ്ങള്‍ക്ക് വിശദമായി ഉത്തരം നല്‍കിയാല്‍ പത്രസമ്മേളനം നടത്തുന്നവര്‍ ഉദ്ദേശിക്കുന്ന രീതിയിലാവില്ല വാര്‍ത്ത വരിക.

9. വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും ഉച്ചയ്കും രാത്രിയുമൊക്കെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താറുണ്ട്. ഇത്തരം വാര്‍ത്താസമ്മേളനങ്ങള്‍ക്കെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും ഭക്ഷണവും സമ്മാനങ്ങളും നല്‍കുന്ന പതിവുമുണ്ട്.


10. മാധ്യമങ്ങള്‍ക്ക് പരിചയമുള്ള സംഘടനകളെ സംബന്ധിച്ചിടത്തോളം ആതീവ പ്രധാന്യമുള്ളതല്ലാത്ത വാര്‍ത്ത നല്‍കാന്‍ പ്രസ് ക്ലബുകളില്‍ എല്ലാ മാധ്യമങ്ങള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ള പെട്ടികളില്‍ പത്രക്കുറിപ്പ് ഇട്ടാല്‍ മതിയാകും.

11. സാധാരണ വാര്‍ത്തകളും ചിത്രങ്ങളുംപോലെതന്നെ ചിത്രം ഉള്‍പ്പെടെയുള്ള ചരമ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നതിന് ഒരു പത്രവും പണം ഇടാക്കുന്നില്ല. ചരമ വാര്‍ത്തകള്‍ ഏജന്‍റുമുഖേനയോ പ്രാദേശിക ലേഖകര്‍ മുഖേനയോ ജില്ലാ ബ്യൂറോ വഴിയോ എത്തിക്കാം. അത്യാവശ്യഘട്ടങ്ങളില്‍ മതിയായ തിരിച്ചറിയല്‍ വിവരങ്ങള്‍ നല്‍കി ടെലിഫോണിലൂടെയും ചരമവാര്‍ത്ത നല്‍കാം.

2 comments:

കൊടികുത്തി said...

നന്നായി.വളരെ ഗൂണപ്രദം.കോര്‍പറേറ്റ് സ്റ്റാപനങ്ങള്‍ ഉച്ചക്ക് മദ്യവും നല്‍കാരുണ്ട് എന്നു പറഞ്ഞത് അതിലും നന്നായി.കാരണം നോക്കീം കണ്ടും കാര്യങ്ങള്‍ കൈകാര്യം ചെയ്യാല്ലൊ.പിന്നെ സംസ്താന തലത്തില്‍ വാര്‍ത നല്‍ക്കണമെങ്കില്‍ എന്തു ചെയ്യണമെന്നു പറഞ്ഞില്ല. എങ്കിലും ഉപകാരപ്രദമായിരുന്നു.

. said...

kodikuthi,
സംസ്ഥാനതലത്തില്‍ വാര്‍ത്ത നല്‍കാനുള്ള മാര്‍ഗം മൂന്നാമക്കെ പോയിന്‍റില്‍ പറഞ്ഞിട്ടുണ്ട്.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls