Monday, June 28, 2010

ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനത്തിന് അപേക്ഷിക്കുന്നത് എങ്ങനെ?

21നും 35നും ഇടയ്ക്ക് പ്രായമുള്ളവരെയാണ് തൊഴില്‍രഹിത വേതനത്തിനായി പരിഗണിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 12,000 രൂപയില്‍ കവിയരുത്. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.


1. നിര്‍ദിഷ്ട ഫോറത്തിലുള്ള രണ്ട് അപേക്ഷകര്‍ സമര്‍പ്പിക്കണം.

2.എസ്.എസ്.എല്‍.സി ബുക്കിലെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പുകള്‍, എംപ്ലോയ് മെന്‍റ് രജിസ്ഷ്ട്രേഷന്‍ കാര്‍ഡ്, നിലവില്‍ വേതനം വാങ്ങുന്നവരാണെങ്കില്‍ അതിന് ഉപയോഗിക്കുന്ന കാര്‍ഡ്, റേഷന്‍കാര്‍ഡിന്‍റെ 1,2 പേജുകളുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

3. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസം നടത്തുന്നവരെയാണ് ഈ പദ്ധതിയില്‍ വിദ്യാര്‍ത്ഥികളായി പരിഗണിക്കുന്നത്. ആറു മാസം വരെയുള്ള കന്പ്യൂട്ടര്‍ പഠനം, ടൈപ്പ് റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്‍ഡ്, ഇവയെ ഈ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത കോഴ്സുകളില്‍ പഠിക്കുന്നവര്‍ വിദ്യാര്‍ത്ഥി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല.


4. അപേക്ഷകര്‍ എസ്.എസ്.എല്‍സി പാസായവരായിരിക്കണം. സ്പേഷ്യല്‍ ചാന്‍സില്‍ ഏയ്ജ് ഓവര്‍ പാസുകാര്‍ക്ക് വേതനത്തിന് അര്‍ഹതയില്ല.


5. പട്ടികജാതി, പട്ടികവര്‍ഗ,വികലാംഗ വിഭാഗങ്ങളിലുള്ള അപേക്ഷകര്‍ ‍എസ്.എസ്.എല്‍.സി തോറ്റതിന്‍റെ രേഖ ഹാജരാക്കിയാല്‍ മതിയാകും.


6. തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്പോള്‍ പതിനെട്ടു വയസ്സിനുശഷം മൂന്നു വര്‍ഷം രജിസ്ടേഷന്‍ ഉണ്ടായിരിക്കേണ്ടതും 35 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. അംഗവൈകല്യമുള്ളവര്‍ക്ക് 18 വയസിനു ശേഷം രണ്ടുവര്‍ഷമെങ്കിലും സീനിയോറിറ്റി ഉണ്ടായിരിക്കേണ്ടതും 35 വയസ് കഴിയാന്‍ പാടില്ലാത്തതുമാകുന്നു.


7.തൊഴില്‍ രഹിതര്‍ എന്നാല്‍ വരുമാന മാനദണ്ഡം 2 പ്രകാരം വിദ്യാര്‍ത്ഥിയായിരിക്കരുത്. സര്‍ക്കാരില്‍നിന്ന് തുടര്‍ച്ചയായി ധനസഹായം സ്വീകരിക്കുന്ന ആളാകരുത്.

8. അപേക്ഷാഫീസ് ഇല്ല.


9. അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകനെ വിവരം അറിയിക്കുന്നതാണ്.


ഓര്‍ക്കൂട്ടിലെ ഒരു കമ്യൂണിറ്റി ഉടമയ്ക്ക് മായ്ക്കാന്‍ കഴിയുന്നത് എങ്ങനെ?

ഓര്‍ക്കൂട്ടിലെ കമ്യൂണിറ്റി സൃഷ്ടിച്ചയാള്‍ക്കോ സഹ ഉടമയ്ക്കോ മാത്രമേ മായ്ച്ചുകളയാന് കഴിയൂ. ഇത് വളരെ എളുപ്പമാണ്.



1. ആദ്യമായി സൈന് ഇന് ചെയ്തശേഷം മായ്ച്ചു കളയേണ്ട കമ്യൂണിറ്റി സെലക്ട് ചെയ്യുക.



2. കമ്യൂണിറ്റിയില് എഡിറ്റ് പ്രൊഫൈല് എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക.


3. തുടര്‍ന്ന് ഇടതു വശത്ത് താഴെയായി കാണുന്ന ഡിലീറ്റ് കമ്യൂണിറ്റി എന്നതില് ക്ലിക്ക് ചെയ്താല് കമ്യൂണിറ്റി മായ്ക്കപ്പെടും.


Thursday, April 1, 2010

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(2)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. സീറോമലബാര്‍ സഭയില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി അതിരൂപതയിലെ വീടുകളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി, ഉഴുന്ന്‌ ,തേങ്ങാപ്പാല്‍,വെളുത്തുള്ളി, വലിയ ജീരകം , ഉപ്പ്‌.

1.പെസഹാവ്യാഴാഴ്ച്ച  രാവിലെ ഉഴുന്നും പച്ചരിയും ഒന്നിച്ച് വെള്ളത്തിലിടുക

2.ഉച്ചയോടെ ഇത് എടുത്ത് മിക്സിയിലോ ആട്ടുകല്ലിലോ അരച്ചെടുക്കുക.

3വൈകുന്നേരം അഞ്ചു മണിയോടെ ജീരകവും വെളുത്തുള്ളിയും തേങ്ങയും ചേര്‍ത്തരയ്ക്കുക.

4.ഈ മിശ്രിതം നേരത്തെ തയാറാക്കിവച്ചിരിക്കുന്ന പച്ചരിയും ഉഴുന്നും ചേര്‍ന്ന മിശ്രിതത്തില്‍ ചേര്‍ക്കുക.

5.ഒരു മണിക്കൂറിനുശേഷം ഈ മാവ് എടുത്ത് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ ഒഴിച്ച് അടച്ചു വേവിക്കുക.


6. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പാലും പഴവും
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര, തേങ്ങാപ്പാല്‍, അരിപ്പൊടി, ജീരകം, പഴം.


1.തേങ്ങ ആട്ടിയെടുത്ത് ഒന്നാം പാല്‍ മാറ്റിവയ്ക്കുക.

2. രണ്ടാം പാല്‍ അടുപ്പില്‍വച്ച് തിളപ്പിക്കുക. തിളയ്ക്കുന്പോള്‍ അരിപ്പൊടി കലക്കിയൊഴിക്കുക.

3. ഈ മിശ്രിതം കൊഴുക്കുന്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ഇതിലേക്ക് ചേര്‍ക്കുക.

4. തുടര്‍ന്ന് ചെറുപഴം വട്ടത്തില്‍ അരിഞ്ഞിടുക.

5. ജീരകം പൊടിച്ചു ചേര്‍ത്ത് തിളച്ചശേഷം അടുപ്പില്‍നിന്നിറക്കി ഉപയോഗിക്കാം.

Monday, March 29, 2010

ഗ്രാമപഞ്ചായത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

അറുപതു വയസു തികഞ്ഞവര്‍ക്കാണ് ഗ്രാമപഞ്ചായത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കുക.  അപേക്ഷാ ഫീസില്ല. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ തിരിച്ചറിയല്‍ രേഖ, സ്ഥലത്തിന്‍റെ വിവരം, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.

2. അപേക്ഷന്‍ കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തില്‍ താമസിച്ചുവരുന്ന ആളായിരിക്കണം.

3. അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 11000 രൂപയില്‍ കവിയരുത്. ഭര്‍ത്താവിന്‍റെ,ഭാര്യയുടെ/വിവാഹിതരല്ലാത്ത മക്കളുടെ വരുമാനം ഇതിനായി കണക്കിലെടുക്കുന്നതാണ്.

4. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

5. കര്‍ഷകത്തൊഴിലാളി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇനിപ്പറയുന്നവയാണ്. 1)ഭൂവുടമകളുടെ കീഴില്‍ കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു കഴിയുന്നയാള്‍ 2)വാര്‍ധക്യമോ ശേഷിക്കുറവോ മൂലം ഇപ്പോള്‍ കാര്‍ഷികവൃത്തി ചെയ്യാന്‍ കഴിയാത്തയാള്‍ 3)1974-ലെ കര്‍ഷകത്തൊഴിലാളി നിയമപ്രകാരമുള്ള ക്ഷേമനിധിയില്‍ അംഗം(2002മുതല്‍ മാത്രം ബാധകം)

6 അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്.

ഗ്രാമപഞ്ചായത്തില്‍ വൈകല്യങ്ങള്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

അംഗവൈകല്യമോ മാനസിക വൈകല്യമോ ഉള്ളവര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ പെന്‍ഷന് അപേക്ഷിക്കാവുന്നതാണ്. അന്ധര്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. അംഗവൈകല്യത്തിന്‍റെ ശതമാനം സ്ഥിരീകരിച്ച് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രം ഇതിനായി ഹാജരാക്കേണ്ടതുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റത്തിന് വിധേയമാണ്.

1.റേഷന്‍കാര്‍ഡ്, കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ എന്നിവ ഹാജരാക്കണം.

2. അപേക്ഷകര്‍ക്ക് പ്രായപരിധി നിബന്ധനയില്ല.

3. അപേക്ഷകന്‍ മാനസിക വൈകല്യമുള്ളയാളോ പ്രായപൂര്‍ത്തിയാകാത്തയാളോ ആണെങ്കില്‍ രക്ഷാകര്‍ത്താവിന് അപേക്ഷ സമര്‍പ്പിക്കാവുന്നതും ഗുണഭോക്താവിനുവേണ്ടി പെന്‍ഷന്‍ സ്വീകരിക്കാവുന്നതുമാണ്.

4.അപേക്ഷകന് വരുമാനം ഉണ്ടായിരിക്കരുത്

5. കുടുംബവാര്‍ഷികവരുമാനം ആറായിരം രൂപയില്‍ കവിയാന്‍ പാടില്ല. പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, ചെറുമകന്‍ എന്നിവരെയാണ് കുടുംബത്തിന്‍റെ ഭാഗമായി പരിഗണിക്കുക. കുടുംബാംഗങ്ങളുടെ വരുമാനത്തിനൊപ്പം കൃഷി, ഭൂമി, കച്ചവടം തുടങ്ങിയവയില്‍നിന്നുള്ള വരുമാനവും കുടുംബവരുമാനമായി കണക്കാക്കും.

6. അപേക്ഷകന്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം.

7. അപേക്ഷയ്ക്കൊപ്പം ഫീസ് അടക്കേണ്ടതില്ല.

8. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് അധികൃതര്‍ വിവരം നല്‍കും.

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(1)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. എറണാകുളം ജില്ലയിലെ ലത്തീന്‍ കത്തോലിക്കാ ഭവനങ്ങളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍(നാലംഗ കുടുംബത്തിനു വേണ്ടത്‌)
അരിപ്പൊടി-അരക്കിലോ (നന്നായി അരിച്ചെടുത്തത്‌)
ഉഴുന്ന്‌ - 75 ഗ്രാം,
തേങ്ങാപ്പാല്‍-ഒരു മുറിയുടെ പകുതി രണ്ടര ഗ്ലാസ്‌
വെളുത്തുള്ളി-3 അല്ലി
വലിയ ജീരകം - ഒരു നുള്ള്‌
ഉപ്പ്‌ -പാകത്തിന്‌

1. ഉഴുന്ന്‌ തലേന്നുരാത്രി വെള്ളത്തിലിട്ട്‌ കുതിര്‍ത്തത്‌ വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത്‌ അരകല്ലിലോ മിക്‌സിയിലോ അരച്ചെടുക്കുക.


2. ഈ മിശ്രിതം അരിപ്പൊടിയുമായി ചേര്‍ത്ത്‌ ആദ്യം തേങ്ങയുടെ രണ്ടാംപാല്‍, തുടര്‍ന്ന്‌ ഒന്നാം പാല്‍ എന്ന ക്രമത്തില്‍ ചേര്‍ക്കുക.
3.മിശ്രിതത്തില്‍ പാകത്തിന്‌ ഉപ്പു ചേര്‍ത്ത്‌ കുഴച്ചെടുത്ത്‌ മാവു പരുവത്തിലാക്കുക.

4.അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ മാവൊഴിച്ച്‌ അടച്ചു വേവിക്കുക.

5. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പെസഹാപ്പാല്‌
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര-കാല്‍ കിലോ
ഏലക്കായ- നാലെണ്ണം(പൊടിച്ചത്‌)
തേങ്ങാപ്പാല്‍-ഒരു മുറിയുടെ പകുതി
മൈദ-50 ഗ്രാം, ചെറിയ ജീരകം -ഒരു നുള്ള്‌


1.കാല്‍ ഗ്ലാസ്‌ വെള്ളം ചേര്‍ത്ത്‌ ശര്‍ക്ക ഉരുക്കി അരിച്ചെടുക്കുക. അതിലേക്ക്‌ തേങ്ങാപ്പാല്‍ ഒഴിക്കുക.


2. ഈ മിശ്രിതത്തില്‍ ഏലക്കായ, ജീരകം ഇവ പൊടിച്ചുചേര്‍ത്ത്‌ ഇളക്കുക.


3. തുടര്‍ന്ന്‌ ഇതില്‍ മൈദയും ചേര്‍ത്ത്‌ ചൂടാക്കുക. ഇത്‌ തിളയ്‌ക്കുന്നതോടെ ശര്‍ക്കര പാനി തയാറായിക്കഴിഞ്ഞു.

Thursday, March 25, 2010

ഗ്രാമപ്പഞ്ചായത്തില്‍ വിധവാപെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

പതിനെട്ടു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകളുടെ അപേക്ഷകളാണ് വിധവാപെന്‍ഷനുവേണ്ടി ഗ്രാമപഞ്ചായത്തില്‍ പരിഗണിക്കുക. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ ചേര്‍ത്തിട്ടുള്ള നിബന്ധനകള്‍  കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1.നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയ്ക്കൊപ്പം ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റോ ഉപേക്ഷിക്കപ്പെട്ടതു സംബന്ധിച്ച രേഖയോ ഏഴു വര്‍ഷമായി ഭര്‍ത്താവിന്‍റെ അസാന്നിധ്യം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

2. റേഷന്‍ കാര്‍ഡും ഭൂസ്വത്തിന്‍റെ വിവരങ്ങളും ഹാജരാക്കണം

3.അപേക്ഷ മാനസിക വൈകല്യമുള്ളയാളാണെങ്കില്‍ രക്ഷാകര്‍ത്താവിന് അവരുടെ പേരില്‍ അപേക്ഷ നല്‍കാവുന്നതും പെന്‍ഷന്‍ സ്വീകരിക്കാവുന്നതുമാണ്.

4. അപേക്ഷകയ്ക്ക് വരുമാനം ഉണ്ടായിരിക്കരുത്. അല്ലെങ്കില്‍ പ്രതിവര്‍ഷ കുടുംബവരുമാനം 3600 രൂപയില്‍ കവിയാന്‍ പാടില്ല. ഇരുപതു വയസു കഴിഞ്ഞ ആണ്‍മക്കളുടെ ഉള്‍പ്പെടെ വരുമാനം കുടുംബവരുമാനമായി കണക്കാക്കും.

5.അപേക്ഷക സംസ്ഥാനത്തുതന്നെ മൂന്നു വര്‍ഷമായി താമസിച്ചുവരുന്നയാളായിരിക്കണം

6.ഭര്‍ത്താവ് മരിച്ചവരെയും വിവാഹമോചനം നേടിയവരെയും ഏഴു വര്‍ഷത്തിലധികമായി ഭര്‍ത്താവിന്‍റെ അസാന്നിധ്യം അനുഭവിക്കുന്നവരെയുമാണ് വിധവകളായി പരിഗണിക്കുക.

7. അപേക്ഷക യാചകവൃത്തി ചെയ്യുന്നയാളോ അഗതി മന്ദിരത്തിലെ അന്തേവാസിയോ മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നയാളോ ആയിരിക്കരുത്

8. അപേക്ഷാ ഫീസ് ഇല്ല

9. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്.

Saturday, March 20, 2010

ഗ്രാമപഞ്ചായത്തില്‍ ദേശീയ വാര്‍ധക്യകാല പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങന?

ദേശീയ വാര്‍ധക്യകാല പെന്‍ഷന് നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള  അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.  ഇവിടെ നല്‍യിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.



1. റേഷന്‍ കാര്‍ഡിന്‍റെ 1,2 പേജുകളുടെ കോപ്പിയും ഭൂസ്വത്തിന്‍റെ വിവരവും അപേക്ഷയ്ക്കൊപ്പമുണ്ടായിരിക്കണം.

2.അപേക്ഷകന്‍റെ പ്രായം 65 വയസിന് മുകളിലായിരിക്കണം

3. അപേക്ഷകന് /അപേക്ഷകയ്ക്ക് സ്വന്തമായി വരുമാനം ഉണ്ടായിരിക്കരുത്. ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് വാര്‍ഷിക വരുമാനം 11000 രൂപയില്‍ കവിയാന്‍ പാടില്ല.

4. അപേക്ഷന്‍ കുറഞ്ഞത് മൂന്നു വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനത്ത് താമസിച്ചുവരുന്നയാളായിരിക്കണം

5. അപേക്ഷകന്‍ അഗതിയായ വൃദ്ധന്‍ അല്ലെങ്കില്‍ വൃദ്ധ ആയിരിക്കണം. യാചകന്‍ ആയിരിക്കരുത്.

6. മറ്റു പെന്‍ഷനുകള്‍ സ്വീകരിക്കുന്നയാള്‍ ആകരുത്.



7.അപേക്ഷ സമര്‍പ്പിക്കാന്‍ ഫീസില്ല.


8. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്

ഗ്രാമപ്പഞ്ചായത്തില്‍ പൊതുപരാതികള്‍ സമര്‍പ്പിക്കുന്നത് എങ്ങനെ?

വെള്ളക്കടലാസില്‍ അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ചാണ് ഗ്രാമപഞ്ചായത്തില്‍ പൊതുവായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കേണ്ടത്.  ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. പരാതിക്കാധാരമായ വഇഷയത്തിന്‍റെ ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്തണം.

2. പരാതി വ്യക്തികളെക്കുറിച്ചാണെങ്കില്‍ അവരുടെ മേല്‍വിലാസം  വ്യക്തമായി കാണിച്ചിരിക്കണം.

3. ഇതിന് മറ്റു നിബന്ധനകളോ ഫീസോ ഇല്ല.

4. പരാതി ലഭിച്ചാലുടന്‍ പരാതിക്കാരന് പഞ്ചായത്തില്‍നിന്ന് രസീത് നല്‍കും. സാധാരണ പരാതികളില്‍ അഞ്ചു ദിവസത്തിനുള്ളിലും അന്വേഷണം വേണ്ടവയില്‍ പതിനഞ്ചു ദിവസത്തിനുള്ളിലും നടപടി സ്വീകരിക്കുന്നതാണ്.

Thursday, March 18, 2010

എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നത് എങ്ങനെ?

ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് എവിടെയും ഏതു സമയത്തും പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള യന്ത്രസംവിധാനമാണ് എ.ടി.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍. പണം കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ടുതന്നെ എ.ടി.എം ഉപയോഗിക്കുന്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ.

1. എ.ടി.എം കൗണ്ടറിന്‍റെ പരിസരത്ത് സംശയിക്കത്തക്ക രീതിയിലുള്ള ആളുകളില്ലെന്ന് ഉറപ്പുവരുത്തുക. കൗണ്ടറിനുള്ളില്‍ മറ്റാരുമില്ലെന്ന് സ്ഥിരീകരിക്കുക.

2. രാത്രി സമയത്താണെങ്കില്‍ നല്ല വെളിച്ചമുള്ള സ്ഥലത്തുള്ള എ.ടി.എം. കൗണ്ടര്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. വിശ്വസ്തരായ ആരെങ്കിലും ഒപ്പമുള്ളത് നന്ന്.

3. വാഹനത്തില്‍ ഇരുന്നുകൊണ്ടാണ് പണം എടുക്കുന്നതെങ്കില്‍ നിങ്ങള്‍ പിന്‍ ഉപയോഗിക്കുന്ന പിന്‍ നന്പര്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്തവിധം വാഹനം കൗണ്ടറിനോട് അടുപ്പിച്ചു നിര്‍ത്തുക.

4. കൗണ്ടറിന്‍റെ വാതില്‍ ലോക്ക് ചെയ്തിരിക്കുകയാണെങ്കില്‍ വശത്തെ ബട്ടനില്‍ അമര്‍ത്തിയാല്‍ തുറക്കും. എ.ടി.എമ്മില്‍ കയറിയശേഷം പഴ്സിലുംമറ്റും കാര്‍ഡ് തിരഞ്ഞ് സമയം കളയാതിരിക്കാന്‍ നേരത്തേ കാര്‍ഡ് കയ്യില്‍ കരുതുക.

5.ഇടപാട് തീരുന്നതുവരെ കാര്‍ഡ് കയറ്റിവയ്ക്കേണ്ട മെഷീനുകളും ആദ്യം കാര്‍ഡ് കയറ്റി ഊരിയശേഷം ഇടപാട് നടത്താവുന്ന മെഷീനുകളുമുണ്ട്. ആദ്യരീതിയിലുള്ളതാണെങ്കില്‍ പണമെടുത്തശേഷം കാര്‍ഡ് എടുത്തെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കൗണ്ടര്‍ വിടുക. മെഷീന്‍ രണ്ടാമത്തെ രീതിയിലുള്ളതാണെങ്കില്‍ കയറ്റി എടുത്ത് മെഷീനില്‍നിന്നുണ്ടാകുന്ന മറ്റു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനു മുന്പ് കാര്‍ഡ് എടുത്തെന്ന് ഉറപ്പാക്കുക. ഇടപാട് കഴിഞ്ഞ് 30 സെക്കന്‍ഡിലേറെ കാര്‍ഡ് പിന്‍വലിക്കാതിരുന്നാല്‍ മോഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ മെഷീന്‍ തന്നെ കാര്‍ഡ് വലിച്ചെടുക്കും.

6. ഇന്ത്യയിലെ എ.ടി.എമ്മുകളില്‍ പൊതുവേ കാര്‍ഡ് ഇട്ടാലുടന്‍ ഏതു ഭാഷയാണ് ആവശ്യമെന്ന് മെഷീന്‍ ആരായും. ഉദാഹരണത്തിന് സ്റ്റേബ് ബാങ്ക് ഓഫ്  ട്രാവന്‍കൂറിന്‍റെ എ.ടി.എമ്മില്‍ കാര്‍ഡ് ഇട്ടാല്‍ സെലക്ട് ലാംഗ്വേജ് ഓപ്ഷനില്‍ മലയാളവും ഇംഗ്ലീഷും തെളിയും. സ്ക്രീനില്‍ തെളിയുന്ന ഭാഷകളില്‍ നമുക്ക് വേണ്ടതിന്‍റെ സമീപത്തുള്ള ബട്ടനില്‍ ഞെക്കിയാല്‍ ആ തുടര്‍ന്നുള്ള വിവരങ്ങള്‍ ആ ഭാഷയില്‍ തെളിയും.

7. ടച്ച് സ്ക്രീന്‍ മെഷീനുകളില്‍ സ്ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളില്‍തന്നെയാണ് വിരല്‍ അമര്‍ത്തേണ്ടത്. അല്ലാത്ത മെഷീനുകളില്‍ ഓപ്ഷനുകളുടെ വശത്തുള്ള ബട്ടനുകളില്‍ അമര്‍ത്തുക.

8. തുടര്‍ന്ന് മെഷീന്‍ നമ്മുടെ പിന്‍ നന്പര്‍ ചോദിക്കും. അത് ടൈപ്പ് ചെയ്യുക. പിന്‍നന്പര്‍ കൂടുതല്‍ പ്രാവശ്യം തെറ്റിച്ച് ടൈപ്പ് ചെയ്താല്‍ ടെല്ലര്‍ മെഷീന്‍ കാര്‍ഡ് വലിച്ചെടുത്തേക്കാം. പിന്‍നന്പര്‍ ടൈപ്പ് ചെയ്യുന്നത് മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തുക. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആരോടും പിന്‍നന്പര്‍ പങ്കുവയ്ക്കാതിരിക്കുക.

9. തുടര്‍ന്ന് തെളിയുന്ന ഇടപാടുകളില്‍(പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ബാലന്‍സ് അറിയല്‍ തുടങ്ങിയവ) ആവശ്യമുള്ളത് തെരഞ്ഞെടുക്കുക.

10.പണം പിന്‍വലിക്കല്‍ തെരഞ്ഞെടുത്തു എന്നിരിക്കട്ടെ.

11. അടുത്തതായി മെഷീന്‍ നമുക്ക് പിന്‍വലിക്കേണ്ട തുക ചോദിക്കും. അപ്പോള്‍ വേണ്ട തുക ടൈപ്പ് ചെയ്യുക. ചില മെഷീനുകളില്‍ തുക കഴിഞ്ഞ് '.00' കൂടി ഉണ്ടാകും. ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുപോയാല്‍ കിട്ടുന്ന തുക കുറഞ്ഞുപോകാനിടയുണ്ട്. തുക ടൈപ്പ് ചെയ്യുന്നത് തെറ്റിയാല്‍ കാന്‍സല്‍ ബട്ടന്‍ അമര്‍ത്തിയശേഷം വീണ്ടും എന്‍റര്‍ ചെയ്യാം.

12.മിക്ക മെഷീനുകളിലും നൂറിന്‍റെ ഗുണിതങ്ങളില്‍ അവസാനിക്കുന്ന തുകമാത്രമേ പിന്‍വലിക്കാനാകൂ.അതായത് ഒന്നുമുതല്‍ 99 വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്ന തുക പിന്‍വലിക്കാന്‍ കഴിയില്ല.

13. തുക ടൈപ്പ് ചെയ്യുന്നതിനു മുന്പോ ശേഷമോ(പല ബാങ്കുകളുടെയും മെഷീനുകളില്‍ വ്യത്യസ്ത രീതിയിലാവാം) ഇടപാടിന് റെസിപ്റ്റ് വേണ്ടതുണ്ടോ എന്ന് ചോദിക്കും. ഇതിനും ബട്ടന്‍ അമര്‍ത്തി ഉത്തരം നല്‍കാം.

14. ചില ബാങ്കുകളുടെ മെഷീനുകളില്‍ ടൈപ്പ് ചെയ്ത തുക സ്ഥിരീകരിക്കാന്‍ ഓപ്ഷനുണ്ട്. പണം പുറത്തുവന്നാലുടന്‍ എടുക്കുക. ഏറെ വൈകുന്നപക്ഷം ചില ബാങ്കുകളുടെ മെഷീനുകള്‍ പണം തിരിച്ചെടുക്കാറുണ്ട്.

15.ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ റെസിപ്റ്റ് ലഭിക്കും.

16. ഉടന്‍ മറ്റൊരു ഇടപാട് ആവശ്യമുണ്ടോ എന്ന് മെഷീന്‍ ആരായും. ഇതിനും ആവശ്യമനുസരിച്ച് ഉത്തരം നല്‍കുക.

17. പണവും റെസിപ്റ്റും കാര്‍ഡും എടുത്തു എന്ന് ഉറപ്പിച്ചശേഷം മാത്രം കൗണ്ടര്‍ വിടുക. ഇടപാട് അവാസാനിച്ചു എന്ന് ഒന്നുകൂടി സ്ഥിരീകരിക്കാന്‍ കാന്‍സല്‍ ബട്ടന്‍ അമര്‍ത്തുക.

18. കൗണ്ടര്‍ പൂട്ടിയിട്ടുണ്ടെങ്കില്‍ പ്രവേശിച്ചപ്പോള്‍ ചെയ്തതതുപോലെതന്നെ അകത്തുള്ള ബട്ടനില്‍ അമര്‍ത്തിയാല്‍ തുറക്കും.

19. ബാങ്ക് രേഖകളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ റെസിപ്റ്റ് സൂക്ഷിച്ചുവയ്ക്കുക.

Wednesday, March 17, 2010

ഗ്രാമപഞ്ചായത്തില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നത് എങ്ങനെ?

വെള്ള കടലാസില്‍ തയാറാക്കി അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പൊട്ടിച്ച അപേക്ഷ വര്‍ഷത്തില്‍ രണ്ടു തവണ നല്‍കണം. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. ഏപ്രില്‍ മാസത്തില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം അര്‍ധവാര്‍ഷിക നികുതി മുന്‍കൂറായി അടക്കേണ്ടതാണ്.

2. രണ്ട് അര്‍ധവര്‍ഷങ്ങളിലും കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ വാര്‍ഷിക നികുതിയുടെ പകുതി അടയ്ക്കണം.

3. ഒരു അര്‍ധവര്‍ഷം മാത്രമാണ് കെട്ടിടം ഒഴിഞ്ഞു കിടക്കുന്നതെങ്കില്‍ വാര്‍ഷികനികുതിയുടെ മുക്കാല്‍ ഭാഗം അടയ്ക്കണം.

ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കുന്നത് എങ്ങനെ?

നികുതി അടച്ചുതീര്‍ത്തശേഷമേ ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കാന്‍ കഴിയൂ. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. അഞ്ചു രൂപയുടെ സ്റ്റാന്പൊട്ടിച്ച വെള്ളപ്പേപ്പറിലാണ് അപേക്ഷ നല്‍കേണ്ടത്.

2. അപേക്ഷയ്ക്കൊപ്പം ഫീസ് നല്‍കേണ്ടതില്ല

3. അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കേണ്ടതാണ്.

ഗ്രാമപ്പഞ്ചായത്തില്‍ കെട്ടിട നികുതി അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കുന്നത് എങ്ങനെ?

കെട്ടിട നികുതിയുമായി ബന്ധപ്പെട്ട അപ്പീല്‍ അപേക്ഷയിന്‍മേല്‍ ഗ്രാമപഞ്ചായത്ത് മുപ്പതു ദിവസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതാണ്. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പ് ഒട്ടിച്ചാണ് സമര്‍പ്പിക്കേണ്ടത്.

2. കെട്ടിട നികുതി അടച്ചതിന്‍റെ രസീത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

3.നികുതി ചുമത്തി മുപ്പതു ദിവസത്തിനുള്ളിലാണ് അപേക്ഷിക്കേണ്ടത്.

4. അപേക്ഷ നല്‍‍കുന്നതിന് യാതൊരു ഫീസും അടക്കേണ്ടതില്ല.

ഗ്രാമപ്പഞ്ചായത്തിലെ രേഖകളുടെ പകര്‍പ്പുകള്‍ കിട്ടുന്നത് എങ്ങനെ?

ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ രേഖകളുടെ പകര്‍പ്പുകള്‍ കിട്ടുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ച വെള്ളപ്പേപ്പറില്‍ അപേക്ഷ നല്‍കണം.

2. അപേക്ഷയ്ക്കൊപ്പം ചട്ടപ്രകാരം അനുശാസിക്കുന്ന ഫീസും അടക്കണം.

3. കേരളാ പഞ്ചായത്ത് രാജ് നിയമവും അനുബന്ധ ചട്ടങ്ങളുമനുസരിച്ച്  പൊതുജനങ്ങള്‍ക്ക് നല്‍കാവുന്ന രേഖകളുടെ പകര്‍പ്പുകള്‍ മാത്രമാണ് ഇങ്ങനെ കിട്ടുക.

4. അപേക്ഷ നല്‍കി പതിനഞ്ചു ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖ ലഭിക്കുന്നതാണ്.

Tuesday, March 16, 2010

വാസയോഗ്യമായ വീട് ഇല്ല എന്നതിന് ഗ്രാമപഞ്ചായത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് എങ്ങനെ?

ഗ്രാമപഞ്ചായത്തില്‍ വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് സഹായങ്ങളോ വായ്പ്പയോ കിട്ടുന്നതിന് ഇക്കാര്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. വ്യവസ്ഥകള്‍ കാലാനുസൃതമാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാന്പ് പതിച്ചാണ് സമര്‍പ്പിക്കേണ്ടത്.

2. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വാര്‍ഡ് മെംബറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

3.ഈ സര്‍ട്ടിഫിക്കറ്റിന് ഫീസ് അടയ്ക്കേണ്ടതില്ല.

4. അപേക്ഷ സമര്‍പ്പിച്ച് അഞ്ച പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Sunday, March 14, 2010

സോഡാ നാരങ്ങാവെള്ളം ഉണ്ടാക്കുന്നത്‌ എങ്ങനെ?

ചെറുനാരങ്ങാ പിഴിഞ്ഞുണ്ടാക്കുന്ന പാനീയമാണ്‌ പൊതുവേ നാരങ്ങാവെള്ളം അഥവാ സര്‍ബത്ത്‌ എന്നറിയപ്പെടുന്നത്‌. ഇത്‌ പലരീതിയില്‍ പല അളവില്‍ തയാറാക്കാന്‍ കഴിയും. ഒരു ഗ്ലാസ്‌ സോഡനാരങ്ങാവെള്ളം തയാറാക്കുന്ന രീതിയാണ്‌ ചുവടെ.

 

1. ആവശ്യത്തിന്‌ പഞ്ചസ്സാര ഗ്ലാസില്‍ ഇടുക. അല്ലെങ്കില്‍ പഞ്ചസ്സാര പാനി ഒഴിക്കുക.




2. നാരങ്ങ രണ്ടായി മുറിച്ച്‌ ഒരു മുറി(കൂടുതല്‍ കടുപ്പം വേണമെങ്കില്‍ രണ്ടു മുറിയും ഉപയോഗിക്കാം) കൈകൊണ്ടോ അല്ലെങ്കില്‍ പിഴിയുന്ന ഉപകരണംകൊണ്ടോ പിഴിഞ്ഞ്‌ നീര്‌ ഗ്ലാസില്‍ ഒഴിക്കുക.


3. മധുരത്തിന്‌ പഞ്ചസ്സാരയാണ്‌ ഇട്ടിരിക്കുന്നതെങ്കില്‍ നന്നായി ഇളക്കുക.


4. ഗ്ലാസ്‌ നിറയുവോളം സോഡ ഒഴിക്കുക.


5. മധുരം സോഡയില്‍ നന്നായി ലയിക്കുവോളം ഇളക്കിയശേഷം കുടിക്കാം

Friday, March 12, 2010

എങ്ങനെ? 50 പോസ്റ്റുകള്‍ പിന്നിട്ടു.

ഈ മാസം അതായത് 2010 മാര്‍ച്ച് രണ്ടാം തീയതി തുടക്കം കുറിച്ച എങ്ങനെ? (http://enganeonline.blogspot.com)  പത്തു ദിവസംകൊണ്ട് അന്‍പത് പോസ്റ്റുകള്‍ പിന്നിട്ടിരിക്കുന്നു. ഈ സംരംഭവുമായി സഹകരിച്ച, സഹകരിച്ചുവരുന്ന എല്ലാവര്‍ക്കും നന്ദി!
ടീം എങ്ങനെ?

നാരങ്ങാവെള്ളം ഉണ്ടാക്കുന്നത്‌ എങ്ങനെ?

ചെറുനാരങ്ങാ പിഴിഞ്ഞുണ്ടാക്കുന്ന പാനീയമാണ്‌ പൊതുവേ നാരങ്ങാവെള്ളം അഥവാ സര്‍ബത്ത്‌ എന്നറിയപ്പെടുന്നത്‌. ഇത്‌ പലരീതിയില്‍ പല അളവില്‍ തയാറാക്കാന്‍ കഴിയും. ഒരു ഗ്ലാസ്‌ സാധാരണ നാരങ്ങാവെള്ളം തയാറാക്കുന്ന രീതിയാണ്‌ ചുവടെ.


1. ആവശ്യത്തിന്‌ പഞ്ചസ്സാര ഗ്ലാസില്‍ ഇടുക. അല്ലെങ്കില്‍ പഞ്ചസ്സാര പാനി ഗ്ലാസില്‍ ഒഴിക്കുക.


2. നാരങ്ങ രണ്ടായി മുറിച്ച്‌ ഒരു മുറി(കൂടുതല്‍ കടുപ്പം വേണമെങ്കില്‍ രണ്ടു മുറിയും ഉപയോഗിക്കാം) കൈകൊണ്ടോ അല്ലെങ്കില്‍ പിഴിയുന്ന ഉപകരണംകൊണ്ടോ പിഴിഞ്ഞ്‌ നീര്‌ ഗ്ലാസില്‍ ഒഴിക്കുക.

3. മധുരത്തിന്‌ പഞ്ചസ്സാരയാണ്‌ ഇട്ടിരിക്കുന്നതെങ്കില്‍ നന്നായി ഇളക്കുക.


4. ഗ്ലാസ്‌ നിറയുവോളം വെള്ളം ഒഴിക്കുക.


5. മധുരം വെള്ളത്തില്‍ നന്നായി ലയിക്കുവോളം ഇളക്കിയശേഷം കുടിക്കാം.

സീറോമലബാര്‍ കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബാനയെ വീടുകളില്‍ സ്വീകരിക്കേണ്ടത് എങ്ങനെ?

രോഗികള്‍, വൃദ്ധര്‍ തുടങ്ങി വീടുകളില്‍നിന്ന്‌ പുറത്തിറങ്ങാനാവാത്തവര്‍ മാസത്തില്‍ ഒരിക്കലെങ്കിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് സീറോമലബാര്‍ കത്തോലിക്കാ സഭ നിര്‍ദേശിക്കുന്നു. അതിനുവേണ്ട ക്രമീകരണങ്ങള്‍:

1. കുമ്പസാരിച്ച്‌ കുര്‍ബാന സ്വീകരിക്കേണ്ടതിന്‌ ഒരു ദിവസം മുമ്പേ വൈദികരെ അറിയിക്കുക.

2. വീട്‌ കൃത്യമായി പറഞ്ഞുകൊടുക്കുക.


3. വീട്‌ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുക

4. കുര്‍ബാന സ്വീകരിക്കുന്നയാള്‍ ആത്മീയവും ശാരീരികവുമായി ഒരുങ്ങുക


5. കുര്‍ബാന സ്വീകരിക്കുന്നയാള്‍ കിടക്കുന്ന മുറിയില്‍ ഒരു മേശയില്‍ വെള്ളത്തുണി വിരിച്ച്‌അതില്‍ യേശുവിന്റെ രൂപം, ബൈബിള്‍, കത്തിച്ച തിരി എന്നിവ ക്രമീകരിക്കുക.


6.മേശയില്‍ പൂക്കള്‍ വിതറുന്നത്‌ നന്ന്.


7.കുര്‍ബാന വീട്ടിലെത്തുമ്പോള്‍എല്ലാവരും വീടിന്‌ പുറത്തുവന്ന്‌ പരിശുദ്ധ കുര്‍ബാനയെ കുമ്പിട്ട്‌ വണങ്ങി ഭക്തിയോടെ വീട്ടിലേക്ക്‌ സ്വീകരിക്കുക.


8. കുമ്പസാരം നടത്തേണ്ടതുണ്ടെങ്കില്‍ അതിന്‌ സൗകര്യം ഏര്‍പ്പെടുത്തുക.


9.രോഗിയോ വാര്‍ധ്യക്യം ബാധിച്ചയാളോ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും മുറിയില്‍ ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്.


10കുര്‍ബാന സ്വീകരിക്കുന്നയാള്‍ക്ക്‌ അതിനുശേഷം കുടിക്കുവാന്‍ വെള്ളം കരുതുന്നത്‌ അഭികാമ്യം.
----------------------------
*തയാറാക്കിയത്-ഫാ. ജെയിംസ് പഴയമഠം

ഗ്രാമപഞ്ചായത്ത് ഓഫീസില്‍നിന്ന് തിരിച്ചറിയല്‍ സര്‍ട്ടഫിക്കറ്റ് കിട്ടുന്നത് എങ്ങനെ?

ജോലി, വായ്പ്പ, സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളെ സമീപിക്കുന്പോള്‍ തിരിച്ചറിയല്‍ രേഖ ആവശ്യമായി വരും. ഗ്രാമപഞ്ചായത്തില്‍നിന്ന് തിരിച്ചറിയല്‍ രേഖ ലഭിക്കുന്നത് എങ്ങനെ എന്നാണ് ചുവടെ വ്യക്തമാക്കുന്നത്.


1. തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് (ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ)ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.
2. ഇതിനായി റേഷന്‍കാര്‍ഡോ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കണം

3. ഇതിന് മറ്റു നിബന്ധനകള്‍ ഒന്നുമില്ല

4. ഈ അപേക്ഷയോടൊപ്പം ഫീസ് അടക്കേണ്ടതില്ല.

5. ഈ സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ കിട്ടുന്നതാണ്.

6. പഞ്ചായത്ത് പ്രസിഡന്‍റാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

കട്ടന്‍ ചായ ഉണ്ടാക്കുന്നത് എങ്ങനെ?

തിളപ്പിച്ച വെള്ളത്തില്‍ തേയിലപ്പൊടി ഇട്ടാണ് കട്ടന്‍ ചായ ഉണ്ടാക്കുന്നത്.

1. ആവശ്യത്തിന് വെള്ളം അടുപ്പത്ത് വെച്ച് തിളപ്പിക്കുക

2. തിളച്ചു തുടങ്ങുന്പോള്‍ ആവശ്യത്തിന് തേയിലപ്പൊടിയിട്ട് തീ കുറയ്ക്കുക.

3. പൊടി രണ്ടു മൂന്നു മിനിറ്റ് തിളയ്ക്കാന്‍ അനുവദിക്കുക

4. അടുപ്പില്‍നിന്ന് മാറ്റിയശേഷം പൊടി തങ്ങാന്‍ ഏതാനും മിനിറ്റ് മാറ്റിവയ്ക്കുക


5. പൊടി തങ്ങിയശേഷം ഗ്ലാസിലേക്ക് പകര്‍ന്ന് പഞ്ചസാര വേണ്ടതുണ്ടെങ്കില്‍ ആവശ്യത്തിനിട്ട് ഉപയോഗിക്കാം.


6. ഗ്ലാസിലേക്ക് പകരുന്നതിനു മുന്പ് മൊത്തമായും പഞ്ചസാര ചേര്‍ക്കാവുന്നതാണ്.


7. പൊടി തങ്ങാന്‍ കാത്തുനില്‍ക്കാതെ ഉയര്‍ന്ന ചൂടില്‍ കുടിക്കേണ്ടതുണ്ടെങ്കില്‍ അരിപ്പ ഉപയോഗിച്ച് തേയിലമട്ട് അരിച്ചു മാറ്റിയശേഷം കുടിക്കാവുന്നതാണ്.

Thursday, March 11, 2010

ഐഡിയ നെറ്റ് സെറ്റര്‍ ഉപയോഗിക്കുന്നത് എങ്ങനെ?

ഐഡിയ സെല്ലുലാര്‍ സര്‍വീസിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ര്‍നെറ്റ് സേവനമാണ് നെറ്റ് സെറ്റര്‍ എന്ന് അറിയപ്പെടുന്നത്. ഇതില്‍ സാധാരണയായി ഒരു യു.എസ്.ബി മോഡമാണ് ഇന്‍ര്‍നെറ്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്നത് അത് ഉപയോഗിക്കുന്ന വിധം ചുവടെ


1.ആദ്യമായി നെറ്റ്സെറ്റര്‍ യു.എസ്.ബി മോഡം കംപ്യൂട്ടറില്‍ അല്ലെങ്കില്‍ ലാപ് ടോപ്പില്‍ കണക്ട് ചെയ്യുക.

2. അപ്പോള്‍ സിസ്റ്റത്തിന്‍റെ മോണിട്ടറില്‍ നെറ്റ് സെറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും


3. നെക്സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കണക്ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.


4. ഡെസ്ക് ടോപ്പില്‍ തെളിയുന്ന നെറ്റ് സെറ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.


5. നെറ്റ് സെറ്ററിന്‍റെ വിന്‍ഡോയില്‍ കണക്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക


6. കണക്ടിംഗ്, ഓതന്‍റിക്കേറ്റിംഗ് എന്നീ സ്ഥിതികള്‍ കാണിച്ചശേഷം ഓതന്‍റിക്കേറ്റഡ് എന്നു കാണിച്ച് വിന്‍ഡോ അപ്രത്യക്ഷമാകുന്പോള്‍ കണക്ഷന്‍ തയാറാകും.


7. ഡിസ്കണക്ട് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍നിന്നോ താഴത്തെ ബാറില്‍നിന്നോ നെറ്റ് സെറ്റര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഡിസ്കണക്ട് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ മതിയാകും.


8. നെറ്റ് സെറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്പോള്‍ ഉപയോഗിക്കുന്ന യു.എസ്. ബി പോര്‍ട്ട് തന്നെ തുടര്‍ന്നും ഇന്‍ര്‍നെറ്റ് കണക്ഷനുവേണ്ടി ഉപയോഗിക്കുക.

യാഹുവില്‍ ഈ-മെയില്‍ വിലാസം ഉണ്ടാക്കുന്നത് എങ്ങനെ?

ഈ മെയില്‍ സേവനം നല്‍കുന്ന വെബ്സൈറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് യാഹു. ഈ വെബ്സൈറ്റിന്‍റെ മെയില്‍ സേവനം സൗജന്യമാണ്. യാഹുവില്‍ ഈ മെയില്‍ അഡ്രസ് ഉണ്ടാക്കേണ്ട വിധം ചുവടെ

1. www.mail.yahoo.com എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്താല്‍ യാഹുവിന്‍റെ ഈമെയില്‍ സേവന വിഭാഗത്തിലെത്താം.


2. വലതുവശത്തെ ആദ്യത്തെ ബോക്സിന്‍റെ അടിയിലായി Sign Up എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.


3. അപ്പോള്‍ തെളിയുന്ന പേജില്‍ നിങ്ങളുടെ പേര്, ജന്മദിനം, രാജ്യം തുടങ്ങി ആവശ്യപ്പെടുന്ന വിവരങ്ങള്‍ ടൈപ്പ് ചെയ്യുക.


4. അതേ പേജില്‍തന്നെ ഇഷ്ടമുള്ള യൂസര്‍നെയിമും പാസ് വേഡും നല്‍കുക.


5. ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതും നിങ്ങളുടെ മെയിലുകള്‍ സ്വീകരിക്കുന്നവര്‍ക്ക് നിങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതുമായ യൂസര്‍നെയിം തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അക്ഷരങ്ങളും അക്കങ്ങളും ഒരു കുത്തും യൂസര്‍ നെയിമില്‍ ഉപയോഗിക്കാനാകും.


6. നിങ്ങള്‍ ആഗ്രഹിക്കുന്ന യൂസര്‍നെയിം ടൈപ്പ് ചെയ്തശേഷം 'Check Availability of This ID.' എന്ന് എഴുതിയിരിക്കുന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ ഈ യൂസര്‍ നെയിം അത് ലഭ്യമാണോ എന്ന് അറിയാന്‍ കഴിയും.


7. ഒരു യൂസര്‍ നെയിം വിജയകരമായി തെരഞ്ഞെടുത്താല്‍ അടുത്ത ബോക്സില്‍ പാസ് വേഡ് അടിക്കുക. പാസ് വേഡില്‍ കുറഞ്ഞത് ആറ് അക്ഷരങ്ങളുണ്ടാകണം.പാസ് വേഡ് ഉറപ്പിക്കുന്നതിന് രണ്ടാമത് ഒരു ബോക്സില്‍ കുടി അടിക്കേണ്ടതുണ്ട്.


9. പുതിയ ഈമെയില്‍ അഡ്രസോ പാസ് വേഡോ മറന്നുപോകുന്ന പക്ഷം അയച്ചുതരുന്നതിനായി മറ്റൊരു ഈ-മെയില്‍ വിലാസം അടിക്കുക. ഇതേ ആവശ്യത്തിനായി രണട് രഹസസ്യ ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരം ടൈപ്പ് ചെയ്യുക. ഇവിടെ ടൈപ്പ് ചെയ്യുന്ന ഈ മെയില്‍ വിലാസവും രഹസ്യ ചോദ്യങ്ങളും മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക.


10. രജിസ്ട്രേഷന്‍ ഉറപ്പിക്കുന്നതിനായി ഏറ്റവും അടിഭാഗത്തായി കൊടുത്തിരിക്കുന്ന സുരക്ഷാ കോഡ് അതിനു തൊട്ടു മുകളിലത്തെ ബോക്സില്‍ അടിക്കുക.


11. യാഹുവിന്‍റെ വ്യവസ്ഥകള്‍ വായിച്ചശേഷം കൂടുതല്‍ സുരക്ഷിതത്വം ഉറപ്പിക്കാന്‍ നിങ്ങള്‍ നല്‍കിയ വിവരങ്ങളുടെ ഒരു പ്രിന്‍റ് എടുത്ത് സൂക്ഷിക്കാം.


12. 'Create My Account' എന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് റെഡി. ഇനി ഈ മെയിലുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയുംചെയ്യാം.

മാങ്ങാപ്പച്ചടി തയാറാക്കുന്നത് എങ്ങനെ?

ഏറെ രുചികരമായ കറികളിലൊന്നാണ് മാങ്ങാ പച്ചടി. സദ്യവട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഈ കറി തയാറാക്കുന്ന വിധമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ കൊത്തിയരിഞ്ഞത്-ആവശ്യത്തിന്
പച്ചമുളക്, ഉള്ളി(സവോള), കടുക്, കറിവേപ്പില, ഉപ്പ്, എണ്ണ, തേങ്ങാപ്പാല്‍/തേങ്ങയും കടുകും അരച്ചുചേര്‍ത്തത്.

1. പച്ചമുളകും(ഒരു മാങ്ങക്ക് മൂന്ന് എന്ന കണക്കില്‍) ചുവന്നുള്ളിയും(ഒരു മാങ്ങക്ക് അഞ്ച് എന്ന കണക്കില്‍), ഇഞ്ചിയും അരിയുക.

2. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചശേഷം കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും ഉള്ളിയും ചേര്‍ത്ത് വഴറ്റി അല്‍പ്പനേരം അടച്ചുവയ്കക്കുക


3. വഴറ്റില്‍ ആവി കയറിയശേഷം അടപ്പ് മാറ്റി അരിഞ്ഞുവെച്ചിരിക്കുന്ന മാങ്ങ ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പുചേര്‍ത്ത് അടച്ചുവയ്ക്കുക.


4. ആവി കയറിയശേഷം തുറന്ന് ഇളക്കി,തേങ്ങാപ്പാലോ തേങ്ങയും കടുകും ചേര്‍ത്തരച്ച മിശ്രിതമോ ചേര്‍ത്താല്‍ പച്ചടി തയാര്‍
------------------------------
*തയാറാക്കിയത് -മേരിക്കുട്ടി ജോസഫ്

സീറോമലബാര്‍ കത്തോലിക്കാസഭയില്‍ വിവാഹം പരികര്‍മം ചെയ്യുന്നത് എങ്ങനെ?

വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ദമ്പതികള്‍ക്ക്‌ വ്യക്തമായ അവബോധം ഉണ്ടായിരിക്കണമെന്നും വരനും വധുവും പ്രാര്‍ത്ഥനയുടെയും അന്വേഷണത്തിന്റെയും വിശദമായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ സ്വതന്ത്രമനസ്സോടും പൂര്‍ണ സമ്മതത്തോടുംകൂടി എടുക്കേണ്ട ധീരമായ തീരുമാനമാണ്‌ വിവാഹമെന്നും കത്തോലിക്കാസഭ പഠിപ്പിക്കുന്നു. പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസും പൂര്‍ത്തിയായതിനുശേഷം മാത്രമേ വിവാഹാന്തസ്സില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണ് സഭയുടെ നിഷ്കര്‍ഷ.
സീറോമലബാര്‍ സഭയില്‍ വിവാഹം പരികര്‍മം ചെയ്യുന്നതിന്‍റെ വിശദാംശങ്ങള്‍ ചുവടെ.




1.വിവാഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ ആ വിവരം ഇടവകവികാരിയെ അറിയിക്കുക.

2. വിവാഹപ്രായത്തിനുശേഷം ആറു മാസത്തിലധികം ഇടവകയ്ക്ക് പുറത്തു താമസിച്ചിട്ടുള്ളവര്‍ സ്വതന്ത്രസ്ഥിതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.


3.വികാരിയുമായി ആലോചിച്ച്‌ മനസ്സമ്മതത്തിന്റെയും വിവാഹത്തിന്റെയും തീയതികള്‍ നിശ്ചയിക്കുന്നത്‌ അഭികാമ്യമാണ്‌.


4. വിവാഹ ഒരുക്ക സെമിനാറിന്റെ സര്‍ട്ടിഫിക്കറ്റ്‌ വികാരിയെ ഏല്‍പ്പിക്കുക.


5.വൈദികനെ വേദപാഠം കേള്‍പ്പിക്കുക. ഇതിന്‌ മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിക്കുന്നതാണ്‌ നല്ലത്‌.


6.വേദപാഠം കേള്‍പ്പിച്ചതിനുശേഷം പള്ളിയില്‍നിന്ന്‌ ലഭിക്കുന്ന `വിവാഹത്തിന്‌ ഒരുക്കമായുള്ള അന്വേഷണ ഫോറം' പൂരിപ്പിച്ച്‌ മാതാപിതാക്കള്‍ക്കൊപ്പം പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തശേഷം വലതുകരം വിശുദ്ധഗ്രന്ഥത്തിനുമേല്‍വെച്ച്‌ ദൈവനാമത്തില്‍ പ്രതിജ്ഞചൊല്ലുക.


7. സത്യവാങ്‌മൂലത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കുക. ആവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ സത്യങ്ങള്‍ ബോധിപ്പിക്കുക.


8. വരന്‍/വധു സ്വന്തം കൈപ്പടിയില്‍ മറ്റാരുടെയും സമ്മര്‍ദ്ദം കൂടാതെ പൂര്‍ണമനസ്സോടെ സത്യവാങ്‌മൂലം സമര്‍പ്പിക്കുക.


9. പള്ളിയില്‍ അടക്കേണ്ട പസാരം അടക്കുക. ഓരോരുത്തരും കഴിവനുസരിച്ച്‌ ദേവാലയത്തിലേക്ക്‌ ഓഹരി കൊടുക്കുക.


10. പള്ളി ഓഫീസില്‍ അടക്കേണ്ട ഫീസുകള്‍ മുന്‍കൂട്ടി അടയ്‌ക്കുക വിവാഹം




ഉറപ്പിക്കലിനുശേഷം വിവാഹംവരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണെന്ന് സഭ പഠിപ്പിക്കുന്നു. ആത്മീയവും മാനസികവും ഭൗതികവുമായി ഒരുങ്ങാനുള്ള അവസരം. മനസമ്മതംസ്വതന്ത്രമനസ്സോടും പൂര്‍ണ അറിവോടും സമ്മതത്തോടുംകൂടി നിശ്ചിതസമയത്ത്‌ മിശിഹായുടെ നിയമവും സഭയുടെ നടപടികളുമനുസരിച്ച്‌ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നതാണ്‌ എന്ന്‌ വാഗ്‌ദാനം ചെയ്യുന്ന കര്‍മ്മമാണ് ഉറപ്പിക്കല്‍.മനസമ്മതം സാധാരണയായി വധുവിന്റെ ഇടവക ദൈവാലയത്തില്‍വെച്ചാണ്‌ പരികര്‍മംചെയ്യുന്നത്‌.


വധുവിന്റെ കുടുംബം ചെയ്യേണ്ടത്‌
1.മനസമ്മതത്തിനായി ദേവാലയം, കാര്‍മ്മികന്‍, തീയതി, സമയം എന്നിവ മുന്‍കൂട്ടി തീരുമാനിക്കുക


2.തിരുക്കര്‍മ്മം നടക്കുന്ന ദേവാലയത്തിലെ വികാരിയെയും ശുശ്രൂഷെയും മുന്‍കൂട്ടി അറിയിക്കുക


3. തിരുക്കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട്‌ ഓഫീസ്‌ സംബന്ധമായുള്ള നടപടിക്രമങ്ങള്‍ മുന്‍കൂട്ടി ചെയ്യുക.


4.മനസമ്മതത്തിനുശേഷം മനസ്സമ്മതം നടത്തി എന്നുള്ള കുറി വാങ്ങി വരന്റെ കുടുംബത്തിന്‌ നല്‍കുക.


വരന്‍റ കുടുംബം ചെയ്യേണ്ടത്‌
1.മനസമ്മതം നടത്തുന്നതിന് ഇടവക വികാരിയുടെ അനുവാദക്കുറി മുന്‍കൂട്ടി വാങ്ങുക.


2.മനസമ്മതത്തിനായി ദേവാലയത്തിലെത്തിയാല്‍ കുറി സ്ഥലത്തെ വികാരിയെ ഏല്‍പ്പിക്കുക.


3.പള്ളി ഓഫീസുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടെങ്കില്‍ പൂര്‍ത്തീകരിക്കുക.


4.മനസമ്മതം നടത്തി എന്ന കുറിവാങ്ങി സ്വന്തം ഇടവക വികാരിയെ ഏല്‍പ്പിക്കുക.


മനസമ്മതത്തിനും വിവാഹത്തിനും വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന്‌ ഓരോ സാക്ഷികള്‍ വേണ്ടതുണ്ട്‌. ഇവരെ മുന്‍കൂട്ടി തീരുമാനിക്കുക. ഇവര്‍ തിരുക്കര്‍മ്മങ്ങളില്‍ ആദ്യന്തം പങ്കെടുക്കണം. മനസമ്മതത്തിനും വിവാഹത്തിനുംശേഷം വധൂവരന്‍മാരും സാക്ഷികളും രജിസ്റ്ററില്‍ ഒപ്പുവെക്കാന്‍ മറക്കാതിരിക്കുക. വിവാഹം സാധാരണയായി വരന്റെ ഇടവകദേവാലയത്തില്‍വെച്ചാണ്‌ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌.


വിവാഹത്തിനായി വരന്റെ കുടുംബം ചെയ്യേണ്ടത്‌
1. കാര്‍മ്മികന്‍, സമയം തുടങ്ങിയവ ഇടവക വികാരിയെയും ദേവാലയ ശുശ്രൂഷിയെയും മുന്‍കൂട്ടി അറി യിക്കുക.

2. ഒന്നിലധികം വൈദികര്‍ ഉണ്ടെങ്കില്‍ ശുശ്രൂഷകര്‍ ആര്‍ക്കൊക്കെ എന്തൊക്കെ എന്നുള്ളത്‌ വികാരി യച്ചനോട്‌ മുന്‍കൂട്ടി പറയുക.


3. മേശയില്‍ താലി, മോതിരം, മന്ത്രകോടി മുതലായവ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുംമുന്‍പുതന്നെ ക്രമീകരിക്കുക.


4.തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ആവശ്യമായ ക്രമീകരണങ്ങള്‍ക്ക്‌ പള്ളി ഓഫീ സുമായി ബന്ധപ്പെട്ട്‌ അനുവാദം വാങ്ങുക.


വധുവിന്റെ കുടുംബം ചെയ്യേണ്ടത്‌
1. ഇടവക വികാരിയുടെ അനുവാദക്കുറി മുന്‍കൂട്ടി വാങ്ങിക്കുക.


2. ദേവാലയത്തില്‍ എത്തിയാലുടന്‍ കുറി സ്ഥലത്തെ വികാരിയെ ഏല്‍പ്പിക്കുക.


3. വിവാഹം ആശീര്‍വദിച്ചു എന്നു വ്യക്തമാക്കുന്ന കുറി സ്വന്തം ഇടവകയിലെ വികാരിയെ ഏല്‍പ്പിക്കുക.


വിവാഹത്തില്‍ സംബന്ധിക്കുമ്പോള്‍
1.കുദാശ പരികര്‍മം ചെയ്യുമ്പോള്‍ ഭക്തിയോടെ അതില്‍ പങ്കെടുക്കുക. അതിനു തടസ്സമാകുന്ന അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുക.


2.ദേവാലയത്തില്‍ ചെരുപ്പ്‌ ഉപയോഗിക്കാതിരിക്കുക.


3.ദേവാലയത്തിന്റെ ചൈതന്യത്തിന്‌ നിരക്കാത്ത പ്രവൃത്തികളും സംസാരവും ഒഴിവാക്കുക.


4.വിവാഹവേളയില്‍ ഇടവകയിലെ നിര്‍ധന യുവതികളുടെ വിവാഹസഹായത്തിനുവേണ്ടി നടത്തുന്ന സ്‌ത്രോത്രക്കാഴ്‌ച്ച സമാഹരണത്തില്‍ ഉദാരമായി സഹകരിക്കുക.



വിവാഹത്തിനും മനസമ്മതത്തിനുമിടയില്‍ മൂന്നു വിളിച്ചുചൊല്ലലിനുള്ള അവസരമില്ലെങ്കില്‍ മനസമ്മതത്തിനുമുമ്പ്‌ വിളിച്ചുചൊല്ലല്‍ നടത്താന്‍ സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 173/4 അനുവാദം നല്‍കുന്നുണ്ട്‌. മുന്‍പ് രൂപതാ ദ്ധ്യക്ഷന്‍മാര്‍ക്കാണ്‌ പ്രത്യേക അനുമതി നല്‍കുന്നതിനുള്ള അധികാരമുണ്ടായിരുന്നത് 2009 ഓഗസ്റ്റില്‍ നടന്ന സീറോമലബാര്‍ മെത്രാന്‍ സിനഡ്‌ ഈ അധികാരം എല്ലാ ഫൊറോനാ വികാരിമാര്‍ക്കും നല്‍കി. അനുവാദത്തിനായി ഇടവക വികാരിമാരുടെ ശുപാര്‍ശയോടുകൂടി ഇരു കകക്ഷികളും അപേക്ഷ സമര്‍പ്പിക്കണം. അനുവാദം ലഭിച്ച കക്ഷിയുടെ ഇടവക വികാരി പ്രസ്‌തുത വിവരം `ബി' ഫോറത്തോടുകൂടി ഇതര കക്ഷിയുടെ ഇടവകവികാരിയെ അറിയിക്കണം.
----------------------------------------
*തയാറാക്കിയത് -ഫാ. ജെയിംസ് പഴയമഠം


Wednesday, March 10, 2010

ചായ(പാലൊഴിച്ചത്) ഉണ്ടാക്കുന്നത് എങ്ങനെ?

പാല്‍ ഉപയോഗിച്ചും പാല്‍പ്പൊടി ഉപയോഗിച്ചും ചായ തയാറാക്കാം. തിളപ്പിച്ച പാലും കട്ടന്‍ ചായയും ആവശ്യമായ അളവില്‍ ചേര്‍ത്ത് ഉണ്ടാക്കാനാകുമെങ്കിലും പാല്‍ തിളപ്പിച്ച് അതില്‍ ചായപ്പൊടിയിട്ട് തയാറാക്കുന്ന ചായയാണ് രുചിയിലും ഗുണത്തിലും ഉത്തമമെന്ന് പറയപ്പെടുന്നു. ഇത് ഉണ്ടാക്കുന്ന രീതി ചുവടെ.


1.ഒരു പാത്രത്തില്‍ ആവശ്യത്തിന് പാല്‍ എടുത്ത് ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്ത് സാധാരണ അടുപ്പിലോ സ്റ്റൗവിലോ വച്ച് തിളപ്പിക്കുക.


2. പാല്‍ തിളച്ചു തുടങ്ങുന്പോള്‍ ആവശ്യമുള്ളത്ര തേയിലപ്പൊടി ചേര്‍ക്കുക.


3. തീ കുറച്ചുവെച്ച് അല്‍പ്പനേരം കൂടി തിളയ്ക്കാന്‍ അനുവദിക്കുക.


4. സ്റ്റൗ ഓഫാക്കുകയോ അടുപ്പില്‍നിന്ന് മാറ്റിവെക്കുകയോ ചെയ്ത് പൊടി തങ്ങാന്‍ വയ്ക്കുക.


5. പൊടി തങ്ങിയശേഷം പഞ്ചസാര ചേര്‍ത്തിളക്കി, അരിച്ച് ഗ്ലാസിലൊഴിച്ച് ഉപയോഗിക്കാം.


6. പഞ്ചസാര മൊത്തമായി ചേര്‍ക്കേണ്ടതില്ലെങ്കില്‍ ഗ്ലാസിലൊഴിച്ചശേഷം ആവശ്യത്തിനനുസരിച്ച് ചേര്‍ത്താലും മതിയാകും.

Tuesday, March 9, 2010

വാര്‍ത്താസമ്മേളനം നടത്തുന്നത് എങ്ങനെ?

പ്രാദേശിക തലത്തിനപ്പുറം പ്രാധാന്യമുള്ള വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും ഒരേസമയം വരുന്നതിനായാണ് പൊതുവേ വാര്‍ത്താസമ്മേളനം നടത്തുന്നത്. പ്രാദേശിക കേന്ദ്രങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് സംവിധാനമുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ നടത്താന്‍ സാധിക്കുന്നത് ജില്ലാ കേന്ദ്രങ്ങളിലെ പ്രസ് ക്ലബുകളിലോ ഹോട്ടലുകളിലോ മറ്റു കേന്ദ്രങ്ങളിലോ ആണ്.




1. വാര്‍ത്താസമ്മേളനത്തിന്‍റെ തീയതി തീരുമാനിച്ച് മുന്‍കൂട്ടി പ്രസ് ക്ലബില്‍ പണമടച്ച് ബുക്ക് ചെയ്യുക.

2.വാര്‍ത്താസമ്മേളനത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതി ഒരു വാര്‍ത്താക്കുറിപ്പ് തയാറാക്കുക. അതായത് പ്രധാനപ്പെട്ട കാര്യങ്ങള്‍ ആദ്യം എന്ന രീതിയില്‍. കയ്യെഴുത്തു പ്രതിക്കു പകരം അച്ചടിച്ച പതിപ്പാണെങ്കില്‍ ഉചിതം.

3. വാര്‍ത്താസമ്മേളനത്തിനു മുന്പ് വാര്‍ത്താക്കുറിപ്പ് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കുക.


4.വാര്‍ത്താസമ്മേളനവേദിയിലിരിക്കുന്ന വ്യക്തി, അല്ലെങ്കില്‍ വ്യക്തികളെ പരിചയപ്പെടുത്തിയശേഷം സംസാരിച്ചു തുടങ്ങുക.


5.വാര്‍ത്താക്കുറിപ്പിലുള്ള വിവരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.


6. വിഷയം അവതരിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ക്ഷണിക്കുക.


7. ചോദ്യങ്ങളുണ്ടായാല്‍ വിശദീകരണങ്ങള്‍ നല്‍കുക. വിശദീകരണം വഴിവിട്ടുപോകാനും അതുവഴി പത്രസമ്മേളനംതന്നെ പ്രയോജനരഹിതമായിത്തീരാനുമുള്ള സാഹചര്യം ഒഴിവാക്കുക.


8. ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പത്രസമ്മേളനം അവസാനിപ്പിക്കുക.

കേരളത്തില്‍ എവിടെയും റേഷന്‍കാര്‍ഡില്‍ പേരില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എങ്ങനെ?

കേരളത്തില്‍ ഒരിടത്തും റേഷന്‍കാര്‍ഡില്‍ പേരില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഗ്രാമപഞ്ചായത്തില്‍നിന്ന് ഈ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. വ്യവസ്ഥകള്‍ കാലാനുസൃതമാറ്റങ്ങള്‍ക്ക് വിധേയമാണ്.




1. വാര്‍ഡ് മെംബറുടെ കത്തു സഹിതം നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്.

2. ഇതിന് മറ്റു നിബന്ധനകള്‍ ഒന്നുമില്ല


3. ഈ അപേക്ഷയോടൊപ്പം ഫീസ് അടക്കേണ്ടതില്ല.


4. ഈ സര്‍ട്ടിഫിക്കറ്റ് അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ ലഭിക്കുന്നതാണ്.


5. പഞ്ചായത്ത് പ്രസിഡന്‍റാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ഫോട്ടോ നേരിട്ട് കാണാവുന്ന രീതിയില്‍ ഈ-മെയില്‍ അയയ്ക്കുന്നത് എങ്ങനെ?

സാധാരണ ഈമെയിലില്‍ അറ്റാച്ച്‌ ചെയ്യുന്ന ഫോട്ടോകള്‍ മെയില്‍ തുറക്കുമ്പോള്‍ നേരിട്ട്‌ കാണാനാവില്ല. ചില ചിത്രങ്ങള്‍ സ്റ്റാംപ്‌ വലിപ്പത്തില്‍ മെയിലില്‍ കാണാന്‍ കഴിയുമെങ്കിലും അവയുടെ പൂര്‍ണ രൂപം വ്യക്തമാകുന്നതിന്‌ ഡൗണ്‍ലോഡ്‌ ചെയ്യേണ്ടിവരുന്നു. എന്നാല്‍ മെയിലില്‍ ക്ലിക്ക്‌ ചെയ്‌താലുടന്‍തന്നെ ചിത്രങ്ങള്‍ പൂര്‍ണരൂപത്തില്‍ തെളിയുന്നതിന്‌ മാര്‍ഗങ്ങളുണ്ട്. ഇത്തരം മെയിലുകള്‍ക്ക്‌ പൊതുവെ എംബഡ്‌ ഇമേജ്‌ മെയില്‍ എന്നാണ്‌ പറയുക.  എംബഡ്‌ ഇമേജ്‌ മെയില്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നാണ്  ചുവടെ ചേര്‍ക്കുന്നത്.

1. മെയിലില്‍ തെളിയേണ്ട ചിത്രങ്ങള്‍ ആദ്യമായി ഏതങ്കിലും വെബ്‌സൈറ്റിലോ ബ്ലോഗിലോ അപ്‌ ലോഡ്‌ ചെയ്യുക.


2. അവിടെ(സൈറ്റിലോ ബ്ലോഗിലോ) യു.ആര്‍.എല്‍ വ്യക്തമാകത്തക്ക രീതിയില്‍ പടത്തിന്റെ പൂര്‍ണ രൂപം തുറക്കുക. ഉദാഹരണത്തിന്‌  ചുവടെ http://www.kerala.gov.in/ എന്ന വെബ്സൈറ്റില്‍നിന്നുള്ള വി.എസ്. അച്യുതാനന്ദന്‍റെ ചിത്രമാണ് മെയിലില്‍ ഉള്‍പ്പെടുത്തേണ്ടതെങ്കില്‍ ഈ പടം വെബ്സൈറ്റില്‍ തുറക്കുന്പോള്‍ മുകളിലത്തെ അഡ്രസ് ബാറില്‍ ചിത്രത്തിന്‍റെ യു.ആര്‍.എല്‍(http://www.kerala.gov.in/
one_yr/images/minister_index_ph/Achuthanandan.jpg) തെളിയും. ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ്  ഈ ചിത്രത്തിന്‍റെ യു.ആര്‍.എല്‍.




3. പടവും യു.ആര്‍.എലും തെളിഞ്ഞു കഴിഞ്ഞാല്‍ പടത്തിനുമുകളില്‍ മൗസ്‌ ഡ്രാഗ്‌ ചെയ്‌ത്‌ പടം പൂര്‍ണമായും സെലക്‌ട്‌ ചെയ്യുക.(പൂര്‍ണമായും സെലക്‌ട്‌ ചെയ്യപ്പെടുമ്പോള്‍ പടത്തിനുമുകളില്‍ ഷെയ്‌ഡ്‌ ഉണ്ടാകും. സാധാരണയായി ഈ ഷെയ്‌ഡിന്‌ നില നീറമായിരിക്കും.)


4. റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌തശേഷം കോപ്പി ചെയ്യുക.


5. ജിമെയിലില്‍ പോയി മെയില്‍ ഏരിയയില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ പേസ്റ്റ്‌ ചെയ്യുക. പടം മെയിലില്‍ തെളിയും. മെയില്‍ സ്വീകരിക്കുന്നയാള്‍ അത് തുറക്കുന്പോള്‍തന്നെ പടവും കാണാനാകും.

ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്നത് എങ്ങനെ?

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതു സംബന്ധിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.


1. വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ പതിച്ചാണ്‌ സമര്‍പ്പിക്കേണ്ടത്‌.


2. വസ്‌തു കൈമാറിയതു സംബന്ധിച്ച അസ്സല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, വസ്‌തുവിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്‌, നിലവിലുള്ള ഉടമയുടെയും വാങ്ങിയയാളുടെയും സംയുക്ത അപേക്ഷ, വസ്‌തു ഉടമ മരിച്ചെങ്കില്‍ അനന്തരാവകാശി സര്‍ട്ടിഫിക്കറ്റ്‌ എന്നിവ അപേക്ഷക്കൊപ്പം ഹാജരാക്കണം.


3. അപേക്ഷയില്‍ കെട്ടിട നമ്പര്‍ വ്യക്തമായി കാണിച്ചിരിക്കണം

4. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന്‌ അപേക്ഷാഫീസില്ല
5. അപേക്ഷ നല്‍കി 20 പ്രവൃത്തി ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുന്നതാണ്‌

ഗ്രാമപ്പഞ്ചായത്തില്‍നിന്ന് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് എങ്ങനെ?


സ്ഥിരതാമസ സര്‍ട്ടഫിക്കറ്റിനുവേണ്ടി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.

1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച വെള്ളപ്പേപ്പറിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌.

2. അപേക്ഷാഫീസില്ല.


3. അപേക്ഷ നല്‍കുന്ന ദിവസംതന്നെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതാണ്‌.

Monday, March 8, 2010

വാര്‍ത്താക്കുറിപ്പ് തയാറാക്കുന്നത് എങ്ങനെ?

മാധ്യമങ്ങളില്‍ വാര്‍ത്തയായി വരേണ്ട വിവരത്തിന്‍റെ കയ്യെഴുത്ത്, അല്ലെങ്കില്‍ പ്രിന്‍റ് ഔട്ടിനാണ് വാര്‍ത്താക്കുറിപ്പ് എന്നു പറയുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് അധികം തിരുത്തലിന് ഇടനല്‍കാത്തവിധം ഇത് തയാറാക്കുന്നതാണ് ഉത്തമം.





1.സംഘടനകള്‍ തങ്ങളുടെ ലെറ്റര്‍ഹെഡില്‍തന്നെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതാണ് അഭികാമ്യം. പ്രധാന ഭാരവാഹികളുടെ കയ്യൊപ്പും ഫോണ്‍ നന്പരും വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരിക്കണം.


2. വാര്‍ത്താക്കുറിപ്പ് വ്യക്തികളുടേതാണെങ്കില്‍ വ്യക്തമായ മേല്‍വിലാസവും നന്പരും കയ്യൊപ്പും ഉണ്ടായിരിക്കണം.


3. വാര്‍ത്ത എഴുതുന്നതിന്‍റെ അടിസ്ഥാന പ്രമാണം തന്നെ വാര്‍ത്താക്കുറിപ്പിനും ആധാരമാക്കാം. അതായത്, ആദ്യവരിയില്‍ അല്ലെങ്കില്‍ പാരഗ്രാഫില്‍തന്നെ വാര്‍ത്തയുടെ അന്തസത്ത വ്യക്തമാക്കുക. എന്നുവച്ചാല്‍ ആര്, എന്ത്, എപ്പോള്‍, എവിടെ, എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ഭാഗത്ത് ഉണ്ടായിരിക്കണം.


4.വാര്‍ത്താക്കുറിപ്പ് തയാറാക്കിയശേഷം അവ്യക്തതയില്ലെന്ന് സ്ഥിരീകരിക്കാന്‍ രണ്ടുവട്ടം വായിക്കുക.


5. കയ്യെഴുത്തു പ്രതിവായിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാല്‍ വാര്‍ത്ത ഡി.ടി.പി ചെയ്ത് പ്രിന്‍റൗണ്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും ഉത്തമം.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നത് എങ്ങനെ

സാധാരണ ഗതിയില്‍ മാധ്യമങ്ങള്‍ എന്നു പറയുന്പോള്‍ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും  റേഡിയോ സര്‍വീസുകളും വാര്‍ത്താ ഏജന്‍സികളും അതില്‍ ഉള്‍പ്പെടുന്നു. ടെലിവിഷന്‍ ചാനലുകള്‍ പ്രാദേശിക വാര്‍ത്തകള്‍ അധികം നല്‍കാത്തത്തിനാല്‍ ഇത്തരം വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ പൊതുവേ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഭൂരിഭാഗം പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എല്ലാ ജില്ലകളിലും പ്രതിനിധികളുണ്ട്. ഇതിനു പുറമെ ജീവനക്കാരല്ലാത്ത പ്രാദേശിക ലേഖകരും പത്ര ഏജന്‍റുമാരും വാര്‍ത്തകള്‍ കൈകാര്യം ചെയ്യാറുണ്ട്.

1. വാര്‍ത്ത തികച്ചും പ്രാദേശികമാണെങ്കില്‍ അത് ഏതൊക്കെ പത്രത്തിലാണോ വരേണ്ടത്, അതതു പത്രങ്ങളുടെ പ്രാദേശിക ലേഖകരുമായോ ഏജന്‍റുമാരുമായോ ബന്ധപ്പെട്ട് അവരോട് പറയുകയോ എഴുതി നല്‍കുകയോ ചെയ്യാം.


2. എല്ലാ പത്രങ്ങളുടെയും പ്രാദേശിക പേജില്‍ വാര്‍ത്ത വരേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തില്‍ പ്രാദേശിക ലേഖകരെ വിളിച്ചുചേര്‍ത്ത് ഒരു വാര്‍ത്താസമ്മേളനം നടത്താം.

3. ജില്ലാ തലത്തിലോ സംസ്ഥാനതലത്തിലോ വരേണ്ട വാര്‍ത്തയാണെങ്കില്‍ അതത് ജില്ലാ കേന്ദ്രത്തിലുള്ള പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താം. പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് ജില്ലാ കേന്ദ്രങ്ങളിലെ പ്രസ് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലാ പ്രസ് ക്ലബുകളിലും രാവിലെ പതിനൊന്നു മണിമുതല്‍ നടക്കാറുള്ള വാര്‍ത്താസമ്മേളത്തില്‍ പത്രങ്ങളുടെയും ചാനലുകളുടെയും വാര്‍ത്താ ഏജന്‍സികളുടെയും റേഡിയോകളുടെയുമൊക്കെ പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്. മാധ്യമങ്ങള്‍ക്ക് ഒരുവിധത്തിലും അവഗണിക്കാന്‍ പറ്റാത്ത വാര്‍ത്തയാണെങ്കില്‍ മാത്രമേ പ്രസ് ക്ലബില്‍ മറ്റു സമയങ്ങളില്‍(ഉച്ചകഴിഞ്ഞും മറ്റും) വാര്‍ത്താസമ്മേളനം നടത്താവൂ.


4. പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യേണ്ടതാണ്.

5. പത്രസമ്മേളനം നടത്തുന്നത് പ്രാദേശിക കേന്ദ്രത്തിലായാലും ജില്ലാ കേന്ദ്രത്തിലായാലും വാര്‍ത്ത മാധ്യമങ്ങളില്‍ വരേണ്ട രീതിയില്‍തന്നെ ഒരു പത്രക്കുറിപ്പ് തയാറാക്കി എല്ലാവര്‍ക്കും നല്‍കുന്നത് ഉചിതമായിരിക്കും.

6. പത്രങ്ങളിലും മറ്റും പേജ് രൂപകല്‍പ്പന ചെയ്യുന്പോള്‍ പലപ്പോഴും വാര്‍ത്തകളുടെ അവസാന ഭാഗം വെട്ടിക്കളയേണ്ടിവരാറുണ്ട്. ഇങ്ങനെ വെട്ടിക്കളയുന്പോള്‍ പ്രധാന ഭാഗങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ തലതിരിച്ചുവച്ച പിരമിഡിന്‍റെ രൂപത്തിലാണ് വാര്‍ത്ത തയാറാക്കേണ്ടത്. അതായത്, പ്രാധാന്യമുള്ള ഭാഗങ്ങള്‍ ആദ്യവും ഒഴിവാക്കിയാലും കഴപ്പമില്ലാത്ത ഭാഗം അവസാനവും എന്ന രീതിയില്‍.


7. പത്രക്കുറിപ്പിലെ കാര്യങ്ങള്‍തന്നെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കാം.

8. പത്രസമ്മേളനത്തില്‍ പ്രധാന വിഷയത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്ന സ്വഭാവമുള്ള ചോദ്യങ്ങള്‍ക്ക് വിശദമായി ഉത്തരം നല്‍കിയാല്‍ പത്രസമ്മേളനം നടത്തുന്നവര്‍ ഉദ്ദേശിക്കുന്ന രീതിയിലാവില്ല വാര്‍ത്ത വരിക.

9. വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും ഉച്ചയ്കും രാത്രിയുമൊക്കെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താറുണ്ട്. ഇത്തരം വാര്‍ത്താസമ്മേളനങ്ങള്‍ക്കെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും ഭക്ഷണവും സമ്മാനങ്ങളും നല്‍കുന്ന പതിവുമുണ്ട്.


10. മാധ്യമങ്ങള്‍ക്ക് പരിചയമുള്ള സംഘടനകളെ സംബന്ധിച്ചിടത്തോളം ആതീവ പ്രധാന്യമുള്ളതല്ലാത്ത വാര്‍ത്ത നല്‍കാന്‍ പ്രസ് ക്ലബുകളില്‍ എല്ലാ മാധ്യമങ്ങള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ള പെട്ടികളില്‍ പത്രക്കുറിപ്പ് ഇട്ടാല്‍ മതിയാകും.

11. സാധാരണ വാര്‍ത്തകളും ചിത്രങ്ങളുംപോലെതന്നെ ചിത്രം ഉള്‍പ്പെടെയുള്ള ചരമ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നതിന് ഒരു പത്രവും പണം ഇടാക്കുന്നില്ല. ചരമ വാര്‍ത്തകള്‍ ഏജന്‍റുമുഖേനയോ പ്രാദേശിക ലേഖകര്‍ മുഖേനയോ ജില്ലാ ബ്യൂറോ വഴിയോ എത്തിക്കാം. അത്യാവശ്യഘട്ടങ്ങളില്‍ മതിയായ തിരിച്ചറിയല്‍ വിവരങ്ങള്‍ നല്‍കി ടെലിഫോണിലൂടെയും ചരമവാര്‍ത്ത നല്‍കാം.

ഗ്രാമപ്പഞ്ചായത്ത് കെട്ടിടനികുതി രജിസ്റ്ററില്‍ താമസക്കാരനായി ചേര്‍ക്കപ്പെടുന്നത്‌ എങ്ങനെ?

ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി രജിസ്റ്ററില്‍ താമസക്കാരനായി ചേര്‍ക്കപ്പെടുന്നതിന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ അപേക്ഷ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.

1. കെട്ടിട ഉടമ അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച അപേക്ഷ നല്‍കണം.


2. പഞ്ചായത്തില്‍ കെട്ടിടനികുതി അടച്ച രസീത്‌ അപേക്ഷക്കൊപ്പം ഹാജരാക്കണം


3. അപേക്ഷയില്‍ കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.

4. ഈ അപേക്ഷയ്‌ക്ക്‌ ഫീസില്ല.


5. അപേക്ഷ നല്‍കി അഞ്ചു പ്രവൃത്തിദിവസത്തിനുള്ളില്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നതാണ്‌.

ഗ്രാമപഞ്ചായത്തില്‍നിന്ന്‌ കെട്ടിടത്തിന്റെ ഉടമസ്ഥാവാകാശ സര്‍ട്ടിഫിക്കറ്റ്‌ കിട്ടുന്നതെങ്ങനെ?

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.

1. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ചാണ്‌ നല്‍കേണ്ടത്‌.


2. പഞ്ചായത്തില്‍ കെട്ടിടനികുതി അടച്ചതിന്റെ രസീത്‌ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.


3. കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.


4. ഈ സര്‍ട്ടഫിക്കറ്റിന്‌ അപേക്ഷാഫീസ്‌ ഇല്ല.


5. അപേക്ഷ നല്‍കുന്ന ദിവസംതന്നെ ഉടമസ്ഥാവാകാശ സര്‍ട്ടഫിക്കറ്റ്‌ ലഭിക്കുന്നതാണ്‌.

ഗ്രാമപഞ്ചായത്തില്‍ കെട്ടിടത്തിന്‌ നമ്പര്‍ പതിക്കുന്നത്‌ എങ്ങനെ?

കെട്ടിടത്തിന്‌ നമ്പര്‍ പതിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.

1. നിര്‍ദിഷ്‌ട ഫോറം പൂരിപ്പിച്ച്‌ അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ ഒട്ടിച്ചാണ്‌ അപേക്ഷ നല്‍കേണ്ടത്‌.

2. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, വില്ലേജ്‌ ഓഫീസില്‍ കരം അടച്ച രസീത്‌ എന്നിവ അപേക്ഷക്കൊപ്പം നല്‍കണം.


3. അപേക്ഷയില്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം.

4. നിശ്ചയിക്കപ്പെട്ടേക്കാവുന്ന വസ്‌തുനികുതി അടയ്‌ക്കണം


5. അപേക്ഷ നല്‍കി പതിനഞ്ചു ദിവസത്തിനുള്ളില്‍ കെട്ടിടത്തിന്‌ നമ്പര്‍ ലഭിക്കുന്നതാണ്‌.

ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മാണം ക്രമവല്‍ക്കരിക്കുന്നത്‌ എങ്ങനെ?

കെട്ടിട നിര്‍മാണം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.


1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്‌ട ഫോറത്തിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌.


2. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, വസ്‌തുവിന്റെ കരം അടച്ച രസീത്‌, പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ പ്ലാനും സൈറ്റ്‌ പ്ലാനും നിശ്ചിത തോതില്‍ തയാറാക്കി ലൈസന്‍സി ഒപ്പിട്ടതിന്റെ പകര്‍പ്പ്‌ എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.


3. അറുപത്‌ ചതുരശ്ര മീറ്ററില്‍ താഴെയുള്ള താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക്‌ സ്വന്തമായി വരച്ച്‌ ഒപ്പിട്ട പ്ലാന്‍ മതിയാകും.


4. അപേക്ഷയോടൊപ്പം അപേക്ഷാഫീസും പരിശോധനയ്‌ക്കുശേഷം ക്രമവല്‍ക്കരണഫീസും അടയ്‌ക്കണം.


5. അപേക്ഷാഫോറത്തിന്‌ പതിനാലു രൂപയും അപേക്ഷ ഫീസ്‌ ഇരുപതു രൂപയും റഗുലറൈസേഷന്‍ ഫീസ്‌ 150 ചതുരശ്ര മീറ്റര്‍വരെ ഒരു ചതുരശ്രമീറ്ററിന്‌ മൂന്നു രൂപയും 150 ചതുരശ്രമീറ്ററിനു മുകളില്‍ ഒരു ചതുരശ്രമീറ്ററിന്‌ ആറുരൂപയും നല്‍കണം.

ഗ്രാമപഞ്ചായത്തില്‍നിന്ന്‌ കെട്ടിട നിര്‍മാണത്തിന്‌ അനുവാദം ലഭിക്കുന്നത്‌ എങ്ങനെ?

അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.
1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്‌ട ഫോറത്തിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌.


2. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, വസ്‌തുവിന്റെ കരം അടച്ച രസീത്‌, വസ്‌തുവിന്റെ കൈവശാനുഭവ സാക്ഷ്യപത്രം, നിര്‍ദിഷ്‌ട കെട്ടിടത്തിന്റെ പ്ലാനും സൈറ്റ്‌ പ്ലാനും നിശ്ചിത തോതില്‍ തയാറാക്കി ലൈസന്‍സി ഒപ്പിട്ടതിന്റെ മൂന്നു പകര്‍പ്പ്‌ എന്നിവ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം.


3. 60 ചതുരശ്ര മീറ്ററില്‍ കുറവുള്ള, താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക്‌ സ്വന്തമായി വരച്ച്‌ ഒപ്പിട്ട പ്ലാന്‍ സമര്‍പ്പിച്ചാല്‍ മതിയാകും.


4. അപേക്ഷയോടൊപ്പം മതിയായ പോസ്റ്റല്‍ സ്റ്റാമ്പ്‌ പതിച്ച വലിപ്പത്തിലുള്ള കവറും സമര്‍പ്പിക്കണം.


5. അപേക്ഷ സര്‍പ്പിക്കുമ്പോള്‍ അപേക്ഷാ ഫീസ്‌ അടയ്‌ക്കണം.


6. സ്ഥലപരിശോധനയ്‌ക്കുശേഷം ഗ്രാമപഞ്ചായത്തില്‍ പെര്‍മിറ്റ്‌ ഫീസ്‌ അടയ്‌ക്കണം.


7. അപേക്ഷ ഫോറത്തിന്‌ 14 രൂപയും അപേക്ഷ ഫീസ്‌ 20 രൂപയുമാണ്‌.


8. പെര്‍മിറ്റ്‌ ഫീസ്‌ 150 ചതുരശ്ര മീറ്റര്‍ വരെ ഒരു ചതുരശ്ര മീറ്ററിന്‌ ഒന്നര രൂപയും 150 ചതുരശ്ര മീറ്ററിനു മുകളില്‍ ഒരു ചതുരശ്ര മീറ്ററിന്‌ മൂന്നു രൂപയുമാണ്‌.


9.അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ കെട്ടിട നിര്‍മാണത്തിന്‌ അനുവാദം ലഭിക്കുന്നതാണ്‌.

ചിരട്ടക്കനല്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് എങ്ങനെ

തുണിത്തരങ്ങള്‍ തേക്കാന്‍ വൈദ്യുതി ഇസ്തിരിപ്പെട്ടി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ മികച്ച രീതിയില്‍ തേക്കുന്നതിന് ചിരട്ടക്കനല്‍ ഉപയോഗിക്കുന്ന പഴയ ഇസ്തിരിപ്പെട്ടിതന്നെയാണ് ഉത്തമം എന്ന് പറയപ്പെടുന്നു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇസ്തിരിയിടല്‍ തൊഴിലായി സ്വീകരിച്ചിട്ടുള്ളവരും ഇതേ പെട്ടിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വീടുകളില്‍ ചിരട്ടക്കനല്‍ ഇട്ട് ഇസ്തിരിപ്പെട്ടി സജ്ജീകരിക്കുന്നത് എങ്ങനെയന്നു നോക്കാം.

1. തേങ്ങ ചുരണ്ടി രണ്ടാഴ്ച് യെങ്കിലും കഴിഞ്ഞ ചിരട്ടയാണ് ഇസ്തിരിക്ക് ഉപയോഗിക്കാന്‍ നല്ലത്. ഇത് അടുപ്പിലോ പുറത്തോ ഇട്ട് കത്തിക്കുക. അടുപ്പിലെ കനലിനു മുകളില്‍ വെച്ചാല്‍ ചിരട്ട പെട്ടെന്ന് കത്തും. ഗ്യാസ് അടുപ്പിനു മുകളില്‍ വെച്ച് തീപിടിപ്പിച്ചശേഷം വലിയ മണ്‍പാത്രത്തിലോ മറ്റോ ഇട്ട് കത്തിക്കാനും സാധിക്കും. ഇസ്തിരിപ്പെട്ടിക്കുള്ളിലിട്ട് ചിരട്ട കത്തിക്കുന്നത് ഒഴിവാക്കുക.

2. ചിരട്ട കത്തിത്തീര്‍ന്നാലുടന്‍ കനല്‍ ഇസ്തിരിപ്പെട്ടിയിലേക്ക് മാറ്റുക. സാധാരണ ഇസ്തിരിപ്പെട്ടിയില്‍ നാലു ചിരട്ടകളുടെ കനല്‍ വരെ നിറയ്ക്കാനാകും.


3. പുക പൂര്‍ണമായും ഒഴിവാക്കുന്നതനായി പെട്ടിയില്‍ ഇട്ടശേഷം ഒന്നുകൂടി ഊതിക്കത്തിക്കുക.


4. തേക്കുന്ന മേശയില്‍ എത്തിച്ചശേഷം ഏതെങ്കിലും ഉപയോഗശൂന്യമായ തുണിയില്‍ ആദ്യം തേച്ച് ചുട് പരിശോഘിക്കുക.

5. തുടര്‍ന്ന് മറ്റു തുണികള്‍ തേക്കുക.



6. തേക്കുന്ന മേശയില്‍വെച്ച് പെട്ടിയുടെ വശത്തെ ദ്വാരങ്ങളിലൂടെ ഊതാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Sunday, March 7, 2010

കടുമാങ്ങ തയാറാക്കുന്നത് എങ്ങനെ?

മദ്യപാനത്തിനുമുതല്‍ സദ്യയ്ക്കുവരെ വ്യാപമായി ഉപയോഗിക്കുന്ന വിഭവങ്ങളിലൊന്നാണ് അച്ചാര്‍.  ഇതില്‍ മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് താഴെ പറയുന്നത്. കോട്ടയം ഭാഗത്ത് ഇത് കടുമാങ്ങാ എന്നും അറിയപ്പെടുന്നു.

ആവശ്യമുള്ള സാധനങ്ങള്‍
പച്ചമാങ്ങ-ആവശ്യത്തിന്
ഉപ്പ്, കടുക്, മഞ്ഞള്‍,ഉലുവ, വെളുത്തുള്ളി, കടുക്, കറിവേപ്പില, മുളക്പൊടി

1. മാങ്ങ ചെറു കഷ്ണങ്ങളായി അരിയുക. പുളി കുടുതലുള്ള മാങ്ങയാണെങ്കില്‍ അരമണിക്കൂറോളം വെള്ളത്തിലിട്ടശേഷം വാരിവയ്ക്കുക.


2.ഉപ്പ്, കടുക്, മഞ്ഞള്‍ എന്നി അരച്ച മിശ്രിതം അരിഞ്ഞ മാങ്ങയില്‍ ചേര്‍ത്ത് നന്നായി തിരുമ്മിവയ്ക്കുക. പന്ത്രണ്ടു മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ ഇത് ഇങ്ങനെ സൂക്ഷിക്കാം.


3. തുടര്‍ന്ന് അല്‍പ്പം ഉലുവാപ്പൊടികൂടി ചേര്‍ത്ത് മാങ്ങ ഇളക്കുക.


4. ചട്ടിയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ആവശ്യത്തിന് മുളകുപൊടിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.

5. വഴറ്റിയ മിശ്രിതത്തിലേക്ക് അരിഞ്ഞുവെച്ച മാങ്ങ ഇട്ട് അര മണിക്കൂറോളം ഇളക്കുക.


6. മാങ്ങ വെന്തു പോകുന്നതിനു മുന്പ് വാങ്ങുക. അപ്പോള്‍ മുതല്‍ ഉപയോഗിക്കാവുന്നതാണ്. ഏതാനും ദിവസം വെച്ചശേഷം ഉപയോഗിച്ചാല്‍ രുചി ഏറും.
---------------------------------
വിവരങ്ങള്‍ക്ക് കടപ്പാട് -മേരിക്കുട്ടി ജോസഫ്

ഗ്രാമപ്പഞ്ചായത്ത്‌ ഓഫസില്‍നിന്ന്‌ വിവാഹസര്‍ട്ടഫിക്കറ്റ്‌ ലഭിക്കുന്നത്‌ എങ്ങനെ?

വിവാഹ സര്‍ട്ടഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.


1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്‌ടഫോറത്തിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌.

2. ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌ത വിവാഹങ്ങളുടെ സര്‍ട്ടഫിക്കറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ.


3. അപേക്ഷ ഫീസ്‌ ഇല്ല


4. അപേക്ഷ നല്‍കി അഞ്ചു പ്രവൃത്തിദിവസത്തിനുള്ളില്‍ സര്‍ട്ടഫിക്കറ്റ്‌ ലഭിക്കുന്നതാണ്‌.


ഗ്രാമപ്പഞ്ചായത്തില്‍ ജനനം/മരണം താമസിച്ച്‌ രജിസ്റ്റര്‍ ചെയ്യുന്നത്‌ എങ്ങനെ?

ഗ്രാമപഞ്ചായത്തില്‍ ജനനം/മരണം താമസിച്ച്‌ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ അപേക്ഷ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.

1. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ താമസിച്ചതിനുള്ള കാരണം അതില്‍ വ്യക്തമാക്കിയിരിക്കണം.


2. അപേക്ഷന്‍ ഗസറ്റഡ്‌ ഓഫീസറുടെ സാന്നിധ്യത്തില്‍ ഒപ്പിച്ച സത്യവാങ്‌മൂലം, ജനന/മരണ റിപ്പോര്‍ട്ടിന്റെ രണ്ടു പകര്‍പ്പുകള്‍, ജനനം/മരണം രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന സര്‍ട്ടഫിക്കറ്റ്‌, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം എന്നിവ അപേക്ഷക്കൊപ്പം ഹാജരാക്കണം.


3.മുപ്പതു ദിവസത്തിനുമേല്‍ ഒരു വര്‍ഷം വരെ അഞ്ചു രൂപയും ഒരു വര്‍ഷത്തിനുമേല്‍ വൈകിയ രജിസ്‌ട്രേഷന്‌ പത്തു രൂപയുമാണ്‌ ഫീസ്‌.


4. മുപ്പതു ദിവസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയ അപേക്ഷകളില്‍ ജില്ലാ ജനനമരണ രജിസ്‌ട്രാറില്‍നിന്ന്‌ അനുമതി കിട്ടുന്ന മുറയ്‌ക്കാണ്‌ സര്‍ട്ടഫിക്കറ്റ്‌ നല്‍കുന്നത്‌.

5. ഒരു വര്‍ഷത്തിനുമേല്‍ വൈകിയ അപേക്ഷകളില്‍ ജില്ലാ സബ്‌ഡിവിഷനണല്‍ മജിസ്‌ട്രേറ്റില്‍നിന്ന്‌ അനുവാദം കിട്ടുന്ന മുറയ്‌ക്കാണ്‌ സര്‍ട്ടഫിക്കറ്റ്‌ നല്‍കുന്നത്‌.

ജനനം/മരണം ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്‌ കിട്ടുന്നത്‌ എങ്ങനെ?

ഗ്രാമപഞ്ചായത്തില്‍ ജനനമോ മരണമോ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്ന്‌ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനുവേണ്ടി പഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ അപേക്ഷ നല്‍കേണ്ടത്‌. ഇവിടെ നല്‍കിയിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.

1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ പതിച്ച നിര്‍ദിഷ്‌ട മാതൃകയിലുള്ള അപേക്ഷയാണ്‌ ഇതിനായി ഉപയോഗിക്കേണ്ടത്‌.

2. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്‌, എസ്‌.എസ്‌.എല്‍.സി ബുക്കിന്റെ പകര്‍പ്പ്‌, മാതാപിതാക്കളുടെ വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.


3. തെരച്ചില്‍ ഫീസ്‌ ഒരു വര്‍ഷത്തേക്ക്‌ രണ്ടു രൂപയും സര്‍ട്ടിഫിക്കറ്റ്‌ ഫീസ്‌ അഞ്ചു രൂപയും അടയ്‌ക്കണം


4. അപേക്ഷ നല്‍കി അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടഫിക്കറ്റ്‌ ലഭിക്കുന്നതാണ്‌.

ഗ്രാമപഞ്ചായത്തില്‍നിന്ന്‌ ജനന/മരണ സര്‍ട്ടഫിക്കറ്റുകള്‍ കിട്ടുന്നത്‌ എങ്ങനെ?


ജനന/മരണ സര്‍ട്ടഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ജനനങ്ങളുടെയും മരണങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ലഭിക്കൂ. ഇതിലെ വ്യവസ്ഥകള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.


1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്‌ട മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം.

2. അപേക്ഷകന്റെ പേരിലുള്ള പത്തു രൂപയുടെ മുദ്രപ്പത്രം ഇതോടൊപ്പം നല്‍കണം.


3. തെരച്ചില്‍ ഫീസ്‌ ഒരു വര്‍ഷത്തേക്ക്‌ രണ്ടു രൂപയും പകര്‍ത്തല്‍ ഫീസ്‌ അഞ്ചു രൂപയും ഫോറത്തിന്റെ വില മൂന്നു രൂപയും നല്‍കണം.


4. അപേക്ഷ സമര്‍പ്പിച്ച്‌ അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതാണ്‌.

ചായ(പാല്‍പ്പൊടിയിട്ടത്) തയാറാക്കുന്നത് എങ്ങനെ?

ശുദ്ധമായ പാല്‍ എല്ലായ്പോഴും കിട്ടാത്തതുകൊണ്ട് പല ആളുകളും പാല്‍പൊടി ഉപയോഗിച്ചാണ് ചായ തയാറാക്കുന്നത്. ഇത് തയാറാക്കുന്ന രീതി ചുവടെ.


1. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളമെടുത്ത് തിളപ്പിക്കുക.


2. വെള്ളം തിളച്ചുവരുന്പോള്‍ ചായപ്പൊടിയിട്ട് ഇളക്കുക.


3. ചായപ്പൊടി വെള്ളത്തില്‍ കലര്‍ന്നാലുടന്‍ ആവശ്യത്തിന് പാല്‍പ്പൊടി ചേര്‍ത്തിളക്കി അടുപ്പ് ഓഫ് ചെയ്യുകയോ ചായ അടുപ്പത്തുനിന്ന് മാറ്റിവയ്ക്കുകയോ ചെയ്യുക.


4. പൊടി തങ്ങാന്‍ കുറച്ചു സമയം അനുവദിക്കുക.


5. പഞ്ചസാര ചേര്‍ത്ത് ഇളക്കിയശേഷം അരിച്ച് ഗ്ലാസുകളിലേക്ക് പകര്‍ന്ന് കുടിക്കാം.


6. നേരിട്ട് ഗ്ലാസുകളിലേക്ക് പകര്‍ന്നശേഷം ആവശ്യത്തിന് പഞ്ചസാര ചേര്‍ത്താലും മതിയാകും.

അഖിലകേരളാ ക്ലബ് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് നടത്തുന്നത് എങ്ങനെ?

കേരള ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്‍റെ ഏതെങ്കിലും ജില്ലാ ഘടകത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്ലബുകള്‍ക്കോ ടീമുകള്‍ക്കോ മാത്രമാണ് ഔദ്യോഗികമായി അഖിലകേരളാ ടൂര്‍ണമെന്‍റ് നടത്താന്‍ കഴിയുക.അതിന് ചെയ്യേണ്ട അടിസ്ഥാന ക്രമീകരണങ്ങള്‍:

1. ടൂര്‍ണമെന്‍റ് നടത്താന്‍ സൗകര്യപ്രദമായ ഷെഡ്യൂള്‍ നിശ്ചയിക്കുക. പ്രധാന ടീമുകള്‍ക്ക് അസൗകര്യമില്ലാത്ത സമയമായിരിക്കണം ഇത്.


2. ഈ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള അപേക്ഷ കേരളാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സമര്‍പ്പിച്ച് അനുമതി വാങ്ങുക. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട ജില്ലാ അസോസിയേഷനും നല്‍കുക.


3. അപേക്ഷയ്ക്കൊപ്പം നിശ്ചിത തുകയും നല്‍കേണ്ടതുണ്ട്.


4. ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ടീമുകളെ ഒന്നര മാസം മുന്പെങ്കിലും രേഖാമൂലം ക്ഷണിക്കുക.


5. മത്സരത്തിന്‍റെ വിശദാംശങ്ങളും നിബന്ധനകളും ക്ഷണപത്രത്തിനൊപ്പം നല്‍കുക.


6. കഴിയുമെങ്കില്‍ ടീമുകളുടെ സമ്മതപത്രം രേഖാമൂലം വാങ്ങുക.ഏതെങ്കിലും ടീം മത്സരത്തിന്എത്താതിരുന്നാല്‍ അസോയിഷനില്‍ പരാതി നല്‍കണമെങ്കില്‍ ഈ സമ്മതപത്രം അനിവാര്യമാണ്.


7. ടൂര്‍ണമെന്‍റിനു മുന്പുതന്നെ ടീമംഗങ്ങളുടെ ലിസ്റ്റ് വാങ്ങുക.

8. മത്സര വേദിയില്‍ ആവശ്യമായ ഇരിപ്പിട ക്രമീകരണങ്ങളും മറ്റും ഏര്‍പ്പെടുത്തുക.


9. മത്സരച്ചെലവിനുള്ള പണം സ്പോണ്‍സര്‍ഷിപ്പ്, സംഭാവന, പരസ്യം, പാസ് വില്‍പ്പന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമാഹരിക്കാം.


10. മത്സരം നിയന്ത്രിക്കുന്നതിനുള്ള റഫറിമാരെ ക്ഷണിക്കുക. ഒരു മത്സരത്തിന് മൂന്നു റഫറിമാര്‍ ഉണ്ടാവണമെന്നാണ് പുതിയ നിയമം. എങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതിയില്ലാത്ത മത്സരങ്ങളില്‍ രണ്ടു റഫറിമാര്‍ മതിയാകും.


11. ബന്ധപ്പെട്ട അധികൃതരില്‍നിന്ന് ആവശ്യമായ അനുമതികള്‍(മൈക്ക് ഉപയോഗിക്കുന്നതിനും മറ്റും) വാങ്ങുക.


12. ടീമുകളുടെ താമസത്തിനും ആവശ്യമെങ്കില്‍ യത്രയ്ക്കും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുക.


13. ഓരോ മത്സരത്തിനും മുന്നോടിയായി ടീമംഗങ്ങളുടെയും മത്സരം നിയന്ത്രിക്കുന്നവരുടെയും പേരുവിവരം അനൗണ്‍സ് ചെയ്യുക.


14. മത്സരത്തിന്റെ ഇടവേളയില്‍ സ്കോര്‍ നില അനൗണ്‍സ് ചെയ്യുക.


15. മത്സരം കഴിഞ്ഞാലുടന്‍തന്നെ ഫലവും ടോപ് സ്കോററെയും പ്രഖ്യാപിക്കുക.




യൂട്യൂബില്‍നിന്ന്‌ വീഡിയോ ഡൗണ്‍ലോഡ്‌ ചെയ്യുന്നത്‌ എങ്ങനെ?

യൂട്യൂബില്‍നിന്ന് വീഡിയോ സേവ്‌ ചെയ്‌ത്‌ സൂക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. http://www.youtubecatcher.com/  ആണ് ഇതില്‍ ഒന്ന്.  പല വെബ് സൈറ്റുകളിലും സമാനമായ രീതിയിലാണ് യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. യൂട്യൂബ് ക്യാച്ചറിലെ ഡൗണ്‍ ലോഡിംഗ് രീതി ചുവടെ.


1. ഡൗണ്‍ലോഡ് ചെയ്യേണ്ട യൂട്യൂബ് വിഡിയോയുടെ യു.ആര്‍.എല്‍ ആ പേജില്‍നിന്ന് കോപ്പി ചെയ്യുക. ഉദാഹരണത്തിന് ചിത്രത്തില്‍ കാണുന്ന യുട്യൂബ് വീഡിയോയുടെ യു.ആര്‍.എല്‍ മഞ്ഞ നിറത്തില്‍ മാര്‍ക്കു ചെയ്തിരിക്കുന്ന ബോക്സില്‍നിന്നാണ് കോപ്പി ചെയ്യേണ്ടത്.





2. തുടര്‍ന്ന് http://www.youtubecatcher.com/ എന്ന വെബ് സൈറ്റ് എടുക്കുക. യൂട്യൂബില്‍നിന്ന് കോപ്പി ചെയ്ത് യു.ആര്‍.എല്‍ ഈ സൈറ്റില്‍ Enter the URL of the page that contains the video to download (മഞ്ഞനിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു) എന്ന് എഴുതിയിരിക്കുന്നതിന് താഴെയുള്ള കോളത്തില്‍ പേസ്റ്റ് ചെയ്യുക.




3. തുടര്‍ന്ന് ഡൗണ്‍ലോഡ് വീഡിയോ എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തെളിയുന്ന പേജില്‍ Right-Click Here to Download Your Video (FLV format) എന്ന് എഴുതിയിരിക്കുന്നിടത്ത് മൗസ് റൈറ്റ്ക്ലിക്ക് ചെയ്ത് Save Taget as സെലക്ട് ചെയ്ത് ഇഷ്ടമുള്ള പേരുനല്‍കി എതെങ്കിലും ഫോള്‍ഡറിലേക്ക് ഫയല്‍ സേവ് ചെയ്യാം.


4. സാധാരണയായി എഫ്.എല്‍.വി ഫോര്‍മാറ്റിലാണ് ഫയല്‍ സേവ് ചെയ്യപ്പെടുക. എഫ്.എല്‍.വി പ്ലേയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ വീഡിയോ ഏതു സമയത്തും അനായാസം കാണാവുന്നതാണ്. എഫ്.എല്‍.വി പ്ലേയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പല വെബ് സൈറ്റുകളുമുണ്ട്.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls