Wednesday, March 3, 2010

ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ സ്കോര്‍ കാര്‍ഡ് തയാറാക്കുന്നത് എങ്ങനെ?

കളിയുടെ ഗതിവിഗതികള്‍ പൂര്‍ണമായും വ്യക്തമാക്കുന്നു എന്നതുകൊണ്ടാണ് ക്രിക്കറ്റ് സ്കോര്‍ കാര്‍ഡ് മറ്റു കായിക ഇനങ്ങളുടേതില്‍നിന്ന് വേറിട്ടു നില്‍ക്കുന്നത്. ബാറ്റിംഗിന്‍റെയും ബൗളിംഗിന്‍റെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്കോര്‍ബോര്‍ഡ് തന്നെയാണ് പത്രങ്ങളും പ്രസിദ്ധീകരിക്കാറുള്ളത്. ചില പത്രങ്ങള്‍ സ്ഥലം ലാഭിക്കുന്നതിനുവേണ്ടി ബാറ്റ്സ് മാന്‍മാരുടെ സ്ട്രൈക്ക് റേറ്റും ബാറ്റ് ചെയ്ത സമയവും ബൗളര്‍മാരുടെ ഇക്കണോമി റേറ്റും മറ്റും ഒഴിവാക്കാറുണ്ട്. ഏകദിന മത്സരത്തിന്‍റെ സ്കോര്‍ കാര്‍ഡ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം


1. മത്സരം കഴിഞ്ഞുവെങ്കില്‍ രണ്ടു ടീമുകളുടെയും ആകെ സ്കോര്‍ ആയിരിക്കും സ്കോര്‍ കാര്‍ഡില്‍ ആദ്യം ഇടതു വശത്തായി എഴുതുക.

2. തുടര്‍ന്ന് അതിനു നേരെ വലതുവശത്ത് ഏതു പരന്പരയിലെ ഏതു മത്സരം, സീസണ്‍, മത്സരം നടന്ന വേദി, തീയതി, മത്സരത്തിന്‍റെ സ്വഭാവം(രാത്രി/പകല്‍/രണ്ടുംകൂടി), ആകെ ഓവറുകളുടെ എണ്ണം എന്ന ക്രമത്തില്‍ എഴുതും.

3. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്‍റെ ബാറ്റിംഗിന്‍റെ വിശദാംശങ്ങളാണ് സ്കോര്‍കാര്‍ഡില്‍ തുടര്‍ന്നുവരുന്നത് ഇതില്‍തന്നെ ഓരോ ബാറ്റ്സ്മാനും പുറത്തായതിനു പിന്നില്‍ പങ്കുള്ള ബൗളറുടെയും ഫീല്‍ഡറുടെയും പേരുമുണ്ടാകും.

4. ബാറ്റ്സ്മാന്‍, ഔട്ടായ വിധം(ഔട്ടായിട്ടില്ലെങ്കില്‍ നോട്ടൗട്ട് എന്നെഴുതും), എടുത്ത റണ്‍സ്, ബാറ്റ് ചെയ്ത സമയം, നേരിട്ട പന്തുകളുടെ എണ്ണം, അടിച്ച ഫോറുകള്‍, സിക്സറുകള്‍, സ്ട്രൈക്ക് റേറ്റ് എന്ന ക്രമത്തിലാണ് എഴുതുക.
http://www.cricinfo.com/ പ്രസിദ്ധീകരിച്ച 2009 ഡിസംബര്‍ 21ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന മത്സരത്തിന്‍റെ സ്കോര്‍ കാര്‍ഡിന്‍റെ ആദ്യഭാഗം ചുവടെ ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. സ്ക്രീന്‍ ഷോട്ടില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വലിപ്പത്തില്‍ കാണാം.



5. താരങ്ങളുടെ മുഴുവന്‍ പേര് ചേര്‍ക്കാന്‍ സ്ഥലപരിമിതി അനുവദിക്കാത്തതിനാല്‍ പേരിന്‍റെ ഏതെങ്കിലും ഒരു ഭാഗമായിരിക്കും സ്കോര്‍ കാര്‍ഡില്‍ ഉപയോഗിക്കുക. ഉദാഹരണത്തിന് ഈ സ്കോര്‍ കാര്‍ഡില്‍ ശ്രീലങ്കയുടെ ആദ്യ ബാറ്റ്സ്മാന്‍ അഥവാ ഓപ്പണര്‍മാരില്‍ ഒരാള്‍ ഉപുല്‍ തരംഗയാണ്. വരുഷവിതന ഉപുല്‍ തരംഗ എന്ന പേര് പൂര്‍ണമായും ചേര്‍ക്കുന്നതിനു പകരം ആദ്യ രണ്ടു പേരുകള്‍ അക്ഷരങ്ങളിലൊതുക്കി ഡബ്ല്യൂ. യു. തരംഗ എന്ന് എഴുതിയിരിക്കുന്നു.



6.ഡബ്ല്യൂ. യു. തരംഗ ബി ജഡേജ എന്ന് എഴുതിയിരിക്കുന്നതിന് തരംഗയെ ഇന്ത്യന്‍ ബൗളര്‍ രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ ചെയ്തിരിക്കുന്നു എന്ന് അര്‍ത്ഥം. തുടര്‍ന്ന് അതിനു നേരെ തരംഗ എടുത്ത റണ്‍സ് (സ്കോര്‍ കാര്‍ഡില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ആര്‍ എന്ന അക്ഷരത്തിനു താഴെയായി) 73 എന്നും ബാറ്റ് ചെയ്ത സമയം (മിനിറ്റില്‍/എം എന്ന അക്ഷരത്തിനു താഴെ)110 എന്നും നേരിട്ട പന്തുകളുടെ എണ്ണം(ബി എന്ന അക്ഷരത്തിനു താഴെയായി)81 എന്നും ഫോറുകളുടെ എണ്ണം(4എസ്) 6 എന്നും സിക്സറുകളുടെ എണ്ണം(6എസ്) 1 എന്നും സ്ട്രൈക്ക് റേറ്റ്(എസ്.ആര്‍) 90.1 എന്നും എഴുതിയിരിക്കുന്നു.

7. ഓരോ ബാറ്റ്സ്മാന്‍റെയും ബാറ്റിംഗ് രീതിയും പുറത്താകുന്ന വിധവുമൊക്കെ അനുസരിച്ച് സ്കോര്‍ കാര്‍ഡ് എഴുതുന്നതില്‍ വ്യത്യാസമുണ്ടാകും. നെഹ്റയുടെ പന്തില്‍ കാര്‍ത്തിക് ക്യാച്ചെടുത്താണ് ദില്‍ഷന്‍ ഈ കളിയില്‍ പുറത്തായത്. അതുകൊണ്ടാണ് ഈ കാര്‍ഡില്‍ ദില്‍ഷന്‍ സി കാര്‍ത്തിക്ക് ബി നെഹ്റ എന്ന് എഴുതിയിരിക്കുന്നത്.

8. അടുത്ത വരിയില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സങ്കക്കാരയുടെ സ്കോറാണ്. ടീം ക്യാപ്റ്റനാണെന്ന് വ്യക്തമാക്കാനാണ് പേരിനൊപ്പം † എന്ന അടയാളം ചേര്‍ത്തിരിക്കുന്നത്. ധോണിയുടെ അഭാവത്തില്‍ താല്‍ക്കാലിക നായകനായ ദിനേശ് കാര്‍ത്തിക്കിന്‍റെ പേരിനു നേരെയും ഈ അടയാളം കാണാം.
Sangakkara*† st †Karthik b Sehwag എന്നാല്‍ സെവാഗിന്‍റെ പന്തില്‍ കാര്‍ത്തിക്ക് സ്റ്റംപ് ചെയ്ത് സങ്കക്കാരയെ പുറത്താക്കി എന്നാണ്.


9. കുലശേഖര എല്‍ബിഡബ്ല്യൂ ജഡേജ എന്നാല്‍ ജഡേജയുടെ പന്തില്‍ കുലശേഖര വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായി എന്നാണ്.

10. ഇതേ മത്സരത്തിന്‍റെ സ്കോര്‍ കാര്‍ഡില്‍ ഇന്ത്യയുടെ ബാറ്റിംഗ് പരിശോധിച്ചാല്‍ ഗംഭീര്‍ സി ആന്‍റ് ബി രണ്‍ദിവ് എന്നു കാണാം. രണ്‍ദീവിനെ ഗംഭീര്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി എന്നാണ് ഇതിന്‍റെ അര്‍ത്ഥം.

11.ഏതെങ്കിലും ബാറ്റ്സ്മാന്‍റെ പേരിനു നേരെ നോട്ടൗട്ട് എന്നെഴുതിയാല്‍ അയാള്‍ പുറത്താകാതെ നില്‍ക്കുന്നു എന്നര്‍ത്ഥം.


12. ബാറ്റ് ചെയ്യാത്തവരുടെ പേരും ചിലപ്പോര്‍ കാര്‍ഡില്‍ കൊടുക്കാറുണ്ട്. ഈ സ്കോര്‍ കാര്‍ഡില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ പേരു കൊടുത്തിരിക്കുന്നത് ഉദാഹരണം.

13. ബാറ്റ്സ്മാന്‍മാരുടെ പ്രകടനം കാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചശേഷം എക്സ്ട്രാ റണ്ണുകള്‍ എത്രയെന്ന് എഴുതുക.ഈ കാര്‍ഡില്‍ Extras 9 എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

14. തുടര്‍ന്ന് ആകെ റണ്‍സും ഓവറും ശരാശരിയും എഴുതുക. ഇവിടെ ശ്രീലങ്കയ്ക്ക് ആകെ 239 റണ്‍സ് എന്നും ബ്രാക്കറ്റില്‍ 190 മിനിറ്റില്‍ 44.2 ഓവറില്‍ എല്ലാവരും പുറത്തായി എന്നും എഴുതിയിരിക്കുന്നു. ആകെ സ്കോര്‍ കഴിഞ്ഞ് ഒരോവറില്‍ 5.39 ആണ് ശരാശരിയെന്നും എഴുതിയിരിക്കുന്നു.

15. തുടര്‍ന്ന് വിക്കറ്റ് വീഴ്ച്ചയാണ് എഴുതേണ്ടത്. 1-65 (Dilshan, 6.2 ov), 2-165 (Sangakkara, 22.3 ov), 3-169 (Tharanga, 24.4 ov)...എന്നിങ്ങനെ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം 65 റണ്‍സ് എടുത്തപ്പോള്‍ ആദ്യവിക്കറ്റ് പോയി 6.2 ഓവറായപ്പോഴായിരുന്നു അത്, 22.3 ഓവറില്‍ 165ലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് പോയി എന്നിങ്ങനെയാണ്.



16. തുടര്‍ന്ന് എതിര്‍ ടീമിലെ ബൗളര്‍മാരുടെ പ്രകടനം എഴുതുക. ബൗളര്‍, എറിഞ്ഞ ഓവറുകള്‍(O), മെയ്ഡന്‍ (M), റണ്‍സ് (R)വിക്കറ്റ്(W), ശരാശരി (Econ) എന്ന ക്രമത്തിലാണ് ഇത് എഴുതുന്നത്. സാധാരണയായി തലക്കെട്ടില്ലാതെയാണ് പത്രങ്ങള്‍ ബൗളിംഗ് വിവരം നല്‍കുക. ഈ കാര്‍ഡില്‍നിന്നും സഹീര്‍ ഖാന്‍റെ ബൗളിംഗ്
Z Khan 7 0 49 0 7.00 ഇങ്ങനെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ ഏഴ് ഓവറുകളില്‍ ശരാശരി ഏഴു റണ്‍സ് വീതം മെയ്ഡനൊന്നുമില്ലാതെ 49 റണ്‍സ് വഴങ്ങിയ സഹീര്‍ ഖാന് വിക്കറ്റൊന്നും നേടാനായില്ല എന്ന് മനസ്സിലാക്കാം.

ഇതേ ക്രമത്തിലാണ് എതിര്‍ ടീമിന്‍റെയും സ്കോര്‍ ഏഴുതേണ്ടത്.

2 comments:

. said...
This comment has been removed by the author.
. said...

ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ സ്കോര്‍ കാര്‍ഡ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls